തമിഴ്‌നാട് മന്ത്രിയുടെ മകന്റെ കല്യാണത്തിന് കോട്ടയത്തെ ആനകള്‍
1 min readതമിഴ്‌നാട്ടിലെ മന്ത്രിയുടെ മകന്റെ കല്യാണത്തിനു കൊഴുപ്പേകാന്‍ കേരളത്തില്‍ നിന്ന് ആനകളെ എത്തിച്ച സംഭവം വിവാദമായി. റജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി പി.മൂര്‍ത്തിയുടെ മകന്റെ കല്യാണം കൊഴുപ്പിക്കാനാണു കോട്ടയം ജില്ലയില്‍ നിന്നുള്ള നാരായണന്‍കുട്ടി, സാധു എന്നീ ആനകളെ ഗജപൂജയ്‌ക്കെന്ന പേരില്‍ മധുരയിലെത്തിച്ചത്. സെപ്റ്റംബര്‍ 30നു നടന്ന മന്ത്രിയുടെ മകന്റെ കല്യാണത്തിന് മുഖ്യമന്ത്രിയടക്കമുള്ള അതിഥികളെ സ്വീകരിക്കാന്‍ ഈ ആനകളെ ഉപയോഗിച്ചു.
കഴിഞ്ഞ ദിവസം വിവരാവകാശ നിയമപ്രകാരം കിട്ടിയ വിവരങ്ങള്‍ വഴിയാണു സംഭവം പുറത്തായത്. വനം വകുപ്പു നല്‍കിയ മറുപടിയില്‍ വിവാഹം നടന്ന തീയതിയില്‍ കേരളത്തില്‍ നിന്ന് ആനകളെ കൊണ്ടു വരാന്‍ അനുമതി നല്‍കിയിരുന്നെന്നും ഇതു മധുരയില്‍ നടക്കുന്ന ഗജപൂജയില്‍ പങ്കെടുപ്പിക്കാന്‍ മാത്രമായിരുന്നെന്നും വ്യക്തമാക്കിയിട്ടുണ്ട്. വിവാഹ ചടങ്ങുകള്‍ക്ക് ആനകളെ ഉപയോഗിക്കാന്‍ നിരോധനമുള്ളതിനാലാണ് ഗജപൂജയെന്ന പേരില്‍ കൊണ്ടുവന്നതെന്നാണ് വാദം. വിവാഹത്തിനായി കോടിക്കണക്കിനു രൂപ ചെലവിട്ടെന്ന ആരോപണം നിലനില്‍ക്കേയാണു പുതിയ വിവാദം.
വിവാഹത്തിന്റെ ആഘോഷത്തോടനുബന്ധിച്ചുള്ള ഗജപൂജയ്ക്കാണ് ആനകളെ കൊണ്ടു പോയതെന്നു ആനകളുടെ ഉടമകളായ എം. മധു, പോത്തന്‍ വര്‍ഗീസ് എന്നിവര്‍ പറഞ്ഞു. കേരളത്തില്‍ നിന്നു പുറത്തേക്ക് കൊണ്ടു പോകുന്നതിനു മുന്‍പ് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ ആനകളെ പരിശോധിച്ച് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നു. യാത്ര സംബന്ധിച്ച് എല്ലാ രേഖകളും ഹാജരാക്കിയിരുന്നു. വിവരങ്ങള്‍ മറച്ചുവച്ചിരുന്നില്ലെന്നും ഇവര്‍ പറഞ്ഞു.