ശബ്ദം കേട്ട് ജനല്‍ തുറന്നപ്പോള്‍ കണ്ടത് രക്തത്തില്‍ കുളിച്ച് കിടക്കുന്ന മകളെ; വര്‍ക്കലയില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ അച്ഛന്റെ വാക്കുകള്‍ ഇങ്ങനെ

1 min read

തിരുവനന്തപുരം: വര്‍ക്കലയില്‍ 17 കാരിയായ മകള്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്നത് കണ്ടതിന്റെ നടുക്കത്തിലാണ് സംഗീതയുടെ അച്ഛന്‍. കതകില്‍ ആരോ നിര്‍ത്താതെ അടിക്കുന്ന ശബ്ദം കേട്ടാണ് ജനല്‍ തുറന്ന് നോക്കിയപ്പോള്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്ന മകളെയാണ് കണ്ടതെന്ന് സംഗീതയുടെ അച്ഛന്‍ നിറ കണ്ണുകളോടെ പറയുന്നു. കഴുത്തില്‍ ആഴത്തില്‍ മുറിവ് ഉണ്ടായിരുന്നുവെന്നും ബാബുക്കുട്ടന്‍ എന്ന് വിളിക്കുന്ന സജീവ് പറഞ്ഞു.

വര്‍ക്കല വടശേരി സംഗീത നിവാസില്‍ സംഗീതയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പെണ്‍ക്കുട്ടിയുടെ ആണ്‍ സുഹൃത്തായ പള്ളിയ്ക്കല്‍ സ്വദേശി ഗോപു (20) വിലെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാത്രി 1.30 വീടിന് പുറത്ത് രക്തത്തില്‍ കുളിച്ച നിലയിലാണ് സംഗീതയെ കണ്ടെത്തിയത്. സഹോദരിക്കൊപ്പം ഉറങ്ങാന്‍ കിടന്ന സംഗീതയെ രാത്രി വീടിന് പുറത്തേക്ക് വിളിച്ചിറക്കി പ്രതി ആക്രമിക്കുകയായിരുന്നു. പെണ്‍കുട്ടിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിലേക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരിച്ച സംഗീത രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ്.

പെണ്‍ക്കുട്ടിയുടെ സുഹൃത്തായ ഗോപു, അഖില്‍ എന്ന പേരില്‍ മറ്റൊരു നമ്പറില്‍ നിന്ന് പെണ്‍കുട്ടിയുമായി ചാറ്റ് തുടങ്ങി ബന്ധം സ്ഥാപിച്ചത്. അഖില്‍ ആവശ്യപ്പെട്ട പ്രകാരമാണ് ഇന്നലെ പെണ്‍കുട്ടി വീടിന് പുറത്തേയ്ക്ക് പോയത്. ഹെല്‍മെറ്റ് ധരിച്ചാണ് ഗോപു എത്തിയത്. സംശയം തോന്നിയ പെണ്‍കുട്ടി ഹെല്‍മെറ്റ് മാറ്റാന്‍ ആവശ്യപ്പെട്ടു. ഇതിനിടയില്‍ ഗോപു സംഗീതയെ ആക്രമിക്കുകയായിരുന്നു. പേപ്പര്‍ മുറിക്കുന്ന കത്തി ഉപയോഗിച്ചാണ് പ്രതി ആക്രമിച്ചത്. പ്രതിയെ ചോദ്യം ചെയ്ത് വരുകയാണെന്ന് അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്നും പൊലീസ് അറിയിച്ചു.

Related posts:

Leave a Reply

Your email address will not be published.