കാറില്‍ ചാരിനിന്ന ആറ് വയസുകാരനെ ചവിട്ടി തെറിപ്പിച്ചു; വധശ്രമത്തിനു കേസ്
1 min read
കണ്ണൂര്‍: നിര്‍ത്തിയിട്ടിരുന്ന കാറില്‍ ചാരി നിന്ന പിഞ്ചുബാലനെ യുവാവ് ചവിട്ടിത്തെറിപ്പിച്ചു. കഴിഞ്ഞ ദിവസം തലശ്ശേരിയിലാണ് സംഭവം. കേരളത്തില്‍ ജോലിക്കായി എത്തിയ രാജസ്ഥാനി കുടുംബത്തിലെ കുട്ടിയായ ഗണേഷിന് ആണ് യുവാവിന്റെ മര്‍ദനമേറ്റത്. പൊന്ന്യംപാലം സ്വദേശിയായ ശിഹ്ഷാദാണ് ഗണേഷിനെ ചവിട്ടിയത് എന്ന് വ്യക്തമായിട്ടുണ്ട്. ശിഹ്ഷാദിനെതിരെ പൊലീസ് വധശ്രമത്തിനു കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇയാളുടെ കാര്‍ തലശ്ശേരി പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
ആറുവയസുകാരനായ ഗണേഷിനെ കാറില്‍ ചാരി നിന്നതിന് ശിഹ്ഷാദ് ചവിട്ടുന്നതിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ശിഹ്ഷാദിന്റെ മര്‍ദ്ദനത്തില്‍ കുട്ടിയുടെ നടുവിന് സാരമായ പരുക്കേറ്റതായാണ് റിപ്പോര്‍ട്ട്. കുട്ടിയെ ആക്രമിക്കുന്നത് കണ്ട നാട്ടുകാര്‍ ഇയാളെ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ കാറിന് ഉള്ളിലുണ്ടായിരുന്ന കുടുംബാംഗങ്ങളെ കുട്ടി ഉപദ്രവിക്കാന്‍ ശ്രമിച്ചു എന്നാണ് ശിഹ്ഷാദ് പറഞ്ഞത്. നാട്ടുകാര്‍ ഇയാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. അതേസമയം രാഷ്ട്രീയ സ്വാധീനമുള്ള ആളാണ് ഷിഹ്സാദ് എന്നും പൊലീസ് ഇയാള്‍ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത് എന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.
കുട്ടി കാറില്‍ ചാരി നിന്നത് ഇയാള്‍ക്ക് ഇഷ്ടപ്പെടാത്തതിനാലാണ് ചവിട്ടിയത്. മര്‍ദ്ദനമേറ്റ കുട്ടി പ്രതികരിക്കാതെ മാറി നില്‍ക്കുന്നത് സി സി ടി വി ദൃശ്യങ്ങളില്‍ വ്യക്തമാണ്. വിഷയത്തില്‍ ബാലാവകാശ കമ്മീഷനും ഇടപെട്ടിട്ടുണ്ട്.