ശബരിമലയില്‍ പൊലീസുകാര്‍ക്കുള്ള നിര്‍ദേശം ദുരുദ്ദേശപരം; കെ സുരേന്ദ്രന്‍

1 min read

തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന സീസണ് മുന്നോടിയായി പൊലീസുകാര്‍ക്ക് നല്‍കിയ പൊതു നിര്‍ദ്ദേശങ്ങളില്‍ സര്‍ക്കാരിന് മുന്നറിയിപ്പുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ . സുപ്രീം കോടതി വിധി പ്രകാരം എല്ലാ തീര്‍ത്ഥാടകര്‍ക്കും ശബരിമലയിലേക്ക് തീര്‍ത്ഥാടനം അനുവദിച്ചിട്ടുണ്ടെന്ന നിര്‍ദ്ദേശത്തിനോടാണ് എതിര്‍പ്പ്.

വിശ്വാസികള്‍ ഒരിക്കല്‍ തിരുത്തിച്ചതാണെന്നും വീണ്ടും അവിവേകത്തിന് മുതിര്‍ന്നാല്‍ പഴയതൊന്നും ഓര്‍മ്മിപ്പിക്കരുതെന്നും പറഞ്ഞണ് കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് കുറിപ്പ്. ശബരിമലയില്‍ എല്ലാം തീര്‍ത്ഥാടകര്‍ക്കും പ്രവേശനം ഉണ്ടെന്ന് പൊലീസുകാര്‍ക്ക് നല്‍കിയ നിര്‍ദ്ദേശത്തിന് എതിരെയാണ് ബിജെപി രംഗത്ത് വന്നിട്ടുള്ളത്. ഡ്യൂട്ടിയില്‍ ഉള്ള പൊലീസുകാര്‍ എല്ലാം ആചാരങ്ങള്‍ പാലിക്കണം എന്നും നിര്‍ദേശത്തില്‍ പറയുന്നുണ്ട്.

ശബരിമലയില്‍ പൊലീസിന് നല്‍കിയ വിവാദ നിര്‍ദേശം കൊണ്ട് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത് എന്താണെങ്കിലും, അത് മുളയിലെ നുള്ളുന്നതാണ് നല്ലതെന്നും കെ സുരേന്ദ്രന്‍ കൊച്ചിയില്‍ പറഞ്ഞു. ശബരിമലയില്‍ വിവിധയിടങ്ങളില്‍ ജോലി ചെയ്യുന്ന പൊലീസുകാര്‍ക്കായാണ് നിര്‍ദേശങ്ങള്‍ അടങ്ങിയ കൈപ്പുസ്തകം നല്‍കിയിട്ടുള്ളത്. സുപ്രീം കോടതിയുടെ വിധി ന്യായ പ്രകാരം എല്ലാ തീര്‍ത്ഥാടകര്‍ക്കും ശബരിമലയിലേക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ടെന്ന് ഇതിലെ ഒന്നാമത്തെ നിര്‍ദേശമായാണ് നല്‍കിയിരിക്കുന്നത്.

അതേസമയം, മണ്ഡലകാല ഉത്സവത്തോടനുബന്ധിച്ച് ശബരിമല സന്നിധാനത്തിന്റെ സുരക്ഷാ ചുമതലയുള്ള കേരള പൊലീസിന്റെ ആദ്യസംഘം ചുമതലയേറ്റിരുന്നു. ശബരിമല സ്‌പെഷ്യല്‍ ഓഫീസര്‍ ബി. കൃഷ്ണകുമാര്‍, അസിസ്റ്റന്റ് സ്‌പെഷ്യല്‍ ഓഫീസര്‍ ആര്‍. വിനോദ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് സന്നിധാനത്ത് പൊലീസ് സേന സേവനം അനുഷ്ഠിക്കുക. സന്നിധാനത്തും പരിസരത്തുമായി 1250 പൊലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്.

980 സിവില്‍ പൊലീസ് ഓഫീസര്‍മാര്‍, എസ്പി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥന്‍, 12 ഡിവൈഎസ്പിമാര്‍, 110 എസ്‌ഐ/എഎസ്‌ഐമാര്‍, 30 സിഐമാര്‍ എന്നിവരടങ്ങിയ സംഘമാണ് സുരക്ഷാചുമതലയേറ്റത്. കേരള പൊലീസിന്റെ കമാന്‍ഡോ വിഭാഗം, സ്‌പെഷ്യല്‍ ബ്രാഞ്ച്, ടെലി കമ്യൂണിക്കേഷന്‍ വിഭാഗം, ബോംബ് ഡിറ്റക്ഷന്‍ സ്‌ക്വാഡ് തുടങ്ങിയ വിഭാഗങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥരെ വിവിധ സ്ഥലങ്ങളില്‍ നിയോഗിച്ചിട്ടുണ്ട്.

തീര്‍ഥാടകരുടെ തിരക്ക് കൂടുന്നതനുസരിച്ച് വരും ദിവസങ്ങളില്‍ ഡ്യൂട്ടിക്കെത്തുന്ന പൊലീസുകാരുടെ എണ്ണത്തിലും വര്‍ധനയുണ്ടാകും. ഇതിനെല്ലാം പുറമേ സുരക്ഷാനിരീക്ഷണത്തിന്റെ ഭാഗമായി സന്നിധാനത്തും പമ്പയിലും നിലയ്ക്കലും സിസിടിവി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. സന്നിധാനം, നിലയ്ക്കല്‍, വടശ്ശേരിക്കര എന്നിവിടങ്ങളില്‍ താത്കാലിക പൊലീസ് സ്റ്റേഷനും തുറന്നിട്ടുണ്ട്. കൂടാതെ നിലയ്ക്കല്‍, പമ്പ മേഖലകളുടെ മേല്‍നോട്ടത്തിന് എസ്പി റാങ്കുള്ള പ്രത്യേക ഉദ്യോഗസ്ഥരെയും നിയോഗിച്ചു. നിലയ്ക്കല്‍ മേഖലുടെ പ്രത്യേക ചുമതല എം. ഹേമലതയ്ക്കും പമ്പ മേഖലയുടെ ചുമതല എസ്. മധുസൂദനനുമാണ്.

Related posts:

Leave a Reply

Your email address will not be published.