ബിജെപിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തി ആം ആദ്മി
1 min readഅഹമ്മദാബാദ്: ഗുജറാത്തില്‍ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ തട്ടിക്കൊണ്ടു പോയതായി പരാതി. സൂറത്ത് ഈസ്റ്റിലെ തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ തട്ടിക്കൊണ്ടു പോയതായാണ് ആം ആദ്മി പാര്‍ട്ടി പരാതി ഉന്നയിച്ചിട്ടുള്ളത്. സ്ഥാനാര്‍ത്ഥിയായ കഞ്ചന്‍ ജാരിവാലയെ ഇന്നലെ മുതല്‍ കാണാനില്ലെന്നാണ് പരാതി. സ്ഥാനാര്‍ത്ഥിയെ തട്ടിക്കൊണ്ട് പോയത് ബിജെപി ആണെന്നും പത്രിക പിന്‍വലിക്കാന്‍ നിര്‍ബന്ധിക്കുകയാണെന്നും ആപ്പ് ആരോപിച്ചു.
എഎപി സ്ഥാനാര്‍ത്ഥിയെയും കുടുംബത്തെയും കാണാതായെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്!രിവാളും ആരോപണം ഉന്നയിച്ചിട്ടുണ്ട്. പത്രിക പിന്‍വലിക്കാന്‍ കഞ്ചന്‍ ജാരിവാലയുടെ മേല്‍ സമ്മര്‍ദ്ദം ഉണ്ടായിരുന്നു. ഇപ്പോള്‍ അദ്ദേഹത്തെ കാണാനില്ലെന്നും കെജ്!രിവാള്‍ പറഞ്ഞു. ആദ്യം കഞ്ചന്റെ നാമനിര്‍ദേശ പത്രിക തള്ളാനുള്ള ശ്രമങ്ങളാണ് ബിജെപി നടത്തിയത്. എന്നാല്‍ അദ്ദേഹത്തിന്റെ നോമിനേഷന് സ്വീകരിക്കപ്പെട്ടു.
പിന്നീട് നാമനിര്‍ദേശ പത്രിക പിന്‍വലിക്കണമെന്ന് സമ്മര്‍ദം ചെലുത്തി. സ്ഥാനാര്‍ത്ഥിയെ തട്ടിക്കൊണ്ട് പോയതാണെന്നുള്ള സംശയങ്ങളാണ് കെജ്!രിവാള്‍ മുന്നോട്ട് വയ്ക്കുന്നത്. ബിജെപി കഞ്ചനെ അജ്ഞാത സ്ഥലത്തേക്ക് തട്ടിക്കൊണ്ട് പോയെന്ന് എഎപി ദേശീയ വക്താവും രാജ്യസഭാംഗവുമായ രാഘവ് ഛദ്ദ ആരോപണം ഉന്നയിച്ചു. ബിജെപി ആം ആദ്മിയെ വളരെയധികം ഭയപ്പെടുന്നുവെന്നാണ് പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഇസുദന്‍ ഗാധ്വി പ്രതികരിച്ചത്.
അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് ജനശ്രദ്ധ പിടിച്ചുപറ്റാന്‍ എഎപി തീവ്രശ്രമമാണ് നടത്തുന്നതെന്നാണ് വിഷയത്തില്‍ ബിജെപിയുടെ മറുപടി. സ്ഥാനാര്‍ത്ഥിയെയോ കുടുംബാംഗങ്ങളെയോ കാണാതായാല്‍ ആദ്യം പരാതി നല്കട്ടെ. അന്വേഷണ ഉദ്യോഗസ്ഥര്‍ സത്യം കണ്ടെത്തും. ഒരു തെളിവുമില്ലാതെ എഎപിക്ക് ഇത്രയും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്താന്‍ കഴിയുമെന്നത് ഈ തെരഞ്ഞെടുപ്പില്‍ പ്രസക്തമായി തുടരാനുള്ള അവരുടെ വ്യഗ്രതയാണ് കാണിക്കുന്നതെന്നും ബിജെപി വിമര്‍ശനം ഉന്നയിച്ചു. സ്ഥാനാര്‍ത്ഥിയെ കാണാനില്ലെന്നുള്ള കാര്യം എഎപി ചീഫ് ഇലക്ടറല്‍ ഓഫീസറെ അറിയിച്ചിട്ടുണ്ടെന്നും ഉടന്‍ തന്നെ ഔദ്യോഗികമായി പരാതി നല്‍കുമെന്നും രാഘവ് ഛദ്ദ പറഞ്ഞു.