സംഗീത കൊലക്കേസ് തെളിവെടുപ്പ് നടത്താനാകാതെ പ്രതിയുമായി മടങ്ങി പൊലീസ്
1 min readതിരുവനന്തപുരം : വര്‍ക്കലയില്‍ പതിനേഴുകാരിയെ വീട്ടില്‍ നിന്നിറക്കി കഴുത്തറുന്ന് കൊന്ന സംഭവത്തിലെ പ്രതി ഗോപുവിനെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്താനാകാതെ പൊലീസ്. നാട്ടുകാരുടെ പ്രതിഷേധവും സംഘര്‍ഷാവസ്ഥയും കാരണം പ്രതിയെ തിരികെ കൊണ്ടുപോയി. ആറ്റിങ്ങല്‍ എം എല്‍ എ ഒ എസ് അംബികയ്ക്കു നേരെയും നാട്ടുകാരുടെ പ്രതിഷേധമുണ്ടായി. കൊല്ലപ്പെട്ട സംഗീതയുടെ മൃതദേഹം സംസ്‌കരിച്ച ശേഷമാണ് എം എല്‍ എ എത്തിയത്. ഇതോടെയാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്. എം എല്‍ എയുടെ വാഹനം നാട്ടുകാരും ബന്ധുക്കളും ഉള്‍പ്പെടെയുള്ള ജനക്കൂട്ടം അരമണിക്കൂറോളം വളഞ്ഞുവെച്ചു.
വടശ്ശേരിക്കോണം സ്വദേശിയും ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയുമായ സംഗീതയാണ് കൊല്ലപ്പെട്ടത്. പ്രണയ ബന്ധത്തില്‍ നിന്ന് പിന്മാറിയതിലെ പകയാണ് സുഹൃത്ത് പള്ളിക്കല്‍ സ്വദേശി ഗോപുവിനെ കൊലപാതകത്തിലേക്ക് നയിച്ചത്. പുലര്‍ച്ചെ ഒന്നരയോടെയാണ് ദാരുണ സംഭവം. പള്ളിക്കല്‍ സ്വദേശിയും ടാപ്പിംഗ് തൊഴിലാളിയുമായ ഗോപു, സംഗീതയുടെ വീട്ടിനടുത്ത് എത്തി. സംഗീതയെ വീടിനോട് ചേര്‍ന്നുള്ള ഇടവഴിയിലേക്ക് ഫോണ്‍ വിളിച്ചുവരുത്തി. കയ്യില്‍ക്കരുതിയ കത്തിയെടുത്ത് കഴുത്തറുത്തു. കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റ സംഗീത വീട്ടിനുമുന്നിലെത്തി കതകില്‍ത്തട്ടി വിളിച്ചു. അയല്‍വാസികള്‍ ഓടിയെത്തി ആശുപത്രിയിലേക്ക് കൊണ്ടുപോകും മുമ്പ് തന്നെ ഗോപു രക്ഷപ്പെട്ടിരുന്നു. ആശുപത്രിയില്‍ എത്തും മുമ്പ് സംഗീത മരിച്ചു. സംഗീതയുടെ ഗോപുവുമായുള്ള അടുപ്പം നേരത്തെ അച്ഛന്‍ ഗോപുവിന്റെ വീട്ടിലെത്തി സംസാരിച്ചിരുന്നു. സംഗീത ഗോപുവില്‍ നിന്ന് അകലുന്നു എന്ന ചിന്തയാണ് കൊലപാതകത്തിന് പ്രേരണയായത് എന്നാണ് പൊലീസ് പറയുന്നത്.