നെല്‍വിത്തുകളുടെ കാവല്‍ക്കാരന്‍ ചെറുവയല്‍ രാമന്‍ പത്മശ്രീ തിളക്കത്തില്‍

1 min read

രാജ്യത്തിന്റെ പരമോന്നത ബഹുമതികളില്‍ ഒന്നായ പത്മശ്രീ പുരസ്‌കാരം ചെറുവയല്‍ രാമനെത്തേടിയെത്തിയതില്‍ അത്ഭുതമൊന്നുമില്ല. അന്യം നിന്നുപോയ നിരവധി നെല്‍വിത്തുകളുടെ സൂക്ഷിപ്പുകാരനാണ് അദ്ദേഹം. വയനാടിന്റെ നെല്ലച്ഛന്‍. തലമുറകളായി കൈമാറി വന്നതും സ്വയംശേഖരിച്ചതുമായ നിരവധി നെല്‍വിത്തുകളാണ് രാമന്റെ കൈവശമുളളത്. ക്ഷേത്ര ചടങ്ങുകള്‍ക്കായി പലയിനം നെല്ലുകള്‍ കുറിച്യര്‍ ഉപയോഗിച്ചിരുന്നു. അവരില്‍ നിന്നും വിത്തുകള്‍ശേഖരിച്ചു. കര്‍ഷകര്‍ പലരും നാടന്‍ നെല്ലിനങ്ങള്‍ നല്‍കി. 22 ഏക്കറോളം വരുന്ന തന്റെ വയലില്‍ കൃഷി ചെയ്ത് നെല്‍വിത്തുകള്‍ശേഖരിച്ച് സൂക്ഷിക്കുകയാണ് രാമേട്ടന്‍.. സര്‍ക്കാരിന്റെ യാതാരുവിധ സഹായവുമില്ലാതെയാണ് രാമന്റെ കൃഷിയും വിത്തിനങ്ങളുടെ പരിപാലനവും. വെളിയന്‍,ചേറ്റുവെളിയന്‍, മുണ്ടകന്‍, ചെന്താരി, ചെമ്പകം, മരത്തൊണ്ടി, ചെന്നെല്ല്, കണ്ണിചെന്നെല്ല്,ചോമാല, അടുക്കന്‍, വെളുമ്പാല, ഗന്ധകശാല, കയമ, കുന്നുംകുളമ്പന്‍, പെരുവക, കുങ്കുമശാലി, കുത്തിച്ചീര, കുഞ്ഞുഞ്ഞി, ഓണമൊട്ടന്‍, ഓണച്ചണ്ണ, വെള്ളിമുത്ത്, കനകം, ചെമ്പകം തുടങ്ങി വിവിധയിനം നെല്‍വിത്തുകളാണ് രാമന്‍ കൃഷിചെയ്തു സംരക്ഷിക്കുന്നത്.
വളമോ കീടനാശിനിയോ പ്രയോഗിക്കാതെ തികച്ചും ജൈവരീതിയിലാണ് കൃഷി. പ്രധാനവളങ്ങള്‍ ചാരവും ചാണകവും. തവള, തുമ്പി, ചിലന്തി തുടങ്ങിയവ കൃഷിഭൂമിയിലെ കീടങ്ങളെ കൊന്നൊടുക്കും. കൂടാതെ കര്‍പ്പൂരച്ചെടിപോലുള്ള രൂക്ഷഗന്ധമുള്ള ചെടികള്‍ കീടങ്ങളെ തുരത്താന്‍ സഹായിക്കുന്നു.
മാനന്തവാടി താലൂക്കിലെ കമ്മന ഗ്രാമത്തില്‍ ചെറുവയല്‍ തറവാട്ടിലെ കാരണവരാണ് രാമന്‍. 1952ല്‍ വയനാട്ടിലെ കുറിച്യഗോത്രത്തില്‍കേളപ്പന്റെയുംതേയിയുടെയും മകനായി ജനനം. 150ല്‍ അധികം വര്‍ഷം പഴക്കമുള്ള വൈക്കോല്‍മേഞ്ഞ തറവാട്. മഴക്കാലത്ത് ചൂടുംവേനല്‍ക്കാലത്ത് തണുപ്പും നല്‍കി പ്രകൃതി കനിഞ്ഞനുഗ്രഹിച്ച സ്ഥലം. അമ്മാവന്റെ മരണത്തോടെ 17-ാം വയസ്സില്‍ കൃഷിപ്പണിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത രാമന്‍ 70ലധികം കുടുംബങ്ങളുടെ നാഥനും നെല്‍വിത്തുകളുടെ സംരക്ഷകനുമായി മാറുകയായിരുന്നു.
അഞ്ചാം ക്ലാസ്സ് മാത്രം വിദ്യാഭ്യാസമുള്ള രാമന്‍ ഇന്ന് തൃശൂര്‍ കാര്‍ഷിക സര്‍വകലാശാല സെനറ്റ് അംഗമാണ്. അദ്ദേഹത്തിന്റെ കൈവശമുള്ള നെല്‍വിത്തുകളെക്കുറിച്ച് പഠിക്കാനും കൃഷി അനുഭവങ്ങള്‍ അറിയാനുമായിലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ധാരാളം ആളുകളെത്തുന്നു. വിത്തുകള്‍ വാങ്ങാനെത്തുന്ന കര്‍ഷകരില്‍ നിന്ന് പണം വാങ്ങാറില്ലെന്നതും രാമേട്ടന്റെ പ്രത്യേകതയാണ്. ബ്രസീലിലെലോക കാര്‍ഷിക സെമിനാറില്‍ ഇന്ത്യയുടെ ശബ്ദമായി അദ്ദേഹം മാറി. 2011ല്‍ ഹൈദരാബാദില്‍ വച്ചു നടന്ന ജൈവ വൈവിധ്യ സംരക്ഷണത്തിനായുള്ള 11 രാജ്യങ്ങളുടെ സമ്മേളനത്തില്‍കേരളത്തിലെ കര്‍ഷകരെ പ്രതിനിധീകരിച്ചത് ഇദ്ദേഹമായിരുന്നു. അക്കാദമിക വിദഗ്ധര്‍ക്ക് ഒരു എന്‍സൈക്ലോപീഡിയ തന്നെയാണ് രാമേട്ടന്‍.കേന്ദ്രകൃഷി മന്ത്രാലത്തിന്റെ ജിനോംസേവിയര്‍ പുരസ്‌കാരം, ജനിതക സംരക്ഷണ പുരസ്‌കാരം ഉള്‍പ്പെടെ നിരവധി ബഹുമതികള്‍ അദ്ദേഹത്തെതേടിയെത്തിയിരുന്നു. പത്മശ്രീ പുരസ്‌കാരം ലഭിച്ചതറിഞ്ഞ് ജീവിതത്തിന്റെ നാനാതുറകളിലുള്ളവര്‍ അഭിനന്ദനങ്ങള്‍ അറിയിച്ച് അദ്ദേഹത്തെ വിളിച്ചുകൊണ്ടിരിക്കുകയാണ്. പുരസ്‌കാരനിറവിലും വിനയാന്വിതനാണദ്ദേഹം. ചെറുവയല്‍ രാമന്റെ പത്മ തിളക്കത്തിലൂടെ അംഗീകരിക്കപ്പെട്ടത് അദ്ദേഹം മാത്രമല്ല, മണ്ണില്‍ പൊന്ന് വിളയിക്കുന്ന കര്‍ഷകനും വയനാടും കുറിച്യ സമൂഹവും ഒന്നടങ്കമാണ്.

Related posts:

Leave a Reply

Your email address will not be published.