ചൈനയുടെ പ്രകോപനത്തിന് ആകാശത്ത് കരസേനയുടെ മറുപടി.

1 min read

യുഎസ് സൈന്യവുമായി രണ്ടാഴ്ച മുന്‍പു നടത്തിയ സംയുക്താഭ്യാസമാണ് തവാങ്ങിലെ യാംഗ്‌സിയില്‍ തള്ളിക്കയറാന്‍ ചൈനീസ് സൈന്യത്തെ പ്രകോപിപ്പിച്ചതെങ്കില്‍ അഭ്യാസങ്ങളില്‍നിന്നു പിന്മാറാന്‍ തയാറല്ലെന്നു വിളിച്ചറിയിച്ചുകൊണ്ടു കിഴക്കന്‍ മേഖലയില്‍ തന്നെ മറ്റൊരു അഭ്യാസവുമായി ഇന്ത്യന്‍ വ്യോമസേന മുന്നോട്ട്. കിഴക്കന്‍ കമാന്‍ഡിന്റെ ആഭിമുഖ്യത്തിലാണ് ഇന്നലെയാരംഭിച്ച ദ്വിദിന അഭ്യാസം. മറ്റു സൈനികവിഭാഗങ്ങള്‍ പങ്കെടുക്കുന്നില്ല. അഭ്യാസം നേരത്തേ തീരുമാനിച്ചതാണെന്നും അതിര്‍ത്തി സംഘര്‍ഷവുമായി ബന്ധമില്ലെന്നും വ്യോമസേന വ്യക്തമാക്കിയിട്ടുണ്ട്. എങ്കിലും പുതിയ സാഹചര്യത്തില്‍ വ്യോമാഭ്യാസം പ്രത്യേകം ശ്രദ്ധയാകര്‍ഷിക്കുന്നു. കാരണം നിലത്തു പ്രശ്‌നങ്ങള്‍ വഷളാക്കാന്‍ ചൈന ശ്രമിക്കയാണെങ്കില്‍ കരസേനയോടൊപ്പം വ്യോമസേനയും രംഗത്തെത്തേണ്ടിവരും.

അസമിലെ തേസ്പുര്‍, ജോര്‍ഹട്ട്, ഛാബുവ, ബംഗാളിലെ ഹാഷിമാര എന്നീ വ്യോമതാവളങ്ങളാണ് പ്രധാന അഭ്യാസകേന്ദ്രങ്ങള്‍. അരുണാചലില്‍ യുദ്ധവിമാനമിറങ്ങാവുന്ന താവളങ്ങളില്ലാത്തതിനാല്‍ ഈ വ്യോമതാവളങ്ങളാവും പ്രധാന പ്രതിരോധകേന്ദ്രങ്ങള്‍. അരുണാചലിലെ തവാങ്ങില്‍ ഒരു വ്യോമതാവളമുണ്ടെങ്കിലും അവിടെ യുദ്ധവിമാനങ്ങള്‍ക്ക് ലാന്‍ഡ് ചെയ്യാനാവില്ല. സൈനികചരക്കുകള്‍ ഇറക്കാവുന്ന അഡ്വാന്‍സ്ഡ് ലാന്‍ഡിങ് ഗ്രൗണ്ടുകള്‍ തവാങ്, ആലോങ്, മേചുക്ക, പാസിഗഢ്, ടൂട്ടിങ്, വിജയ്‌നഗര്‍, വാലോങ്, സിരോ, ദപ്പൊരിജൊ, ആലിന്യ എന്നീ സ്ഥലങ്ങളിലുണ്ട്. ഇവയില്‍ മിക്കവയും കഴിഞ്ഞ 15 കൊല്ലത്തിനുള്ളില്‍ നിര്‍മിച്ചവയാണ്.

ഷിഗാറ്റ്‌സെ ആണ് ടിബറ്റിലെ ചൈനയുടെ പ്രധാനവ്യോമതാവളം. ഇന്ത്യന്‍ വ്യോമസേന അഭ്യാസം പ്രഖ്യാപിച്ചതോടെ ഷിഗാറ്റ്‌സെയില്‍ ചൈനീസ് വ്യോമസേന ആകാശക്കാവല്‍ ശക്തമാക്കിയതായി അറിയുന്നു. യുദ്ധവിമാനങ്ങള്‍ കൂടാതെ, ശത്രുവിമാനങ്ങള്‍ നേരത്തേ കണ്ടെത്തി മുന്നറിയിപ്പു നല്‍കുന്ന ഏര്‍ലി വാണിങ് വിമാനങ്ങളും ഷിഗാറ്റ്‌സെയില്‍ എത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.

ചൈനീസ് അതിര്‍ത്തിയില്‍ വ്യോമസേന പ്രതിരോധനിലപാടിനോടൊപ്പം ആക്രമണനിലപാടിലുമാണ്. കാര്യമായ വൃക്ഷപ്പടര്‍പ്പുകളില്ലാത്ത തുറന്ന പീഠഭമൂമിയാണ് ടിബറ്റ്. അതിനാല്‍ ചൈനീസ് സൈന്യത്തിന്റെ ഏതു വന്‍ നീക്കവും ഉപഗ്രഹചിത്രങ്ങളിലൂടെ നേരത്തേ നിരീക്ഷിച്ചു കണ്ടെത്താന്‍ സാധിക്കും.

ഡിസംബര്‍ 9നു കടന്നുകയറാന്‍ ശ്രമിച്ച പ്രദേശത്തിനടുത്ത് ചൈനീസ് സൈന്യം അടുത്തകാലത്തു നിര്‍മാണപ്രവര്‍ത്തനം നടത്തിയത് ഇന്ത്യയുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. അന്നുമുതല്‍ തവാങ് പ്രദേശത്തു കാവല്‍ ശക്തമാക്കിയതിനാലാണു കടന്നുകയറ്റം ചെറുക്കാന്‍ സാധിച്ചത്. കടുത്ത ശൈത്യത്തില്‍ ഒഴിഞ്ഞുപോരാറുള്ള മലമുകളില്‍നിന്നുപോലും ഇക്കുറി പിന്മാറിയിരുന്നില്ല.

കരസേനയ്ക്ക് കരുത്തായി പ്രഹരകോര്‍

ചൈനയുമായുള്ള അതിര്‍ത്തിയില്‍ കരസേന പരമ്പരാഗതമായി പ്രതിരോധ നിലപാടിലായിരുന്നുവെങ്കിലും എ.കെ.ആന്റണി പ്രതിരോധമന്ത്രിയായിരുന്ന കാലത്ത് ഒരു പ്രഹര കോര്‍ രൂപീകരിക്കാന്‍ അനുമതി നല്‍കിയതോടെ അതു മാറിത്തുടങ്ങി. നരേന്ദ്ര മോദി സര്‍ക്കാരിനുകീഴില്‍ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ആയിരുന്ന ജനറല്‍ ബിപിന്‍ റാവത്ത് ആരംഭിച്ച സമഗ്രപരിഷ്‌ക്കാരങ്ങളുടെ ഭാഗമായി പാനാഗഢ് ആസ്ഥാനമായ ഈ കോറിനെ 3 സംയുക്ത പോരാട്ട യൂണിറ്റുകളായി വാര്‍ത്തെടുത്തിട്ടുണ്ട്. സാവധാനം നീങ്ങുന്ന പഴയ ശൈലിയിലുള്ള വന്‍ കോറുകളെക്കാള്‍ ദ്രുതഗതിയില്‍ ചലിക്കുന്ന ചെറിയ പോരാട്ട യൂണിറ്റുകളാണ് ആവശ്യമെന്നായിരുന്നു റാവത്തിന്റെ വാദം.

Related posts:

Leave a Reply

Your email address will not be published.