ഒടുവില്‍ അച്ഛന്റെ മന്ത്രിസഭയില്‍ മകന്‍ മന്ത്രിയായി സ്ഥാനമേറ്റു.
1 min readനടനും നിര്‍മ്മാതാവുമായ ഉദയനിധി സ്റ്റാലിന്‍ തമിഴ്‌നാട്ടിലെ പുതിയ മന്ത്രിയായി സ്ഥാനമേറ്റു. ഇന്ന് രാവിലെ 9.30ന് ചെന്നൈ രാജ്ഭവന്‍ ദര്‍ബാര്‍ ഹാളില്‍ നടന്ന ചടങ്ങിലാണ് ഉദയനിധി സ്റ്റാലിന്‍ സ്ഥാനമേറ്റത്. നിലവില്‍ ഡിഎംകെ മന്ത്രിസഭയിലെ മന്ത്രിമാരുടെ എണ്ണം 35 ആയി. തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍എന്‍ രവി ഉദയനിധിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ശിവ വി മെയ്യനാഥന്‍ ഇതുവരെ കൈകാര്യം ചെയ്തിരുന്ന യുവജനക്ഷേമ കായിക വികസന വകുപ്പാണ് ഉദയനിധി സ്റ്റാലിന് ലഭിച്ചത്. സ്റ്റാലിന്‍, ഭാര്യ ദുര്‍ഗ, ഉദയനിധിയുടെ ഭാര്യ കിരുത്തിഗ, എംപിമാരായ കനിമൊഴി കരുണാനിധി, ദയാനിധി മാരന്‍, മന്ത്രിമാര്‍ എന്നിവരും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു.
സാമൂഹ്യനീതി പദ്ധതികള്‍ നടപ്പിലാക്കുകയും തമിഴരുടെ ക്ഷേമം സംരക്ഷിക്കുകയും ചെയ്യുന്ന ദ്രാവിഡ മോഡല്‍ ഗവണ്‍മെന്റിന്റെ മന്ത്രിസഭയുടെ ഭാഗമാകാന്‍ അവസരം നല്‍കിയതിന് ഉദയനിധി ട്വിറ്ററില്‍ തന്റെ പിതാവിന് നന്ദി പറഞ്ഞു. ‘അത് ഒരു പദവിയായി കണക്കാക്കാതെ ഞാന്‍ ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കും,’ അദ്ദേഹം ട്വീറ്റ് ചെയ്തു.