മുഖ്യമന്ത്രിക്കെതിരെ ഗവര്‍ണറുടെ റിപ്പോര്‍ട്ട്; പോര് പുതിയ വഴിത്തിരിവില്‍

1 min read

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള പോര് പുതിയ വഴിത്തിരിവിലേക്ക്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് കത്തയച്ചു. മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശയാത്ര നടത്തിയത് ഭരണത്തലവനായ തന്നെ അറിയിക്കാതെ ആണ് എന്ന് ആരോപിച്ചാണ് ഗവര്‍ണര്‍ രാഷ്ട്രപതിക്ക് കത്ത് അയച്ചിരിക്കുന്നത്. തന്റെ മേലധികാരി എന്ന നിലയിലാണ് ഗവര്‍ണര്‍ രാഷ്ട്രപതിക്ക് പരാതി നല്‍കിയിരിക്കുന്നത്. ഇക്കാര്യത്തില്‍ കേന്ദ്ര ഇടപെടലുണ്ടാകണം എന്ന് ആവശ്യപ്പെട്ടാണ് പ്രധാനമന്ത്രിക്ക് കത്തിന്റെ പകര്‍പ്പ് നല്‍കിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കത്തിന്റെ പകര്‍പ്പ് ഗവര്‍ണര്‍ കൈമാറിയിട്ടുണ്ട് എന്നാണ് വിവരം.

കഴിഞ്ഞ മാസം മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയ യൂറോപ്യന്‍ പര്യടനമാണ് തന്നെ അറിയിച്ചില്ല എന്ന് ഗവര്‍ണര്‍ പരാതിപ്പെട്ടിരിക്കുന്നത്. ഇക്കാര്യത്തില്‍ നേരത്തെ ഗവര്‍ണര്‍ക്ക് അതൃപ്തിയുള്ളതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

വിദേശ യാത്രയ്ക്ക് പോകുന്നതിന് മുമ്പും വന്ന ശേഷവും സംസ്ഥാനത്തിന്റെ ഭരണത്തലവന്‍ എന്ന നിലയ്ക്ക് തന്നെ മുഖ്യമന്ത്രി യാത്രക്കാര്യം അറിയിച്ചില്ല എന്നതാണ് ഗവര്‍ണറുടെ അതൃപ്തിക്ക് പാത്രമായത്. ഇത് ബിസിനസ് ചട്ടങ്ങളുടെ ലംഘനമാണ് എന്നാണ് രാഷ്ട്രപതിക്ക് അയച്ച കത്തില്‍ ഗവര്‍ണര്‍ പറയുന്നത്. സാധാരണ ഗതിയില്‍ വിദേശരാജ്യങ്ങളില്‍ ഔദ്യോഗിക യാത്ര പോകുന്നതിന് മുമ്പ് പ്രധാനമന്ത്രി രാഷ്ട്രപതിയെയും മുഖ്യമന്ത്രിമാര്‍ അതത് ഗവര്‍ണര്‍മാരെയും കണ്ട് കാര്യങ്ങള്‍ നേരിട്ടെത്തി ധരിപ്പിക്കാറാണ് പതിവ്. വിദേശയാത്രയില്‍ നടത്താന്‍ പോകുന്ന പ്രധാന ചര്‍ച്ചകളെ സംബന്ധിച്ച് ഭരണത്തലവന്മാരെ ഈ അവസരത്തിലാണ് ബോധിപ്പിക്കുന്നത്. തിരിച്ചെത്തിയ ശേഷം യാത്രയുടെ പുരോഗതിയ കുറിച്ചും അറിയിക്കാറുണ്ട്. ഈ കീഴ്വവഴക്കം മുഖ്യമന്ത്രി ലംഘിച്ചു എന്നാണ് ഗവര്‍ണറുടെ പരാതി.

ഒക്ടോബര്‍ മൂന്ന് മുതല്‍ 13 വരെയാണ് മുഖ്യമന്ത്രി നാല് രാജ്യങ്ങള്‍ സന്ദര്‍ശിച്ച് ഔദ്യോഗിക ചര്‍ച്ചകളില്‍ പങ്കെടുത്തത്. യാത്രയുടെ വിവിധ ഘട്ടങ്ങളിലായി മന്ത്രിമാരായ വി. ശിവന്‍കുട്ടി, പി. രാജീവ്, വീണാ ജോര്‍ജ്, വി. അബ്ദുറഹ്മാന്‍ എന്നിവരും മുഖ്യമന്ത്രിയോടൊപ്പം ചേര്‍ന്നിരുന്നു. അതേസമയം പുതിയ സാഹചര്യത്തില്‍ ഗവര്‍ണറുടെ കത്ത് കേന്ദ്രസര്‍ക്കാര്‍ ഗൗരവത്തിലെടുക്കാനാണ് സാധ്യത.

വി സി നിയമനത്തെ ചൊല്ലിയുള്ള ഗവര്‍ണര്‍ – സര്‍ക്കാര്‍ തര്‍ക്കം തെരുവിലേക്ക് എത്തിയിരിക്കുകയാണ്. ഗവര്‍ണര്‍ക്കെതിരെ എല്‍ ഡി എഫ് പ്രത്യക്ഷ പ്രതിഷേധ പരിപാടികള്‍ തുടങ്ങി കഴിഞ്ഞു. മുഖ്യമന്ത്രി തന്നെയാണ് ഇത് ഉദ്ഘാടനം ചെയ്തത്. ഇതിന് പിന്നാലെയാണ് ഗവര്‍ണര്‍ കേന്ദ്രത്തെ സമീപിച്ചിരിക്കുന്നത്. അതിനിടെ കേരളത്തിലെ സര്‍ക്കാരിനെ പിരിച്ച് വിടാന്‍ ഗവര്‍ണര്‍, രാഷ്ട്രപതിയോട് ആവശ്യപ്പെടണം എന്ന് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ ആവശ്യപ്പെട്ടിരുന്നു. ഗവര്‍ണറുടെ കത്തിനെ കുറിച്ച് രാഷ്ട്രപതി പ്രധാനമന്ത്രിയുടെ ഓഫീസിന്റെ അഭിപ്രായം തേടാനാണ് സാധ്യത. ഗവര്‍ണര്‍മാരുടെ കാര്യങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലാണ് തീരുമാനിക്കുന്നത്. അതിനാല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും തുടര്‍ നടപടികള്‍ സ്വീകരിക്കുക.

Related posts:

Leave a Reply

Your email address will not be published.