പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യാനുള്ള ശ്രമം തടഞ്ഞത് കെ. കെ.രാഗേഷ്; ആഞ്ഞടിച്ച് ഗവര്‍ണര്‍
1 min readതിരുവനന്തപുരം: പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യാനുള്ള ശ്രമം തടഞ്ഞത് കെ. കെ.രാഗേഷെന്നു അസാധാരണ വാര്‍ത്താസമ്മേളനത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. ചരിത്ര കോണ്‍ഗ്രസിലെ പ്രതിഷേധ ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചായിരുന്നു ഗവര്‍ണറുടെ വാര്‍ത്താസമ്മേളനം. എല്ലാം ആസൂത്രിതം. പ്ലക്കാര്‍ഡുകള്‍ എങ്ങനെ വന്നുവെന്ന് ചോദിച്ച് ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. അന്നത്തെ ആക്രമണത്തിനു രാഗേഷിനു ലഭിച്ച പ്രതിഫലമാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെ സ്ഥാനമെന്നും ഗവര്‍ണര്‍ പറഞ്ഞു. ഗവര്‍ണറെ ആക്രമിക്കുന്നതും തടയുന്നതും ക്രിമിനല്‍ കുറ്റമാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. മുഖ്യമന്ത്രിയുമായും സർക്കാരുമായും തുറന്ന പോരു തുടരുന്ന ഗവർണരെ അനുനയിപ്പിക്കാൻ സർക്കാർ നടത്തിയ അവസാനവട്ട ശ്രമവും പാളിയതിനു പിന്നാലെ വാർത്താസമ്മേളനവുമായി ഗവർണർ മുന്നോട്ടു പോകുകയായിരുന്നു. വാർത്താസമ്മേളനത്തിനു തൊട്ടുമുൻപ് ചീഫ് സെക്രട്ടറി വി.പി ജോയ് രാജ്ഭവനിൽ എത്തി കാര്യങ്ങൾ വിശദീകരിച്ചുവെങ്കിലും ഗവർണർ വഴങ്ങിയില്ല.
അവസാനവട്ട അനുനയ നീക്കമായിരുന്നു കൂടിക്കാഴ്ചയെങ്കിലും ലഹരി വിരുദ്ധ ക്യാംപെയ്ന് ക്ഷണിക്കാനെന്നായിരുന്നു സർക്കാരിന്റെ ഔദ്യോഗിക വിശദീകരണം. ഗവർണർമാർ വാർത്താസമ്മേളനം വിളിച്ചുകൂട്ടുന്ന നടപടി കേരളത്തിൽ മാത്രമല്ല, രാജ്യത്തുതന്നെ അസാധാരണമാണ്. ഇതുവരെ പൊതുചടങ്ങുകളിലോ വിമാനത്താവളങ്ങളിലോ വച്ച് മാധ്യമങ്ങളോടു പ്രതികരിക്കുന്ന രീതിയാണു ഗവർണർ തുടർന്നുവന്നത്. എന്നാൽ, വാർത്താ സമ്മേളനം വിളിച്ചത് അദ്ദേഹം കടുത്ത നടപടികളിലേക്കു നീങ്ങുന്നതിന്റെ സൂചനയാണ്.
ഗവർണർ പങ്കെടുത്ത ചരിത്ര കോൺഗ്രസ് ചടങ്ങിൽ ഉണ്ടായ സുരക്ഷാവീഴ്ചകൾ സംബന്ധിച്ച തെളിവുകളും ഇതുവരെ വിവാദ വിഷയങ്ങളിൽ സർക്കാരുമായി നടത്തിയ കത്തിടപാടുകളും ഗവർണർ പുറത്തുവിട്ടേക്കും. സർവകലാശാലകളിലെ നിയമനവുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രി അയച്ച 2 കത്തുകൾ പുറത്തുവിടുമെന്നു ഗവർണർ ആലുവയിൽ പറഞ്ഞിരുന്നു. ഇതിനിടെ, മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ പക്കൽനിന്നു പല ആനുകൂല്യങ്ങളും കൈപ്പറ്റിയിട്ടുണ്ടെന്ന പുതിയ ആരോപണവും ഗവർണർ ഉയർത്തി.