ദീപാവലിക്ക് നാട്ടിലേക്കുള്ള യാത്ര മരണത്തിലേക്കായി; ട്രക്കുമായി ബസ് കൂട്ടിയിടിച്ച് 15 തൊഴിലാളികള്‍ മരിച്ചു

1 min read

മധ്യപ്രദേശ്: മധ്യപ്രദേശിലെ രേവയില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് 15 യാത്രക്കാര്‍ മരിച്ചു. 40ലേറെപ്പേര്‍ക്ക് പരിക്കേറ്റു. നൂറോളം പേരുമായി ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലേക്ക് പോവുകയായിരുന്ന ബസാണ് കഴിഞ്ഞ ദിവസം രാത്രി രേവയിലെ ഹൈവേയില്‍ സുഹാഗി പഹാരിക്ക് സമീപം ട്രക്കുമായി കൂട്ടിയിടിച്ചത്. നേരത്തെ ചെറിയൊരു അപകടമുണ്ടായതിനെ തുടര്‍ന്ന് ട്രക്ക് ദേശീയപാതയില്‍ കുടുങ്ങികിടക്കുകയായിരുന്നു. ബസ് പിന്നില്‍ നിന്ന് ട്രക്കില്‍ ഇടിക്കുകയായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു. പരിക്കേറ്റവരെ സുഹാഗിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റവര്‍ രേവയിലെ സഞ്ജയ് ഗാന്ധി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്ന് അധികൃതര്‍ അറിയിച്ചു.

മധ്യപ്രദേശിലെ കട്‌നിയില്‍ നിന്ന് കയറിയ ഉത്തര്‍പ്രദേശില്‍ നിന്നുള്ള തൊഴിലാളികളാണ് ബസില്‍ യാത്ര ചെയ്തവരില്‍ ഭൂരിഭാഗവുമെന്ന് രേവ പൊലീസ് സൂപ്രണ്ട് നവനീത് ഭാസിന്‍ പറഞ്ഞു. തൊഴിലാളികള്‍ ദീപാവലിക്ക് വീട്ടിലേക്ക് പോകുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.വഴിയാത്രക്കാരാണ് അപകടത്തെക്കുറിച്ച് പൊലീസിനെ അറിയിച്ചതെന്ന് വൃത്തങ്ങള്‍ പറയുന്നു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അപകടത്തിന്റെ യഥാര്‍ഥ കാരണം കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.

അപകടത്തില്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ അനുശോചനം രേഖപ്പെടുത്തി. ഉത്തര്‍പ്രദേശ് പ്രധാനമന്ത്രി യോഗി ആദിത്യനാഥുമായും അദ്ദേഹം സംസാരിച്ചു.മൃതദേഹങ്ങള്‍ ഉത്തര്‍പ്രദേശിലുള്ള കുടുംബാംഗങ്ങള്‍ക്ക് അയക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.

Related posts:

Leave a Reply

Your email address will not be published.