ചൈനീസ് സൈനികര്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചത് ഇന്ത്യന്‍ സൈനികര്‍ തിരിച്ചടിച്ചപ്പോള്‍ പിന്‍വാങ്ങി
1 min readതവാങിലെ സംഘര്‍ഷത്തില്‍ ഇന്ത്യന്‍ സൈനികര്‍ക്കാര്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടില്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. രാജ്യസഭയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ചൈനീസ് സൈനികരെ ഇന്ത്യന്‍ സൈനികര്‍ തുരത്തിയെന്നും ഒരിഞ്ച് ഭൂമി പോലും വിട്ടുനല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
യഥാര്‍ത്ഥ നിയന്ത്രണ രേഖ മറികടക്കാന്‍ ചൈനീസ് സൈന്യം ശ്രമം നടത്തിയെന്ന് പ്രതിരോധ മന്ത്രി സഭയില്‍ പറഞ്ഞു. ഇന്ത്യന്‍ സൈനീകര്‍ക്കാര്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടില്ല. ചൈനീസ് സേനക്ക് ശക്തമായ തിരിച്ചടി നല്കി. ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചതോടെ ചൈനീസ് സൈന്യം പിന്‍വാങ്ങി. നയതന്ത്രതലത്തിലൂടെ വിഷയം ചൈനീസ് സര്‍ക്കാരുമായി ചര്‍ച്ച ചെയ്തു. ഏത് വെല്ലുവിളിയേയും സൈന്യം ചെറുക്കുമെന്നും രാജ്നാഥ് സിങ് പറഞ്ഞു.
രണ്ട് മണിക്കാണ് സഭയില്‍ പ്രതിരോധ മന്ത്രിയുടെ പ്രസ്താവന നടത്താന്‍ തീരുമാനിച്ചത്. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് 2 മണിക്ക് ഉള്ള പ്രസ്താവന 12.30ക്ക് ആക്കണമെന്ന് സര്‍ക്കാര്‍ സ്പീക്കറോട് അഭ്യര്‍ത്ഥിച്ചിരുന്നു. ചൈനീസ് വിഷയത്തില്‍ ബഹളം വെച്ച പ്രതിപക്ഷത്തെ വിമര്‍ശിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ രംഗത്ത് വന്നു. ശൂന്യവേള അനുവദിക്കാത്ത പ്രതിപക്ഷത്തിന്റെ നടപടി അപലപനീയമെന്ന് അദ്ദേഹം പറഞ്ഞു. രാജീവ് ഗാന്ധി ഫൗണ്ടേഷനുമായി ബന്ധപ്പെട്ട ചോദ്യം സഭയില്‍ വരുന്നതിലാണ് കോണ്‍ഗ്രസിന്റെ ആശങ്ക. രാജീവ് ഗാന്ധി ഫൗണ്ടേഷന് 2005 07 കാലത്ത് 1.35 കോടി രൂപ ചൈനീസ് എംബസിയില്‍ നിന്ന് സംഭാവന ലഭിച്ചെന്നും അമിത് ഷാ കുറ്റപ്പെടുത്തി.