വിമാനത്തില്‍ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവത്തില്‍ എയര്‍ ഇന്ത്യയ്ക്ക് 30 ലക്ഷം പിഴ
1 min readഡല്‍ഹി : വിമാനയാത്രയ്ക്കിടെ സഹയാത്രികയ്ക്കുനേരെ യാത്രക്കാരന് മൂത്രമൊഴിച്ച കേസില്‍ എയര്‍ ഇന്ത്യയ്ക്ക് 30 ലക്ഷം രൂപ പിഴ ചുമത്തി ഡി.ജി.സി.എ. പൈലറ്റ് ഇന്‍ കമാന്‍ഡിന്റെ ലൈസന്‍സ് 3 മാസത്തേക്ക് റദ്ദാക്കി. എയര്‍ ഇന്ത്യയുടെ ഡയറക്ടര്‍ ഇന്‍ ഫ്ലൈറ്റിന് മൂന്നുലക്ഷം രൂപ പിഴ ചുമത്തി. അതേസമയം സംഭവത്തില്‍ കുറ്റാരോപിതനായ ശങ്കര്‍ മിശ്രയ്ക്ക് നാലു മാസത്തെ യാത്രാ വിലക്കേര്‍പ്പെടുത്തി.
നവംബര്‍ 26 നാണ് ന്യൂയോര്‍ക്കില്‍നിന്ന് ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യാ വിമാനത്തില്‍ 72കാരിയായ സ്ത്രീയുടെ മേല്‍ മദ്യലഹരിയില്‍ ശങ്കര്‍ മിശ്ര മൂത്രമൊഴിച്ചെന്നാണ് പരാതി. വസ്ത്രങ്ങളും ബാഗും ഷൂസുമെല്ലാം മൂത്രത്തില്‍ കുതിര്‍ന്നതായി യാത്രക്കാരി നല്കിയ പരാതിയില്‍ പറയുന്നു.
വിമാനജീവനക്കാരോട് പരാതിപ്പെട്ടിട്ടും ഒരു നടപടിയും ഉണ്ടായില്ല. വിമാനം ഡല്‍ഹിയിലെത്തിയപ്പോള്‍ കൂസലില്ലാതെ ഇയാള്‍ ഇറങ്ങിപ്പോകുകയും ചെയ്തതായും യാത്രക്കാരി പറഞ്ഞു. ഇതേത്തുടര്‍ന്നാണ് അതിക്രമത്തിന് ഇരയായ യാത്രക്കാരി ടാറ്റാ ഗ്രൂപ്പ് ചെയര്മാന് എന്‍. ചന്ദ്രശേഖരന് പരാതി നല്‍കിയത്. പരാതിയില്‍ നടപടികള്‍ സ്വീകരിക്കാതെയിരുന്ന എയര്‍ ഇന്ത്യയുടെ നിലപാട് വിവാദങ്ങള്‍ക്കു വഴിവെച്ചിരുന്നു.