കോയമ്പത്തൂര്‍ സ്‌ഫോടനത്തില്‍ ‘ഇസ്ലാമിയ പ്രചാര പേരവൈ’ എന്ന സംഘടനയ്ക്ക് ബന്ധം? രണ്ടുപേരെ ചോദ്യം ചെയ്തു

1 min read

കോയമ്പത്തൂര്‍: കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ അന്വേഷണം രാമനാഥപുരം ജില്ലയിലെ ഏര്‍വാടിയിലേക്കും. ‘ഇസ്ലാമിയ പ്രചാര പേരവൈ’ എന്ന സംഘടനയിലെ രണ്ടുപേരെ അന്വേഷണ സംഘം ചോദ്യം ചെയ്തു. കൂട്ട ആള്‍നാശമാണ് സ്‌ഫോടനത്തിന്റെ ആസൂത്രകര്‍ ലക്ഷ്യമിട്ടതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ദേശീയ അന്വേഷണ ഏജന്‍സി അന്വേഷണം ഏറ്റെടുത്തതിന് പിന്നാലെ സംസ്ഥാന പൊലീസ് കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യും. ഇന്ന് കൂടുതല്‍ അറസ്റ്റുണ്ടാകാനും സാധ്യതയുണ്ട്.

കോയമ്പത്തൂര്‍ കാര്‍ സ്‌ഫോടനത്തിന് പിന്നില്‍ കൃത്യമായ ആസൂത്രണം നടന്നിരുന്നെങ്കിലും പദ്ധതിയിട്ട സംഘം അവശേഷിപ്പിച്ച തെളിവുകളില്‍ അതിവേഗം അന്വേഷണം പുരോഗമിക്കുകയാണ്. ഇപ്പോള്‍ അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലുള്ള അഞ്ചു പേരുമായി കഴിഞ്ഞ ദിവസങ്ങളില്‍ ബന്ധപ്പെട്ടവരിലേക്കാണ് അന്വേഷണം നീളുന്നത്. രാമനാഥപുരം ജില്ലയിലെ ഏര്‍വാടി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ‘ഇസ്ലാമിയ പ്രചാര പേരവൈ’ എന്ന സംഘടനയിലെ രണ്ടു പേരെ അന്വേഷണ സംഘം ചോദ്യം ചെയ്തു. സംഘടനയുടെ ഭാരവാഹി അബ്ദുള്‍ ഖാദര്‍, മുഹമ്മദ് ഹുസൈന്‍ എന്നിവരെയാണ് ചോദ്യം ചെയ്തത്. സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ജമേഷ മുബീന്റെ ഭാര്യ നസ്രേത്തിനെയും ഇന്നലെ ചോദ്യം ചെയ്തു. ഇവര്‍ സംസാരശേഷി കുറവുള്ള ഇവരെ ചിഹ്നഭാഷാ വിദഗ്ധരുടെ സഹായത്തോടെയാണ് ചോദ്യം ചെയ്തത്. കോയമ്പത്തൂരിലെ നിരോധിത സംഘടന അല്‍ ഉമ്മയുടെ പ്രവര്‍ത്തകരും അന്വേഷണ പരിധിയിലുണ്ട്.

ഇ കൊമേഴ്‌സ് വെബ്‌സൈറ്റുകളില്‍ നിന്ന് സ്‌ഫോടകവസ്തുക്കളുണ്ടാക്കാനുള്ള അസംസ്‌കൃത പദാര്‍ത്ഥങ്ങള്‍ ഓര്‍ഡര്‍ ചെയ്യാന്‍ ഉപയോഗിച്ചത് അറസ്റ്റിലായ ആറാമന്‍ അസ്ഫര്‍ ഖാന്റെ ലാപ്‌ടോപ്പാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഈ ലാപ്‌ടോപ്പിന്റെ സൈബര്‍ ഫോറന്‍സിക് ഫലം ഉടനെത്തും. കൂടുതല്‍ ആളുകള്‍ കൂടുതല്‍ ഗാഡ്‌ജെറ്റുകള്‍ ഈ ആവശ്യത്തിന് ഉപയോഗിച്ചിട്ടുണ്ടോ എന്നും അന്വേഷിക്കുന്നു. മരിച്ച ജമേഷ മുബീന്‍ മുമ്പ് കേരളത്തിലെത്തിയത് ചികിത്സക്കായാണ് എന്നാണ് കിട്ടിയ വിവരം. എന്നാല്‍ ചികിത്സയുടെ മറവില്‍ മറ്റെന്തെങ്കിലും പദ്ധതിയുണ്ടായിരുന്നോ എന്നതും അന്വേഷിക്കുന്നുണ്ട്. കേസന്വേഷണം ദേശീയ അന്വേഷണ ഏജന്‍സി ഏറ്റെടുത്തതിന് പിന്നാലെ സംസ്ഥാന പൊലീസ് കൂടുതല്‍ അനുബന്ധ കേസുകളും രജിസ്റ്റര്‍ ചെയ്യും. നിലവില്‍ കസ്റ്റഡിയിലുള്ള ചിലരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്താനും സാധ്യതയുണ്ട്.

Related posts:

Leave a Reply

Your email address will not be published.