പ്രണയം നടിച്ച് വീഡിയോ കോള്‍; അശ്ലീല ചിത്രങ്ങള്‍ യുവതിയുടെ പിതാവിന് അയച്ച് ഭീഷണി, 32കാരന്‍ പിടിയില്‍
1 min readദുബൈ: യുവതിയെ ഭീഷണിപ്പെടുത്തുകയും ഇവരുടെ അശ്ലീല ചിത്രങ്ങള്‍ വീട്ടുകാര്‍ക്ക് അയച്ചുകൊടുക്കുകയും ചെയ്ത കേസില്‍ 32കാരനെ ആറു മാസം തടവു ശിക്ഷയ്ക്ക് വിധിച്ച് ദുബൈ കോടതി. ദുബൈ പ്രാഥമിക കോടതി വിധി അപ്പീല്‍ കോടതി ശരിവെച്ചു. ഏപ്രിലിലാണ് യുവതി ഇത് സംബന്ധിച്ച് പരാതി നല്‍കിയത്.
യുവതിയും പ്രതിയായ യുവാവും നേരത്തെ പ്രണയത്തിലായിരുന്നു. പ്രണയത്തിലായിരുന്ന സമയത്ത് ഇവര്‍ നടത്തിയ വീഡിയോ കോള്‍ ദൃശ്യങ്ങളാണ് പിന്നീട് യുവതിയെ ഭീഷണിപ്പെടുത്താന്‍ മുന്‍ കാമുകന്‍ ഉപയോഗിച്ചത്. വീഡിയോ കോളിനിടെ യുവാവ് പറഞ്ഞതെല്ലാം താന്‍ അനുസരിച്ചെന്നും തങ്ങള്‍ വിവാഹിതരാകുമെന്ന വിശ്വാസത്തിലാണ് ഇങ്ങനെ ചെയ്തതെന്നും യുവതി പറയുന്നു. എന്നാല്‍ വാട്‌സാപ്പില്‍ തന്റെ വീഡിയോ ക്ലിപ്പുകള്‍ കണ്ടപ്പോള്‍ ഞെട്ടിപ്പോയെന്നും യുവതി പറഞ്ഞു. ഇതേ കുറിച്ച് യുവാവിനോട് ചോദിച്ചപ്പോള്‍ വീഡിയോ കോളിനിടെ പകര്‍ത്തിയ ദൃശ്യങ്ങളും ക്ലിപ്പുകളുമാണിതെന്നാണ് ഇയാള്‍ മറുപടി നല്‍കിയത്.
25,000 ദിര്‍ഹം തന്നില്ലെങ്കില്‍ ഈ വീഡിയോയും ചിത്രങ്ങളും യുവതിയുടെ പിതാവിനും സുഹൃത്തുക്കള്‍ക്കും അയയ്ക്കുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തി. ഇതേ തുടര്‍ന്ന് യുവതി പണം നല്‍കിയെങ്കിലും പ്രതി, അശ്ലീല ചിത്രങ്ങള്‍ യുവതിയുടെ പിതാവിന് അയച്ചുകൊടുക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ യുവാവിനെ പൊലീസ് പിടികൂടി. ഇയാളുടെ ഫോണും പിടിച്ചെടുത്തു. ശിക്ഷാ കാലാവധി പൂര്‍ത്തിയായാല്‍ യുവാവിനെ നാടുകടത്തും.