ചോര്‍ന്ന വിവരങ്ങള്‍ തിരിച്ചെടുത്തുവെന്ന് എയിംസ്
1 min readഹാക്ക് ചെയ്യപ്പെട്ട സെര്‍വറിലെ വിവരങ്ങള്‍ ഏഴു ദിവസത്തിനു ശേഷം കുറച്ച് വീണ്ടെടുത്തുവെന്ന് എയിംസ്. ദില്ലിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ (എയിംസ്) സെര്‍വര്‍ ഹാക്ക് ചെയ്യപ്പെട്ടത് വലിയ വാര്‍ത്തയായിരുന്നു. നഷ്ടമായ ഡാറ്റയില്‍ നിന്ന് കുറച്ച് വീണ്ടെടുത്തുവെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. ഡാറ്റ, നെറ്റ് വര്‍ക്കിലാക്കാന്‍ ഇനിയും സമയമെടുക്കുമെന്നാണ് വിവരം. അതുകൊണ്ട് ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാന്‍ ഇനിയും വൈകും.
നിലവില്‍ ഒ.പി. വിഭാഗങ്ങള്‍, സാംപിള്‍ ശേഖരണം ഇവയെല്ലാം ജീവനക്കാര്‍ നേരിട്ടാണ് ചെയ്യുന്നത്. രാജ്യത്തെ പ്രധാനപ്പെട്ട ആശുപത്രിയായ എയിംസില്‍ പ്രതിവര്‍ഷം 38 ലക്ഷം രോഗികളാണ് എത്തുന്നത്. കിടത്തി ചികിത്സിക്കുന്നവരുടെയും ആശുപത്രിയില്‍ എത്തി ചികിത്സിക്കുന്നവരുടെയും രേഖകള്‍ ഉള്‍പ്പെടെയാണ് നിലവില്‍ ഹാക്കര്‍മാര്‍ ചോര്‍ത്തിയിരിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ഉള്‍പ്പടെയുള്ള കോടിക്കണക്കിന് ആളുകളുടെ വിവരങ്ങള്‍ ചോര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട് . കഴിഞ്ഞ ദിവസം നടന്ന സൈബര്‍ അറ്റാക്കില്‍ ചൈനീസ് ഹാക്കര്‍മാരുടെ പങ്കാണ് പ്രധാനമായും സംശയിക്കുന്നത്. ഇവിടെ ഉപയോഗിച്ചിരുന്നത് പഴയ സിസ്റ്റം ആയിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ദുര്‍ബലമായ ഫയര്‍വാളും അപ്‌ഡേറ്റഡല്ലാത്ത സിസ്റ്റവുമാണ് പണിയായതെന്നാണ് പ്രഥമ റിപ്പോര്‍ട്ട്. ക്ലൗഡ്‌കേന്ദ്രീകൃത സെര്‍വറുകള്‍ ഇല്ലായിരുന്നു എന്നും പറയപ്പെടുന്നു. രോഗികളുടെ വിവരങ്ങള്‍ക്ക് പുറമെ മറ്റെന്തെങ്കിലും വിവരങ്ങള്‍ ചോര്‍ത്തപ്പെട്ടോ എന്നതില്‍ വ്യക്തതയില്ല.
സൈബര്‍ ആക്രമണം നടന്നുവെന്ന് എയിംസ് അധികാരികള്‍ തന്നെയാണ് സ്ഥിരീകരിച്ചത്. ഡാറ്റ ചോര്‍ത്തിയ ശേഷം പണം ആവശ്യപ്പെടുന്ന തരത്തിലുള്ള ആക്രമണങ്ങളാണ് റാന്‍സംവെയര്‍. ഇവിടെ നല്‍കേണ്ട തുകയെ കുറിച്ച് വ്യക്തമാക്കിയിട്ടില്ല എന്നാണ് വിവരം. രോഗികളെ സംബന്ധിച്ച വിവരങ്ങള്‍ക്ക് പുറമെ സ്മാര്‍ട് ലാബ്, ബില്ലിങ്, റിപ്പോര്‍ട്ട് ജനറേഷന്‍, അപ്പോയിന്റ്‌മെന്റ് സിസ്റ്റം എന്നിവയും ഹാക്കര്‍മാര്‍ കൈവശപ്പെടുത്തിയിട്ടുണ്ട്. മാനുവലായാണ് ഡല്‍ഹി എയിംസില്‍ എല്ലാക്കാര്യങ്ങളും ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അഡ്മിഷന്‍, ഡിസ്ചാര്‍ജ്, ജനന മരണ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയൊക്കെ മാനുവലായാണ് നിലവില്‍ തയ്യാറാക്കുന്നത്. ഈ മാസം 23 നാണ് ആക്രമണം ഉണ്ടായത്. രാവിലെ ഏഴു മണിയാപ്പോഴേക്കും എല്ലാ സംവിധാനങ്ങളും പ്രവര്‍ത്തനരഹിതമായി. പ്രോട്ടോണ്‍ മെയില്‍ അഡ്രസ് ഉപയോഗിച്ചാണ് ഹാക്കര്‍മാര്‍ ആശുപത്രി അധികൃതരുമായി ബന്ധപ്പെട്ടിരിക്കുന്നത്. ഇന്ത്യ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം, ഡല്‍ഹി പോലീസ്, ഇന്റലിജന്‍സ് ബ്യൂറോ, സി.ബി.ഐ., ആഭ്യന്തരമന്ത്രാലയ വൃത്തങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള ഏജന്‍സികള്‍ക്കൊപ്പം എന്‍.ഐ.എ.യും ചേര്‍ന്നാണ് സൈബര്‍ അറ്റാക്കിനെ കുറിച്ച് അന്വേഷണം നടത്തുന്നത്.