തിങ്കളാഴ്ച വലിയൊരു പ്രഖ്യാപനം നടത്തുമെന്ന് മുന്‍ യുഎസ് പ്രസിഡന്റ് ട്രംപ്
1 min readവാഷിംങ്ടണ്‍: വരുന്ന തിങ്കളാഴ്ച വലിയൊരു പ്രഖ്യാപനം നടത്തുമെന്ന് മുന്‍ യുഎസ് പ്രസിഡന്റ് ഡൊണാല്‍ഡ് ട്രംപ്. 2024 ല്‍ നടക്കാനിരിക്കുന്ന യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറാണ് എന്ന കാര്യമായിരിക്കും ട്രംപ് പ്രഖ്യാപിക്കുക എന്നാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി വൃത്തങ്ങള്‍ പ്രതീക്ഷിക്കുന്നത്.
ഇപ്പോഴത്തെ വളരെ ഗൌരവമായ തെരഞ്ഞെടുപ്പില്‍ നിന്നും ശ്രദ്ധതിരിക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. വലിയൊരു പ്രഖ്യാപനം വരുന്ന പതിനഞ്ചിന് ഫ്‌ലോറിഡയിലെ പാം ബീച്ചില്‍ നടത്തും. ഓഹയോയില്‍ ഒരു തെരഞ്ഞെടുപ്പ് പ്രചാരണ വേദിയില്‍ ട്രംപ് പറഞ്ഞ്. അമേരിക്കയില്‍ മിഡ് ടൈം തെരഞ്ഞെടുപ്പ് നടക്കുകയാണ്. അടുത്ത യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ട്രന്റുകള്‍ വെളിവാക്കുന്നതായിരിക്കും ഈ തെരഞ്ഞെടുപ്പ് ഫലം എന്നാണ് കരുതുന്നത്.
ഇതിന് മുന്‍പ് തന്നെ രണ്ട് പ്രവാശ്യമാണ് ട്രംപ് യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. 2016 ല്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ഹിലാരി ക്ലിന്റനെ തോല്‍പ്പിച്ച് പ്രസിഡന്റായി. എന്നാല്‍ 2020 ല്‍ നിലവിലെ പ്രസിഡന്റായിരുന്ന ട്രംപ് ജോ ബൈഡനോട് പരാജയപ്പെട്ടു. മൂന്നാം തവണയും മത്സരിക്കാന്‍ താന്‍ തയ്യാറാണെന്ന സൂചന കഴിഞ്ഞ വാരം മിയാമിയില്‍ ട്രംപ് നല്‍കിയിരുന്നു.
അതേ സമയം മിഡ് ടൈം തെരഞ്ഞെടുപ്പില്‍ അവസാന പ്രചാരണവും നടത്തുകയാണ് പ്രസിഡന്റ് ജോ ബൈഡന്‍. തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ക്ക് മുന്‍പ്, ഡമോക്രാറ്റുകളെ പിന്തുണച്ചാല്‍ മാത്രമേ ജനാധിപത്യം സംരക്ഷിക്കപ്പെടു എന്നാണ് ബൈഡന്‍ ചൊവ്വാഴ്ച പറഞ്ഞത്.
ജനപ്രതിനിധി സഭയിലെ 435 സീറ്റുകളിലേക്കും സെനറ്റിലെ 100 സീറ്റുകളില്‍ 35 എണ്ണത്തിലേക്കുമാണ് മത്സരം. ആകെയുള്ള സീറ്റുകളുടെ മൂന്നിലൊന്നില്‍ കൂടുതലാണിത്. 39 സംസ്ഥാനങ്ങള്‍, ഗവര്‍ണര്‍ സ്ഥാനങ്ങള്‍, സമാന മത്സരങ്ങള്‍ എന്നിവയുള്‍പ്പടെ നിരവധി പ്രാദേശിക തെരഞ്ഞെടുപ്പുകളും ഇതോടൊപ്പം ഉണ്ടാകും. റിപബ്ലിക്കന്‍ പാര്‍ട്ടിക്ക് ഇടക്കാല തെരഞ്ഞെടുപ്പില്‍ മേല്‍ക്കൈ ഉണ്ടാവുമെന്നാണ് പ്രവചനം. ജനപ്രതിനിധി സഭയിലെ 435 സീറ്റുകളില്‍ 25 സീറ്റുകളില്‍ അവര്‍ വിജയിച്ചേക്കും. സെനറ്റിലും ആധിപത്യം നേടാന്‍ റിപബ്ലിക്കുകള്‍ക്കായേക്കുമെന്നാണ് സൂചന.
ഇടക്കാലതെരഞ്ഞെടുപ്പ് ഫലം നിലവിലെ ഭരണത്തോടുള്ള പ്രതിഫലനമായി മാറുന്ന പ്രവണതയാണ് കണ്ടുവരാറുള്ളത്. അതുകൊണ്ടു തന്നെ ഇതുവരെ കോണ്‍ഗ്രസിന്റെയും വൈറ്റ് ഹൗസിന്റെയും സമ്പൂര്‍ണ നിയന്ത്രണം ആസ്വദിച്ചിരുന്ന ഡെമോക്രാറ്റുകള്‍ക്ക് ഇടക്കാല തിരഞ്ഞെടുപ്പു വലിയ വെല്ലുവിളിയാണ്.
ഡൊണാള്‍ഡ് ട്രംപ്, ബരാക് ഒബാമ, ജോര്‍ജ്ജ് ഡബ്ല്യു ബുഷ് എന്നീ മൂന്ന് മുന്‍ പ്രസിഡന്റുമാരുടെ കാലത്തും ഇടക്കാല തെരഞ്ഞെടുപ്പിന് ശേഷം വൈറ്റ് ഹൗസ് നിയന്ത്രിക്കാത്ത പാര്‍ട്ടിയിലേക്ക് സഭ മറിഞ്ഞു എന്നതാണ് വസ്തുത. വിലക്കയറ്റത്തിനും കുറ്റകൃത്യങ്ങളുടെ നിരക്ക് ഉയരുന്നതിനും ജോ ബൈഡന്റെ ഭരണത്തെയാണ് റിപബ്ലിക്കുകള്‍ കുറ്റപ്പെടുത്തുന്നത്.