എകെജി സെന്റര്‍ ആക്രമണം; യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് കസ്റ്റഡിയില്‍
1 min readതിരുവനന്തപുരം: എകെജി സെന്ററിന് നേരെ സ്ഫോടക വസ്തു എറിഞ്ഞ സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് കസ്റ്റഡിയില്‍. തിരുവനന്തപുരം മണ്‍വിള സ്വദേശി ജിതിനെ ക്രൈംബ്രാഞ്ച് ആണ് കസ്റ്റഡിയിലെടുത്തത്. യൂത്ത്കോൺഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്റാണ് ജിതിൻ. ജിതിനാണ് സ്ഫോടക വസ്തു എറിഞ്ഞതെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി.
സംഭവം നടന്ന് രണ്ട് മാസങ്ങൾക്ക് ശേഷമാണ് കേസിലെ പ്രതിയെ അന്വേഷണ സംഘം പിടികൂടുന്നത്. ഇയാളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നാണ് സൂചന. കവടിയാറിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ വച്ച് ഇയാളെ ചോദ്യം ചെയ്യുകയാണ്.
ജൂണ്‍ 30നാണ് എ.കെ.ജി സെന്ററിനു നേരെ ആക്രമണം ഉണ്ടായത്. എന്നാല്‍ ബോംബല്ല, പടക്കം പോലുള്ള വസ്തുവാണ് എ.കെ.ജി സെന്ററിന് നേരെയെറിഞ്ഞതെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കിയിരുന്നു. പ്രാഥമിക അന്വേഷണത്തിലാണ് പടക്കം പോലുള്ള വസ്തുവാണെന്ന് മനസിലായത്.
കുന്നുകുഴി ഭാഗത്ത് നിന്ന് ബൈക്കിലെത്തിയ ആളാണ് പടക്കം എറിഞ്ഞതെന്ന് സി.സി.ടി.വി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. വാഹനം നിര്‍ത്തിയ ശേഷം കൈയിലുണ്ടായിരുന്ന ബാഗില്‍ നിന്ന് സ്ഫോടക വസ്തു എടുത്തെറിയുന്നത് ദൃശ്യത്തിലുണ്ട്. എറിഞ്ഞ ശേഷം തിരിച്ച് തിരിച്ച് കുന്നുകുഴി ഭാഗത്തേക്ക് വാഹനം ഓടിച്ച് പോവുകയും ചെയ്തു.