ബിജെപി സ്ഥാനാര്‍ഥിയുടെ കടയില്‍നിന്ന് 14 ലക്ഷം പിടിച്ചു; വോട്ടെടുപ്പ് തലേന്ന് ട്വിസ്റ്റ്
1 min readഷിംല: ഇന്ന് ജനവിധി കുറിക്കുന്ന ഹിമാചല്‍ പ്രദേശില്‍ ബിജെപിക്കെതിരെ കോഴ ആരോപണവുമായി കോണ്‍ഗ്രസ്. വോട്ടെടുപ്പ് തലേന്ന് ബിജെപി വോട്ടര്‍മാര്‍ക്ക് പണം വിതരണം ചെയ്‌തെന്നാണ് ആരോപണം. ബിജെപി സ്ഥാനാര്‍ത്ഥിയുടെ കടയില്‍ നിന്ന് 14 ലക്ഷം രൂപ പിടിച്ചെടുത്തിരുന്നു. പണം പിടിച്ചെടക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ടാണ് ബിജെപിക്കെതിരെ കോണ്‍ഗ്രസ് ആരോപണങ്ങള്‍ കടുപ്പിച്ചിട്ടുള്ളത്.
സിറ്റിംഗ് എംഎല്‍എ കൂടിയായ മുല്‍ഖ് രാജ് പ്രേമിയുടെ കടയില്‍ നിന്ന് പണം പിടികൂടിയത്. ജനം പോളിംഗ് ബൂത്തിലെത്തുന്നതിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കേ ഉയര്‍ന്ന കോഴ ആരോപണം ബിജെപിക്ക് തിരിച്ചടിയാകുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷകള്‍. അതേസമയം, ഹിമാചല്‍ പ്രദേശില്‍ വോട്ടെടുപ്പ് ആരംഭിച്ചിട്ടുണ്ട്. 68 മണ്ഡലങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ വൈകീട്ട് അഞ്ചര വരെ വോട്ട് ചെയ്യാനാകും.
56 ലക്ഷത്തോളം വോട്ടര്‍മാരാണ് സംസ്ഥാനത്തുള്ളത്. കൊവിഡ് ചട്ടങ്ങള്‍ പാലിച്ചാണ് വോട്ടെടുപ്പ് നടക്കുന്നത്. 67 കമ്പനി കേന്ദ്രസേനയെയും, 15 കമ്പനി സിആര്‍പിഎഫിനെയും സംസ്ഥാനത്ത് വിന്യസിച്ച് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. മോദി പ്രഭാവത്തില്‍ തുടര്‍ ഭരണം നേടാമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. എന്നാല്‍ ഭരണ വിരുദ്ധ വികാരം മുതലെടുത്ത് അധികാരത്തില്‍ തിരിച്ചെത്താമെന്ന് കോണ്‍ഗ്രസ് കരുതുന്നു. ത്രികോണ പോരിന് കളമൊരുക്കിയ ആംആദ്മി പാര്‍ട്ടിക്ക് കിട്ടുന്ന വോട്ട് ഇത്തവണ മറ്റ് പാര്‍ട്ടികള്‍ക്ക് നിര്‍ണായകമാകും.
ഡിസംബര്‍ 8 നാണ് വോട്ടെണ്ണല്‍. സംസ്ഥാനത്ത് ബിജെപിക്ക് ഭരണ തുടര്‍ച്ചയെന്നാണ് സര്‍വേ ഫലങ്ങള്‍ പ്രവചിച്ചത്. ഏറ്റവും ഒടുവിലായി പുറത്തുവന്ന റിപ്പബ്ലിക് പി മാര്‍ക്യു ഒപ്പീനിയന്‍ പോളില്‍ 37 മുതല്‍ 45 വരെ സീറ്റ് നേടി ബിജെപി ഭരണം തുടരുമെന്നാണ് പ്രവചനം. കോണ്‍ഗ്രസ് 22 മുതല്‍ 28 വരെ സീറ്റില്‍ ഒതുങ്ങുമെന്നും, ആപ്പിന് 1 സീറ്റ് ലഭിച്ചേക്കാമെന്നും ഒപ്പീനിയന്‍ പോളില്‍ പറയുന്നു.
എബിപി സീ വോട്ടര്‍ സര്‍വേയില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ ബിജെപി അധികാര തുടര്‍ച്ച നേടുമെന്നായിരുന്നു പ്രവചനം. ഹിമാചലില്‍ ബിജെപിക്ക് വേണ്ടി മുഖ്യമന്ത്രി ജയ്‌റാം താക്കൂറും പ്രധാനമന്ത്രി നരേന്ദ്രമോദിയുമടക്കമുള്ളവരാണ് പ്രചരണം നയിച്ചത്. മറുവശത്ത് കോണ്‍ഗ്രസിനാകട്ടെ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയാണ് സംസ്ഥാനത്ത് ക്യാമ്പ് ചെയ്ത് പ്രചരണം നയിച്ചത്.