സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവത്തില്‍ ശങ്കര്‍ മിശ്ര അറസ്റ്റില്‍
1 min readഡല്‍ഹി: വിമാന യാത്രക്കിടെ സഹയാത്രികയുടെ ശരീരത്തിലേക്ക് മൂത്രമൊഴിച്ച കേസില്‍ ശങ്കര്‍ മിശ്ര അറസ്റ്റില്‍. ബെംഗളൂരുവില്‍ നിന്നുമാണ് ഡല്‍ഹി പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. കേസെടുത്തത് മുതല്‍ ഇയാള്‍ ഒളിവിലായിരുന്നു. ഇയാള്‍ക്കായി ലുക്ക്ഔട്ട് നോട്ടീസും എയര്‍പോര്‍ട്ട് അലേര്‍ട്ടും പുറപ്പെടുവിച്ചിരുന്നു.
ഇയാളുടെ സഹോദരിയുടെ വീട് ബെംഗളൂരുവിലാണുള്ളത്. നേരത്തെ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ച പോലീസിന് ഇയാള്‍ ബെംഗളൂരുവിലുണ്ടെന്ന് സൂചന ലഭിച്ചിരുന്നു. ഇയാള്‍ ഒളിവില്‍ പോയതിന് പിന്നാലെ ശങ്കര്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യുകയായിരുന്നു. എങ്കിലും സുഹൃത്തുക്കളുമായി ആശയവിനിമയം നടത്താന്‍ അദ്ദേഹം തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഉപയോഗിച്ചിരുന്നു. ഇതുവഴിയാണ് ഇയാളെ പിടികൂടുവാന്‍ പോലീസിന് സാധിച്ചതെന്ന് ഉന്നത പോലീസ് വൃത്തങ്ങള്‍ പറഞ്ഞു. 34കാരനായ മിശ്ര ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചിരുന്നു ഇതും പോലീസിനെ സഹായിച്ചിരുന്നു.
എന്നാല്‍ സംഭവത്തില്‍ ശഹ്കര്‍ മിശ്രയുടെ പിതാവ് പ്രതികരിച്ചത് ഇത് പൂര്‍ണമായും തെറ്റായ ഒരു കേസാണെന്നും തന്റെ മകന് യുഎസില്‍ നിന്നും വരികയായിരുന്നുവെന്നും യാത്രക്ക് മുന്‍പുള്ള 72 മണിക്കൂര്‍ അവന് ഉറങ്ങിയിരുന്നില്ലെന്നും യാത്രക്കിടെ അവന് ചിലപ്പോള്‍ മദ്യപിക്കുകയും ഉറങ്ങുകയും ചെയ്തിട്ടുണ്ടാകാം. എന്നാല്‍, അതിന് ശേഷം എന്താണ് സംഭവിച്ചത് എന്ന് അവന് അറിയില്ലെന്നുമാണ്. അത് തെളിയിക്കാന്‍ വളരെ ബുദ്ധിമുട്ടാണെന്നുമാണ് ശ്യാം മിശ്ര പറഞ്ഞത്.
അതിന് പുറമെ, തന്റെ മകന് യുവതിയുടെ ദേഹത്ത് മൂത്രമൊഴിച്ചെന്ന വാര്‍ത്തയും അദ്ദേഹം നിഷേധിച്ചിട്ടുണ്ട്. അയാള്‍ അത് ചെയ്യുമെന്ന് കരുതുന്നില്ലെന്നും ആ സ്ത്രീക്ക് 72 വയസ്സുള്ളതുകൊണ്ടുതന്നെ അവര്‍ അവന് ഒരു അമ്മയേപ്പോലെയാണെന്നും സംഭവത്തിന് ദൃക്സാക്ഷികളില്ലെന്നും ശ്യാം മിശ്ര ചൂണ്ടിക്കാണിച്ചു.
‘പരാതിക്കാരി കുറച്ച് പ്രതിഫലം ആവശ്യപ്പെട്ടിരുന്നു, അത് നല്‍കുകയും ചെയ്തിരുന്നു. അതിനുശേഷം എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ല. അവര്‍ പറഞ്ഞ ആവശ്യങ്ങള്‍ സാധിക്കാതെ വന്നിട്ടുണ്ടാകാം. അതില്‍ ഉണ്ടായിരിക്കുന്ന ദേഷ്യം ഉണ്ടാകുകയോ അഭിമാനക്ഷതമുണ്ടാകുകയും ചെയ്തിട്ടുണ്ടാകാം. അതുപയോഗിച്ച് മകനെ ബ്ലാക്ക്മെയില്‍ ചെയ്യാനുള്ള ശ്രമമാണ്,’ അഭിഭാഷകന് കൂടിയായ ശ്യാം മിശ്ര പറഞ്ഞു.
കേസ് വിവാദമായതോടെ 34 കാരനായ ശങ്കര്‍ മിശ്രയെ വെല്‍ഡ് ഫാര്‍ഗോ കമ്പനി ജോലിയില്‍ നിന്നും പിരിച്ചുവിട്ടിരുന്നു. ഇയാള്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ ഗുരുതരവും അസ്വസ്ഥതയുണ്ടാക്കുന്നതുമാണെന്നും കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.