ബീച്ചില്‍ വെച്ച് പരിചയപ്പെട്ടു ശേഷം ക്വാട്ടേഴ്സില്‍ എത്തിച്ചു: യുവതിയുടെ മരണം ബലാത്സംഗത്തിനിടെ
1 min readകൊല്ലം: ആളൊഴിഞ്ഞ റെയില്‍വെ ക്വാര്‍ട്ടേഴ്സില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. കേസില്‍ അറസ്റ്റിലായ നാസു (24) ആണ് കൊല നടത്തിയതെന്നും പോലീസ് പറയുന്നു. യുവതിയെ പ്രതി ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചതായാണ് കണ്ടെത്തല്‍. ബലാത്സംഗ ശ്രമത്തിനിടെയാണ് യുവതി മരിച്ചതെന്ന് പോലീസ് വ്യക്തമാക്കി. കൊല്ലം ബീച്ചില്‍ നിന്നും യുവതിയെ തന്ത്രപൂര്‍വം റെയില്‍വെ ക്വാര്‍ട്ടേഴ്സിലേക്ക് എത്തിക്കുകയായിരുന്നെന്നും ശേഷം യുവതിയുടെ മൊബൈല്‍ ഫോണും പണവും പ്രതി കവര്‍ന്നതായും പോലീസ് പറഞ്ഞു.
കഴിഞ്ഞമാസം 29 ന് കാണാതായ കേരളാപുരം സ്വദേശിനിയെ ബുധനാഴ്ച രാവിലെയാണ് കൊല്ലം ഫാത്തിമ മാതാ നാഷണല്‍ കോളജിന് സമീപത്തെ ആള്‍ത്താമസമില്ലാത്ത റെയില്‍വേ ക്വാര്‍ട്ടേഴ്സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മാമൂട് പുളികുന്നില്‍ ഹൗസില്‍ ഉമ പ്രസന്നയുടെ (32) പൂര്‍ണ നഗ്നമായ മൃതദേഹം അഴുകിയ നിലയില്‍ ആളൊഴിഞ്ഞ റെയില്‍വെ ക്വാട്ടേഴ്സില്‍ കണ്ടെത്തുകയായിരുന്നു.
ഡിസംബര്‍ 29 ന് ബീച്ചില്‍ വച്ച് യുവതിയെ പരിചയപ്പെടുകയും പിന്നീട് യുവതിയെ ആളൊഴിഞ്ഞ റെയില്‍വെ കെട്ടിടത്തിലേക്കു കൂട്ടിക്കൊണ്ടുപോകുകയും ചെയ്തതായി യുവാവ് പോലീസിനോടു സമ്മതിച്ചു. ഇവിടെവെച്ച് ഇവര്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയും ഇതിനിടെ യുവതിക്ക് അപസ്മാരം വന്നെന്നും ഇതേതുടര്‍ന്ന് ഉപേക്ഷിച്ചു പോകുകയായിരുന്നെന്നുമാണ് പ്രതി പോലീസിനോട് പറഞ്ഞത്.
യുവാവിനെ നൈറ്റ് പട്രോളിങ്ങിനിടെ ഡിസംബര്‍ 31 ന് കൊട്ടിയം പോലീസ് പിടികൂടിയിരുന്നു. ഇയാളുടെ കയ്യില്‍ സംശയാസ്പദമായി ഫോണ്‍ കണ്ടതോടെയാണ് പോലീസ് പിടികൂടിയത്. എന്നാല്‍, ഫോണ്‍ കളഞ്ഞു കിട്ടിയതാണെന്ന് ഇയാള്‍ പറഞ്ഞു. ഈ ഫോണില്‍ നിന്നു പോലീസ് നമ്പറെടുത്ത് വിളിച്ചപ്പോള്‍ കാണാതായ യുവതിയുടെ വീട്ടിലേക്കാണ് കോള്‍ പോയത്. ഫോണിന്റെ ഉടമയെ കാണാനില്ലെന്നും പരാതി നല്‍കിയിട്ടുണ്ടെന്നുമുള്ള വിവരം ഇവര്‍ പോലീസിനെ അറിയിച്ചു. ഫോണ്‍ പിടിച്ചെടുത്ത ശേഷം ഇയാളെ പോലീസ് വിട്ടയക്കുകയും ചെയ്തു.
തുടര്‍ന്ന്, യുവതിയുടെ വീട്ടുകാര്‍ കൊട്ടിയം പോലീസിലെത്തി ഫോണ്‍ വാങ്ങി യുവതിയെ കാണാനില്ലെന്നു പരാതി നല്കിയ കുണ്ടറ പോലീസില്‍ ഏല്‍പ്പിച്ചു. പിന്നീട്, അന്വേഷണം മുന്നോട്ടുപോയില്ല. ജനുവരി 4ന് രാവിലെ യുവതിയുടെ മൃതദേഹം കിട്ടിയപ്പോള്‍ മുമ്പ് കസ്റ്റഡിയിലെടുത്ത യുവാവിനെ വീണ്ടും പോലീസ് അന്വേഷിച്ചു കണ്ടെത്തി. ഇതോടെയാണ് യുവതിയെ പരിചയപ്പെട്ടെന്ന കാര്യം യുവാവ് പോലീസിനോടു പറഞ്ഞത്.
ബുധനാഴ്ച രാവിലെ ആളൊഴിഞ്ഞ റെയില്‍വെ കെട്ടിടത്തില്‍ നിന്നും ദുര്‍ഗന്ധം വന്നതോടെ പ്രദേശവാസികള്‍ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ചില വസ്ത്രഭാഗങ്ങള്‍ മാത്രമാണ് മൃതദേഹത്തിന് സമീപത്ത് ഉണ്ടായിരുന്നത്. കൊല്ലം ബീച്ചില്‍ യുവതി എത്തിയെന്ന് പോലീസ് കണ്ടെത്തിയിരുന്നെങ്കിലും മറ്റു തുമ്പുകള്‍ ഒന്നും ലഭിച്ചിരുന്നില്ല. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. ലോട്ടറി വില്‍പ്പനക്കാരിയായ ഉമയ്ക്ക് രണ്ട് മക്കളാണുള്ളത്. വാടക വീട്ടില്‍ താമസിച്ചു വരികയായിരുന്നു.