10 ലക്ഷം പേര്‍ക്ക് ജോലി; പദ്ധതിക്ക് പ്രധാനമന്ത്രി തുടക്കമിട്ടു, 75,000 പേര്‍ക്ക് നിയമന ഉത്തരവ് കൈമാറി

1 min read

ദില്ലി: കേന്ദ്രസര്‍ക്കാരിലെ വിവിധ വകുപ്പുകള്‍ക്ക് കീഴില്‍ പുതുതായി 10 ലക്ഷം പേരെ നിയമിക്കാനുള്ള നടപടികള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കമിട്ടു. 10 ലക്ഷം പേരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള മെഗാ ‘റോസ്ഗര്‍ മേള’ എന്ന ജോബ് ഫെസ്റ്റിന് പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സിലൂടെ തുടക്കം കുറിച്ചു. 75, 000 പേര്‍ക്കുള്ള നിയമന ഉത്തരവ് തൊഴില്‍മേളയില്‍ പ്രധാനമന്ത്രി കൈമാറി. നിയമന യജ്ഞത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ നിര്‍വഹിക്കുന്ന ചടങ്ങിന്റെ തത്സമയ വെബ്കാസ്റ്റിന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും സാക്ഷ്യം വഹിച്ചു. കൊച്ചിയില്‍ നടന്ന പരിപാടിയിലാണ് മന്ത്രി ചടങ്ങ് ഓണ്‍ലൈനിലൂടെ സാക്ഷ്യം വഹിച്ചത്.

റാങ്ക് ലിസ്റ്റിലുള്ളവരുമായി പ്രധാനമന്ത്രി വിഡിയോ കോണ്‍ഫ്രന്‍സിലൂടെ സംവദിച്ചു. രാജ്യത്തെ വിവിധ നഗരങ്ങളില്‍ നിന്നായി കേന്ദ്രമന്ത്രിമാരും പരിപാടിയില്‍ പങ്കെടുത്തു. കേന്ദ്ര സര്‍ക്കാരിന്റെ 38 മന്ത്രാലയങ്ങള്‍ക്ക് കീഴിലായാണ് 10 ലക്ഷം പേര്‍ക്ക് നിയമനം നല്‍കുന്നത്. പ്രതിരോധ, റെയില്‍വേ, ആഭ്യന്തര, തൊഴില്‍, വകുപ്പുകളിലേക്കും കേന്ദ്ര ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ്, സി.ബി.ഐ, കസ്റ്റംസ്, ബാങ്കിങ് എന്നിവയിലേക്കുമാണ് നിയമനം. ഒന്നര വര്‍ഷത്തിനകം പത്ത് ലക്ഷം പേര്‍ക്ക് കേന്ദ്രസര്‍ക്കാരിനു കീഴില്‍ ജോലി നല്‍കുമെന്നും 75,000 യുവാക്കള്‍ക്ക് ദീപാവലിക്ക് മുന്‍പായി നിയമനം നല്‍കുമെന്നും കഴിഞ്ഞ ജൂണിലാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.

കേന്ദ്ര സര്‍ക്കാരിന്റെ വിവിധ വകുപ്പുകളിലായി ഗ്രൂപ്പ് എ (ഗസറ്റഡ് ) 23584, ഗ്രൂപ്പ് ബി (ഗസറ്റഡ് 26282, ഗ്രൂപ്പ് ബി (നോണ്‍ഗസറ്റഡ്) 92525, ഗ്രൂപ്പ് സി 8.36 ലക്ഷം എന്നിങ്ങനെയാകും അടുത്ത ഒന്നര വര്‍ഷത്തിനകം നിയമനം നല്‍കുക. പ്രതിരോധമന്ത്രാലയം, റെയില്‍വേ, ആഭ്യന്തരമന്ത്രാലയം എന്നിവിടിങ്ങളിലായാണ് കൂടുതല്‍ ഒഴിവുകളുള്ളത്.

Related posts:

Leave a Reply

Your email address will not be published.