പെണ്‍കുട്ടികള്‍ക്ക് സര്‍വകലാശാലകളില്‍ പ്രവേശനം വിലക്കി താലിബാന്‍

1 min read

കാബൂള്‍: അഫ്ഗാന്‍ സര്‍വകലാശാലകളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം വിലക്കി താലിബാന്‍. ഇതുസംബന്ധിച്ച് ഉത്തരവ് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പുറത്തിറക്കി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ സ്ത്രീകളുടെ വിദ്യാഭ്യാസം നിര്‍ത്തിവയ്ക്കുന്നത് സംബന്ധിച്ച ഉത്തരവ് ഉടന്‍ നടപ്പിലാക്കണമെന്ന് സര്‍ക്കാര്‍ സ്വകാര്യ സര്‍വകലാശാലകള്‍ക്ക് അയച്ച കത്തില്‍ അഫ്ഗാനിസ്ഥാന്‍ ഉന്നതവിദ്യാഭ്യാസ മന്ത്രി നേദാ മുഹമ്മദ് നദീം വ്യക്തമാക്കുന്നു. നേരത്തെ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ചിരുന്നു. കഴിഞ്ഞ മാസം സ്ത്രീകള്‍ക്ക് പാര്‍ക്കുകളിലും വ്യായാമ കേന്ദ്രങ്ങളിലും താലിബാന്‍ പ്രവേശനം വിലക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് പുതിയ നടപടി.രാജ്യത്തുടനീളം ആയിരക്കണക്കിന് പെണ്‍കുട്ടികളും സ്ത്രീകളും സര്‍വകലാശാലാ പ്രവേശന പരീക്ഷ എഴുതി ഫലം കാത്തിരിക്കവേയാണ് താലിബാന്റെ പുതിയ നീക്കം. അഫ്ഗാനിലെ സര്‍വകലാശാലകള്‍ നിലവില്‍ ശൈത്യകാല അവധിയിലാണ്. മാര്‍ച്ചിലാണ് വീണ്ടും തുറക്കുന്നത്.രാജ്യം പിടിച്ചടക്കിയതിനുശേഷം ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറെ ക്ലാസ് മുറികള്‍ അടക്കം നിരവധി പുതിയ നിയമങ്ങള്‍ താലിബാന്‍ നടപ്പിലാക്കിയിരുന്നു. സ്ത്രീകളെ വനിതാ പ്രൊഫസര്‍മാരോ പ്രായമായ പുരുഷന്മാരോ മാത്രമേ പഠിപ്പിക്കാന്‍ പാടുള്ളൂ എന്ന നിയമവും നടപ്പിലാക്കിയിരുന്നു.അതേസമയം, താലിബാന്റെ പുതിയ ഉത്തരവിനെ ഐക്യരാഷ്ട്ര സഭയും മനുഷ്യാവകാശ സംഘടനകളും അപലപിച്ചു. പൗരാവകാശങ്ങള്‍ അംഗീകരിക്കാത്തിടത്തോളം താലിബാനെ അന്താരാഷ്ട്ര സമൂഹത്തിന് അംഗീകരിക്കാനാവില്ലെന്ന് യു എന്‍ വ്യക്തമാക്കി.

Related posts:

Leave a Reply

Your email address will not be published.