അന്ധവിശ്വാസം തടയാനുള്ള നിയമനിര്‍മാണം; ആചാരവും അനാചാരവും ആദ്യം നിര്‍വചിക്കും
1 min readതിരുവനന്തപുരം: അന്ധവിശ്വാസവും അനാചാരവും തടയാനുള്ള നിയമനിര്‍മാണം വേഗത്തിലാക്കുന്നതിനു മുന്നോടിയായി ആചാരങ്ങളും അനാചാരങ്ങളും എന്തൊക്കെ എന്നു നിര്‍വചിക്കുന്നതിന്റെ സാധ്യത സര്‍ക്കാര്‍ ആരായുന്നു. ജനാഭിപ്രായം തേടുന്നതിനു വിവിധ മതമേലധ്യക്ഷന്മാരുമായി ചര്‍ച്ച നടത്തും, സര്‍വകക്ഷി യോഗവും വിളിക്കും. തുടര്‍ന്നു കരടു ബില്‍ നിയമസഭയില്‍ അവതരിപ്പിക്കും. വിഷയം സൂക്ഷ്മമായി പരിശോധിച്ചശേഷം നിയമനിര്‍മാണം നടത്തിയാല്‍ മതിയെന്നാണ് ആഭ്യന്തരവകുപ്പിന്റെ അഭിപ്രായം.
ജസ്റ്റിസ് കെ.ടി.തോമസ് ചെയര്‍മാനായ നിയമപരിഷ്കരണ കമ്മിഷന് തയാറാക്കിയ കരടു ബില്ലിലെ ശുപാര്‍ശകളില്‍ മാറ്റം വരുത്തണോ, കുറ്റകൃത്യങ്ങളുടെ പട്ടിക വര്‍ധിപ്പി!ക്കണോ തുടങ്ങിയവ ആഭ്യന്തരവകുപ്പു പരിശോധിച്ചുവരികയാണ്.
2019 ഒക്ടോബറില്‍ കരടുബില്‍ സര്‍ക്കാരിനു സമര്‍പ്പിച്ചെങ്കിലും തുടര്‍നടപടിയെടുത്തിരുന്നില്ല. നിയമനിര്‍മാണത്തിന്റെ ഭാഗമായി കഴിഞ്ഞയാഴ്ച സര്‍ക്കാര്‍ ഉപസമിതിയെ നിയോഗിച്ചിട്ടുണ്ട്.
ആഭ്യന്തരവകുപ്പിന് തലവേദന
അന്ധവിശ്വാസങ്ങളെയും ദുരാചാരങ്ങളെയും തടയാന്‍ കര്‍ശനമായ വ്യവസ്ഥകളാണു ജസ്റ്റിസ് കെ.ടി.തോമസ് സമര്‍പ്പിച്ച കരടുബില്ലില്‍ ഉള്ളത്. ഇതിലെ വ്യവസ്ഥകളിന്മേലുള്ള പരിശോധന സങ്കീര്ണമായതി!നാല് ആഭ്യന്തരവകുപ്പിനു തലവേദനയുണ്ടാക്കും. തട്ടിപ്പു കേന്ദ്രങ്ങളില്‍ തിരച്ചില്‍ നടത്താന്‍ പൊലീസിന് അധികാരം നല്കുന്ന വ്യവസ്ഥ കരടു ബില്ലിലുണ്ട്.
മതസ്ഥാപനങ്ങളില്‍ നടക്കുന്ന ജീവനു ഹാനിയാകാത്ത എല്ലാ ആചാരങ്ങളെയും ആഘോഷങ്ങളെയും നടപടികളില്‍നിന്ന് ഒഴിവാക്കണമെന്നു കരടില്‍ പറയുന്നു. മന്ത്രവാദം, അക്രമ മാര്‍ഗങ്ങളിലൂടെയുള്ള പ്രേതോച്ചാടനം, മൃഗബലി തുടങ്ങിയവ കുറ്റകൃത്യങ്ങളുടെ പട്ടികയിലുണ്ട്.