മദ്യപിച്ച് വാഹനമോടിച്ചതിന് തെളിവില്ല; വിടുതല്‍ ഹര്‍ജിയുമായി ശ്രീറാം വെങ്കിട്ടരാമന്
1 min readതിരുവനന്തപുരം: മാധ്യമപ്രവര്ത്തകന് കെ.എം.ബഷീറിനെ വാഹനമിടിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ വിടുതല്‍ ഹര്‍ജിയുമായി ശ്രീറാം വെങ്കിട്ടരാമന്. തിരുവനന്തപുരം അഡീഷനല്‍ സെഷന്‍സ് കോടതിയിലാണ് ഹര്‍ജി സമര്‍പ്പിച്ചത്. കേസിന്റെ വിചാരണ പുരോഗമിക്കുന്നതിനിടെയാണ് പ്രതികളായ ശ്രീറാമും വഫയും കോടതിയെ സമീപിച്ചിരിക്കുന്നത്.
മദ്യപിച്ചതിന് തെളിവില്ലാത്തതിനാല്‍ കേസ് നിലനില്‍ക്കില്ല. തന്നെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ശ്രീറാം വെങ്കിട്ടരാമന് ഹര്‍ജിയില്‍ പറയുന്നു.മദ്യപിച്ചാണ് വാഹനമോടിച്ചതെന്നതിനു തെളിവില്ലെന്നാണ് ഹര്‍ജിയിലെ വാദം. സ്വാഭാവികമായ അപകടം മാത്രമാണിതെന്നും ഹര്‍ജിയില്‍ പറയുന്നു. മദ്യപിച്ചതിന് തെളിവില്ലെന്നും മോട്ടോര്‍വാഹന നിയമം മാത്രമാണ് ബാധകമാവുന്നതെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്. വെള്ളിയാഴ്ചയാണ് ഹര്‍ജി നല്‍കിയത്.
2019 ഓഗസ്റ്റ് മൂന്നിനു പുലര്‍ച്ചെയാണ് കേസിനാസ്പദമായ സംഭവം. തിരുവനന്തപുരം മ്യൂസിയം ജംഗ്ഷനു സമീപം ഇരുചക്രവാഹനം നിര്‍ത്തിയിട്ട് ഫോണില്‍ സംസാരിച്ചുകൊണ്ടിരുന്ന ബഷീറിനെ ശ്രീറാം ഓടിച്ച വാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ആദ്യഘട്ടംമുതല്‍ കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ നടന്നിരുന്നു. വാഹനമോടിച്ചത് താനല്ലെന്ന ശ്രീറാമിന്റെ വാദം അംഗീകരിക്കുന്ന നിലപാടാണ് ആദ്യഘട്ടത്തില്‍ പോലീസ് സ്വീകരിച്ചത്.
മദ്യപിച്ച് വാഹനമോടിച്ചാണ് അപകടമുണ്ടായതെന്നു തെളിയിക്കാനും ആദ്യം കേസന്വേഷിച്ചിരുന്ന അന്വേഷണസംഘത്തിനു കഴിഞ്ഞിരുന്നില്ല. പിന്നീട് ദൃക്സാക്ഷികള്‍ മൊഴിയില്‍ ഉറച്ച് നില്‍ക്കുകയും മാധ്യമങ്ങളുടെ ശക്തമായ ഇടപെടലും മൂലമാണ് അന്വേഷണത്തിനു പ്രത്യേക സംഘത്തെ നിയോഗിച്ചത്. മദ്യപിച്ച് അലക്ഷ്യമായി വാഹനമോടിച്ച് ഒരാളെ കൊലപ്പെടുത്തിയെന്നാണ് പിന്നീട് ശ്രീറാമിനും സുഹൃത്ത് വഫ ഫിറോസിനുമെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. സംഭവമയത്ത് ശ്രീറാമിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് വഫ ഫിറോസിന്റെ വിടുതല്‍ ഹര്‍ജിയില്‍ കോടതി ഇന്നു വിധി പറയും. ഇവരുടെ വാഹനമോടിച്ചാണ് ശ്രീറാം അപകടമുണ്ടാക്കിയത്.