ഇരുവരുടെയും ചാറ്റ് പോലീസ് കണ്ടെത്തി; നിര്‍ണായക വിവരങ്ങള്‍ പുറത്ത്

1 min read

തിരുവനന്തപുരം: വര്‍ക്കലയില്‍ പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. കൊല്ലപ്പെട്ട സംഗീതയും, പ്രതി പള്ളിക്കല്‍ സ്വദേശി ഗോപുവും തമ്മില്‍ അടുപ്പമുണ്ടായിരുന്നുവെന്നും ഇപ്പോള്‍ അകല്‍ച്ചയിലായതിനാലാണ് കൊലപാതകമെന്നുമാണ് വിവരം. കസ്റ്റഡിയിലുള്ള പ്രതി ഗോപുവിനെ പോലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. വര്‍ക്കല വടശ്ശേരിക്കോണം തെറ്റിക്കുളം യുപി സ്‌കൂളിന് സമീപത്തെ വീട്ടില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു ക്രൂരകൃത്യം.

അഖില്‍ എന്ന പേരില്‍ സംഗീതയുമായി ഗോപു ചാറ്റ് ചെയ്തിരുന്നതായി പോലീസ് കണ്ടെത്തി. സംഗീതയില്‍ വിശ്വാസം ഉറപ്പിക്കുന്നതിനായാണ് മറ്റൊരു നമ്പറില്‍ നിന്ന് ഗോപു ചാറ്റ് ചെയ്തത്. ഈ ബന്ധം ദിവസങ്ങളായി തുടരുകയായിരുന്നു. ഇതിനിടെ ഇന്നലെ പുലര്‍ച്ചെ ഒന്നര മണിയോടെ ‘അഖില്‍’ സംഗീതയുടെ വീടിനു സമീപമെത്തി പെണ്‍കുട്ടിയോട് പുറത്തേക്ക് വരാന്‍ ആവശ്യപ്പെട്ടു.

അനുജത്തിക്കൊപ്പം വീട്ടില്‍ ഉറങ്ങുകയായിരുന്ന സംഗീത സഹോദരിയെ അറിയിച്ച് പുറത്തേയ്ക്ക് പോവുകയായിരുന്നു. യുവാവിനെ കണ്ടപ്പോള്‍ ഇത് ഗോപു തന്നെയെന്ന് സംഗീതയ്ക്ക് സംശയം തോന്നിയിരുന്നു. തുടര്‍ന്ന് ഇവര്‍ തമ്മില്‍ സംസാരത്തിനിടയില്‍ കത്തി കൊണ്ട് കഴുത്തു അറുക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. ഹെല്‍മറ്റ് മാറ്റാന്‍ ആവശ്യപ്പെട്ടപ്പോഴാണ് ഗോപു കത്തിയുമായി ആക്രമിച്ചത്. പേപ്പര്‍ മുറിക്കുന്ന കത്തി ഉപയോഗിച്ചായിരുന്നു ആക്രമണം.

മുറിവേറ്റ സംഗീത നിലവിളിച്ചു കൊണ്ട് ഓടിയെത്തി വീടിന്റെ സിറ്റ് ഔട്ടില്‍ വീഴുകയും ഡോറില്‍ അടിക്കുകയും ചെയ്തു. ബഹളം കേട്ട് ഉണര്‍ന്ന് എത്തിയ അച്ഛനും അമ്മയും രക്തത്തില്‍ കുളിച്ചു കിടക്കുന്ന സംഗീതയെ ആണ് കണ്ടത്. തുടര്‍ന്ന് പരിസര വാസികള്‍ എത്തിയാണ് ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചത്. വഴി മധ്യ സംഗീത മരണപ്പെടുകയായിരുന്നു.

കതകില്‍ ആരോ നിര്‍ത്താതെ അടിക്കുന്ന ശബ്ദം കേട്ട് ജനല്‍ തുറന്ന് നോക്കിയപ്പോള്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്ന മകളെയാണ് കണ്ടതെന്ന് സംഗീതയുടെ അച്ഛന്‍ നിറ കണ്ണുകളോടെ പറയുന്നു. കഴുത്തില്‍ ആഴത്തില്‍ മുറിവ് ഉണ്ടായിരുന്നുവെന്നും ബാബുക്കുട്ടന്‍ എന്ന് വിളിക്കുന്ന സജീവ് പറഞ്ഞു.

പ്രതി സംഗീതയുടെ മൊബൈല്‍ എടുത്തു വഴിയില്‍ ഉപേക്ഷിച്ചു. കൃത്യത്തിനു ഉപയോഗിച്ച കത്തി വഴിയരികില്‍ ഉള്ള പുരയിടത്തില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. സംഭവ സ്ഥലത്ത് നിന്ന് പ്രതിയുടെ മൊബൈല്‍ഫോണും പോലീസിന് ലഭിച്ചു. ഇതാണ് പ്രതിയിലേക്ക് എത്താന്‍ പോലീസിനെ സഹായിച്ചത്. ബഹളം കേട്ട് പ്രതി ഓടി മറയുന്നത് കണ്ടുവെന്ന നാട്ടുകാരുടെ മൊഴിയും നിര്‍ണായകമായി. വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു..

Related posts:

Leave a Reply

Your email address will not be published.