ലഹരിയില്‍ വീഴുന്ന കുട്ടികള്‍;
എംഡിഎംഎയ്ക്ക് അടിമയായി 12 വയസ്സുകാരനും.
1 min read
കൊച്ചി: സംസ്ഥാനത്ത് ലഹരിക്ക് അടിമകളാകുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ ഞെട്ടിക്കുന്ന വര്‍ധന. കൊവിഡിന് ശേഷം സ്കൂള്‍ തുറന്നതോടെ എക്സൈസിന്റെ വിമുക്തി കേന്ദ്രങ്ങളിലേക്ക് എത്തുന്നവരുടെ എണ്ണം കുത്തനെ കൂടി. മാരക രാസലഹരിയായ എംഡിഎംഎ ഉപയോഗിക്കുന്ന 12 വയസുകാരനെ വരെ അടുത്തിടെ കൗണ്‍സിലിംഗ് കേന്ദ്രത്തിലെത്തിച്ചിരുന്നതായാണ് ഞെട്ടിപ്പിക്കുന്ന വിവരം. 21 വയസ്സില്‍ താഴെ ലഹരിക്ക് അടിമയായി വിമുക്തി കേന്ദ്രങ്ങളിലേക്ക് എത്തിയവരുടെ എണ്ണം കുത്തനെ ഉയരുകയാണ്. മദ്യത്തില്‍ നിന്ന് കഞ്ചാവിലേക്കും ഒടുവിലായി എംഡിഎംഎ പോലുള്ള രാസലഹരിയിലേക്കുമാണ് ഒരുവിഭാഗം കൗമാരക്കാര്‍ പെട്ട് പോകുന്നത്.
2019 കൊവിഡ് കാലത്തിന് തൊട്ട് മുന്‍പ് ഇരട്ടിയിലധികമായിരുന്നു കേസുകളിലെ വര്‍ധനവ്. എന്നാല്‍ കൊവിഡ് അടച്ചിട്ട വര്‍ഷങ്ങളില്‍ ഇത് പകുതിയായി കുറഞ്ഞു. എന്നാല്‍ ഈ വര്‍ഷം ഓഗസ്റ്റ് മാസം വരെ ഉള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ലഹരിക്കടിമകളാകുന്ന കുട്ടികളുടെ എണ്ണം കുത്തനെ കൂടി വരികയാണെന്ന് വ്യക്തമാണ്. എക്സൈസ് വഴിയല്ലതാതെ സ്വകാര്യ ആശുപത്രികള്‍ വഴി ചികിത്സ തേടിയവരുടെ കണക്ക് ഇതിലധികം വരും.
സ്കൂളുകളും കോളേജുകളും തുറന്നതോടെ ലഹരി വിപണനവും സജീവമാകുന്നെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ലഹരിക്ക് അടിമയാകുന്ന കുട്ടികളുടെ പ്രായത്തിലെ മാറ്റമാണ് വെല്ലുവിളിയാകുന്നത്. ലഹരി മാഫിയ സംഘങ്ങള്‍ കുറഞ്ഞ പ്രായത്തിലുള്ള കുട്ടികളിലേക്കും ലഹരിയെത്തിക്കുന്നുവെന്നാണ് അടുത്തിടെ കണ്ടുവരുന്നതെന്നാണ് എക്സൈസ് വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരും വിമുക്തി കേന്ദ്രങ്ങളിലെ ഉദ്യോഗസ്ഥരും പറയുന്നത്. എംഡിഎംഎ ഉപയോഗിക്കുന്ന 12 വയസുകാരന് വരെ കഴിഞ്ഞ ദിവസം വിമുക്തി കേന്ദ്രത്തിലെത്തി. നാട്ടിലെ മൈതാനത്ത് സ്ഥിരമായി കളിക്കാനെത്തുന്ന പന്ത്രണ്ട് വയസ്സുകാരന് പരിസരത്തുള്ള യുവാക്കളാണ് എംഡിഎംഎ നല്കി തുടങ്ങിയത്. സ്ഥിരമായി ലഭിച്ചതോടെ കുട്ടി ലഹരിക്ക് അടിമയായി. പെരുമാറ്റത്തിലെ മാറ്റങ്ങള്‍ ശ്രദ്ധിച്ച മാതാപിതാക്കളാണ് കുട്ടിയെ വിമുക്തി കേന്ദ്രത്തിലേക്കെത്തിച്ചത്.
കുട്ടികളെ കുറ്റവാളികളാക്കുന്ന ലഹരി ഉപയോഗം പിടിച്ച് കെട്ടാനുള്ള ശ്രമങ്ങള്‍ സംസ്ഥാന പൊലീസിന്റെ ഭാഗത്ത് നിന്നും ഊര്‍ജ്ജിതമാകുന്നുണ്ട്. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ നടന്ന ഉന്നതതലയോഗത്തിന് ശേഷമാണ് സ്കൂള്‍, കോളേജ് തലങ്ങളിലേക്ക് ഉള്‍പ്പടെ ഇറങ്ങി ചെന്ന് പ്രവര്‍ത്തനം സജീവമാക്കുന്നത്. യോദ്ധാവ് എന്ന പേരിലാണ് സമൂഹമാധ്യമങ്ങളിലടക്കം പ്രചാരണങ്ങള്‍. ലഹരി ഉപയോഗിക്കുന്ന കുട്ടികളെ പരമാവധി കേസുകളില്‍ ഉള്‍പ്പെടുത്താതെ വിമുക്തി കേന്ദ്രങ്ങളിലേക്കെത്തിച്ച് സാധാരണ ജീവിതത്തിലേക്ക് മടക്കികൊണ്ടുവരാനുള്ള ശ്രമങ്ങളാണ് നിലവില്‍ നടക്കുന്നത്.