എൽദോസ് കുന്നപ്പിള്ളി പല സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിച്ചു; മജിസ്ട്രേട്ടിന് മുന്പില് അധ്യാപികയുടെ മൊഴി
1 min readതിരുവനന്തപുരം: പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളി തന്നെ പല സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിച്ചെന്ന് പരാതിക്കാരിയായ അധ്യാപിക. ഇന്നലെ വഞ്ചിയൂർ കോടതിയിലാണ് യുവതി മൊഴി നൽകിയത്. കോവളത്ത് കാറിൽ വെച്ച് കൈയ്യേറ്റം ചെയ്തെന്നും ഇവർ മജിസ്ട്രേറ്റിനോട് പറഞ്ഞു. കോവളം പൊലീസിൽ ഇന്ന് മൊഴി നൽകുമെന്നും ഇവർ കോടതിയെ അറിയിച്ചു. കാറിൽ വെച്ച് തന്നെ കൈയ്യേറ്റം ചെയ്ത സംഭവത്തിൽ താൻ പരാതി നൽകിയതോടെ ഒത്തുതീർക്കാൻ സമ്മർദ്ദം ഉണ്ടായെന്നും പണം വാഗ്ദാനം ചെയ്തെന്നും മജിസ്ട്രേറ്റിന് നൽകിയ മൊഴിയിലുണ്ട്.
കോവളത്ത് വെച്ച് കാറിൽ യാത്ര ചെയ്യുമ്പോൾ മർദ്ദിച്ചുവെന്നാണ് ഒരാഴ്ച മുൻപ് സ്ത്രീ നൽകിയ പരാതി. എന്നാൽ മൊഴി നൽകാൻ ഇവർ തയ്യാറായില്ലെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ ദിവസം ഇവരെ കാണാനില്ലെന്ന് കാട്ടി സുഹൃത്ത് കോവളം പൊലീസിൽ വീണ്ടും പരാതി നൽകി. പൊലീസ് യുവതിയെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ തനിക്ക് വീട്ടിൽ നിൽക്കാൻ കഴിയുന്നില്ലെന്നും അതിയായ സമ്മർദ്ദമുണ്ടെന്നും പറഞ്ഞു. താൻ നെയ്യാറ്റിൻകര ഭാഗത്തേക്ക് പോവുകയാണെന്നും പൊലീസ് സംരക്ഷണം വേണമെന്നും ഇവർ ആവശ്യപ്പെട്ടിരുന്നു.
കാണാതായെന്ന പരാതിയിൽ കേസെടുത്ത സാഹചര്യത്തിൽ യുവതിയെ കൂട്ടിക്കൊണ്ടുവന്ന പൊലീസ് ഇവരെ വഞ്ചിയൂർ കോടതിയിൽ ഹാജരാക്കി. മജിസ്ട്രേറ്റിന് മുൻപിൽ എത്തിയപ്പോൾ നേരത്തെ നൽകിയ പരാതിയേക്കാൾ ഗൗരവമാർന്ന ആരോപണങ്ങൾ യുവതി ഉന്നയിച്ചു. എംഎൽഎ പല സ്ഥലങ്ങളിൽ തന്നെ കൊണ്ടുപോയി പീഡിപ്പിച്ചെന്നും, കാറിൽ വെച്ച് കൈയ്യേറ്റം ചെയ്തെന്ന പരാതി പിൻവലിക്കാൻ പണം വാഗ്ദാനം ചെയ്തെന്നും ഡിജിറ്റൽ തെളിവുകൾ തന്റെ കൈവശമുണ്ടെന്നും ഇവർ മജിസ്ട്രേറ്റിന് മൊഴി നൽകി.
കഴിഞ്ഞമാസം 14നാണ് കോവളത്ത് സൂയിസൈഡ് പോയിന്റിന് സമീപം കാറിൽ വെച്ച് എൽദോസ് കുന്നപ്പിള്ളി മര്ദ്ദിച്ചതെന്നാണ് അധ്യാപികയായ സ്ത്രീ പൊലീസിന് ആദ്യം നൽകിയ പരാതി. സിറ്റി പൊലീസ് കമ്മീഷണർക്ക് നൽകിയ പരാതി കോവളം പൊലീസിന് കൈമാറുകയായിരുന്നു. ആലുവ സ്വദേശിയായ സ്ത്രീ തിരുവനന്തപുരത്തെ സ്കൂളിലെ അധ്യാപികയാണ്.