വായുമലിനീകരണം: ഡല്‍ഹിയില്‍ പ്രാഥമിക വിദ്യാലയങ്ങളില്‍ അധ്യയനം നിർത്തി

1 min read

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വായുമലിനീകരണം രൂക്ഷമായതിനെത്തുടര്‍ന്ന് അഞ്ചാംതരം വരെയുള്ള ക്ലാസുകളിലെ അധ്യയനം നിർത്തിവെക്കുന്നതായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. നഗരത്തിലെ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുന്നതുവരെ ക്ലാസുകള്‍ ഉണ്ടാകില്ലെന്ന് വെള്ളിയാഴ്ച നടത്തിയ പത്രസമ്മേളനത്തില്‍ അദ്ദേഹം അറിയിച്ചു.

ഡല്‍ഹി മുഖ്യമന്ത്രിയും പഞ്ചാബ് മുഖ്യമന്ത്രിയും സംയുക്തമായാണ് വെള്ളിയാഴ്ച ഈ വിഷയത്തില്‍ പത്രസമ്മേളനം നടത്തിയത്. അന്തരീക്ഷ വായു മലിനീകരണം വടക്കേന്ത്യയിലാകെയുള്ള പ്രശ്‌നമാണെന്നും കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍ ഉണ്ടാകണമെന്നും ഇരു മുഖ്യമന്ത്രിമാരും ആവശ്യപ്പെട്ടു.

അഞ്ചാംതരത്തിനു മുകളിലേക്കുള്ള കുട്ടികള്‍ക്ക് ക്ലാസുകള്‍ നടക്കും. എന്നാല്‍, കായിക പരിപാടികള്‍ക്കടക്കം ക്ലാസിനു പുറത്തിറങ്ങാന്‍ കുട്ടികളെ അനുവദിക്കരുതെന്ന് നിർദേശിച്ചിട്ടുണ്ട്. ഡല്‍ഹിയിലെ വായു ഗുണനിലവാരം ‘ഗുരുതര’മായ സാഹചര്യത്തില്‍, ഗ്രേഡഡ് റെസ്‌പോണ്‍സ് ആക്ഷന്‍ പ്ലാന്‍ (ഗ്രാപ്പ്) 4 പ്രോട്ടോക്കോളുകള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ചെറിയ കുട്ടികള്‍ക്ക് ക്ലാസുകള്‍ നിര്‍ത്തിവെച്ചതെന്നും അദ്ദേഹം പറഞ്ഞു.

പരസ്പരം പഴി ചാരേണ്ട സമയമല്ല ഇതെന്നും എല്ലാവരും ഒന്നിച്ച് ഉചിതമായ നടപടികള്‍ എടുക്കുകയാണ് വേണ്ടതെന്നും കെജ്രിവാള്‍ പറഞ്ഞു. ‘ഇത് തലസ്ഥാനത്തെ മാത്രം പ്രശ്‌നമല്ല, വടക്കേന്ത്യയിലെ മുഴുവന്‍ അവസ്ഥയാണ്. അതിനാല്‍, കേന്ദ്രസര്‍ക്കാരും വിഷയത്തില്‍ അടിയന്തിരമായി ഇടപെടേണ്ടതുണ്ട്’, പഞ്ചാബ് മുഖ്യമന്ത്രി ഭഗവത് മന്‍ പറഞ്ഞു. മുമ്പ് പല തവണ പറഞ്ഞിട്ടുണ്ടെങ്കിലും ഈ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നത് അദ്ദേഹം ആരോപിച്ചു.

Related posts:

Leave a Reply

Your email address will not be published.