പോപ്പുലർ ഫ്രണ്ടിനെതിരെ നടപടി തുടരുന്നു; ട്വിറ്റർ അക്കൗണ്ട് സസ്പെൻഡ് ചെയ്തു
1 min readന്യൂഡൽഹി: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് സസ്പെൻഡ് ചെയ്തു. കേന്ദ്രസർക്കാറിന്റെ നിർദേശത്തെ തുടർന്നാണ് നടപടി. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ചെയര്‍മാര്‍ എ.എം.എ. സലാമിന്റെ ട്വിറ്റർ അക്കൗണ്ടും സസ്പെൻഡ് ചെയ്തിട്ടുണ്ട്.
അതേസമയം, പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചതിൽ പ്രതിഷേധിച്ച് ഇടുക്കി ബാലൻപിള്ള സിറ്റിയിൽ പ്രകടനം നടത്തിയ ഏഴുപേർക്കെതിരേ പോലീസ് കേസെടുത്തു. അനുമതിയില്ലാതെ പ്രകടനം നടത്തിയതിന് നെടുങ്കണ്ടം പോലീസാണ് കേസെടുത്തിരിക്കുന്നത്.
പോപ്പുലർ ഫ്രണ്ട്, ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർക്കെതിരേയാണ് കേസെടുത്തിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു. ബുധനാഴ്ച രാവിലെയായിരുന്നു പ്രവർത്തകർ പ്രതിഷേധവുമായി ഒത്ത് കൂടിയത്.
പോപ്പുലർ ഫ്രണ്ടിനെ അനുകൂലിച്ചുകൊണ്ടുള്ള മുദ്രാവാക്യങ്ങൾ മുഴക്കിയായിരുന്നു പ്രതിഷേധം. ആർഎസ്എസിനെതിരെയും മുദ്രാവാക്യം മുഴക്കിയിരുന്നു. പ്രതിഷേധ പ്രകടനത്തിന്റെ വീഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.