എ.കെ.ജി സെന്റർ ആക്രമണക്കേസ്; ജിതിൻ ഉപയോഗിച്ച ഡിയോ സ്കൂട്ടർ കണ്ടെത്തി
1 min readതിരുവനന്തപുരം: എ.കെ.ജി സെന്റർ ആക്രമണകേസിൽ പ്രതി ജിതിൻ ഉപയോഗിച്ച ഡിയോ സ്കൂട്ടർ കണ്ടെത്തി. കഴക്കൂട്ടത്ത് നിന്നാണ് സ്കൂട്ടർ കണ്ടെത്തിയത്. സ്കൂട്ടർ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് മാറ്റി. കഴക്കൂട്ടത്ത് നിന്നാണ് സ്കൂട്ടർ കണ്ടെത്തിയതെന്നാണ് റിപ്പോർട്ട്.
എ.കെ.ജി സെന്റർ ആക്രമണ കേസിലെ പ്രതിയായ ജിതിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി- മൂന്ന് ആണ് ഹരജി തള്ളിയത്.പ്രതി കരുതിക്കൂട്ടിയുള്ള കൃത്യമാണ് ചെയ്തതെന്നും എ.കെ.ജി സെന്ററിലേക്ക് ജിതിൻ എറിഞ്ഞത് ബോംബ് തന്നെയാണെന്നും പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കിയിരുന്നു. രാജ്യത്ത് നിരോധിച്ച പൊട്ടാസ്യം ക്ലോറൈറ്റിന്റെ സാന്നിധ്യം ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.
ജിതിൻ ഏഴു കേസുകളിൽ പ്രതിയാണ്. നിരോധിത വസ്തു ഉപയോഗിച്ച് ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ ഓഫീസിലേക്ക് ആക്രമണം നടത്തുക, അതിലൂടെ കലാപമുണ്ടാക്കാന്‍ ശ്രമിക്കുക എന്നീ ഗുരുതര കുറ്റകൃത്യങ്ങളാണ് പ്രതി ചെയ്തിരിക്കുന്നതെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. അതിനാല്‍ ജാമ്യം നല്‍കരുത് എന്നാണ് പ്രോസിക്യൂഷന് വാദിച്ചത്.
എന്നാൽ കേസ് രാഷ്ട്രീയ നാടകമാണെന്ന നിലപാട് ആവർത്തിച്ച പ്രതിഭാഗം, ഉപാധികളോട് ജാമ്യം നല്‍കണം എന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ കോടതി ഈ ആവശ്യം തള്ളുകയായിരുന്നു. ഒക്ടോബര്‍ നാല് വരെയാണ് ജിതിനെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്.