കോണ്‍ഗ്രസ് കോമയിലാണ്, രാഹുല്‍ ആദ്യം സ്വന്തം സമയം ശരിയാക്കട്ടെ; ആം ആദ്മി പാര്‍ട്ടി

1 min read

ചണ്ഡിഗഡ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയപ്പെടാന്‍ കാരണം ആം ആദ്മി പാര്‍ട്ടിയുടെ പാവനാടകമാണെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തിനെതിരെ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ രംഗത്ത്. ‘രാഹുല്‍ ഗാന്ധി എത്ര തവണ ഗുജറാത്ത് സന്ദര്‍ശിച്ചു. ഒരിക്കല്‍ മാത്രം, സംസ്ഥാനത്ത് ഒരു സന്ദര്‍ശനം കൊണ്ട് തെരഞ്ഞെടുപ്പില്‍ വിജയിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചു’. ഭഗവന്ത് മാന്‍ തിരിച്ചടിച്ചു.

‘സൂര്യന്‍ അസ്തമിക്കുന്നിടത്താണ് തെരഞ്ഞെടുപ്പ് നടന്നത് (ഗുജറാത്ത്), സൂര്യന്‍ ആദ്യം ഉദിക്കുന്നിടത്ത് നിന്ന് (കന്യാകുമാരി) രാഹുല്‍ ഗാന്ധി തന്റെ ‘പദയാത്ര’ ആരംഭിച്ചു. ആദ്യം അദ്ദേഹം തന്റെ സമയം ശരിയാക്കട്ടെ. കോണ്‍ഗ്രസ് മാറ്റത്തിന്റേതല്ല, കൈമാറ്റങ്ങളുടേതാണ്’. ഭഗവന്ത് മാന്‍ പറഞ്ഞു. കോണ്‍ഗ്രസ് എംഎല്‍എമാര്‍ എതിര്‍ പാര്‍ട്ടികളിലേക്ക് ചേക്കേറുകയാണെന്ന് അദ്ദേഹം ആരോപിച്ചു. പാര്‍ട്ടി ദാരിദ്ര്യത്തിലായിരിക്കുന്നു, അവര്‍ തങ്ങളുടെ എംഎല്‍എമാരെ എതിരാളികളായ പാര്‍ട്ടികള്‍ക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ വില്‍ക്കുന്നു. കോണ്‍ഗ്രസ് പാര്‍ട്ടി കോമാ അവസ്ഥയിലാണ്. മഹാരാഷ്ട്രയിലും മധ്യപ്രദേശിലും കോണ്‍ഗ്രസാണ് സര്‍ക്കാരുണ്ടാക്കിയത്. എന്നാലിപ്പോള്‍ അവിടെ ഭരണത്തിലുള്ളത് ബിജെപിയാണെന്നും ഭഗവന്ത് മാന്‍ പറഞ്ഞു.

കോണ്‍ഗ്രസിനെ തറപറ്റിക്കാന്‍ ബിജെപി ആം ആദ്മി പാര്‍ട്ടിയെ ഉപയോഗിക്കുകയായിരുന്നെന്നും അവര്‍ ബിജെപിയുടെ പാവകളായിരുന്നില്ലെങ്കില്‍ കോണ്‍ഗ്രസ് ഗുജറാത്തില്‍ ജയിച്ചേനെ എന്നുമാണ് രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടത്. ബിജെപിയുടെ പ്രധാന എതിരാളി തങ്ങളാണെന്നും സര്‍ക്കാര്‍ രൂപീകരിക്കുമെന്നും എഎപി അവകാശപ്പെട്ടിരുന്നു. അഞ്ച് സീറ്റുകള്‍ നേടി ഗുജറാത്തില്‍ കാലുറപ്പിക്കാന്‍ മാത്രമാണ് എഎപിക്ക് കഴിഞ്ഞത്. 1985ലെ തെരഞ്ഞെടുപ്പില്‍ 149 സീറ്റുകള്‍ എന്ന കോണ്‍ഗ്രസിന്റെ 37 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡാണ് ഇത്തവണ ബിജെപി മറികടന്നത്. ഗുജറാത്തിന്റെ തെരഞ്ഞെടുപ്പു ചരിത്രത്തിലെ ഏതൊരു രാഷ്ട്രീയ പാര്‍ട്ടിക്കും നേടാനാകാത്ത ഏറ്റവും മികച്ച സീറ്റ് നേട്ടമായ 182ല്‍ 156 സീറ്റുകളും ഇക്കുറി ബിജെപി നേടി. 2002ലെ തെരഞ്ഞെടുപ്പില്‍ നേടിയ 127 ആയിരുന്നു ഇതുവരെ ബിജെപിയുടെ ഏറ്റവും മികച്ച സീറ്റ് നില.

Related posts:

Leave a Reply

Your email address will not be published.