തൃശ്ശൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്നും പതിനഞ്ചുകാരന്‍ ആംബുലന്‍സുമായി കടന്നു

1 min read

തൃശ്ശൂര്‍: ചികിത്സയ്ക്ക് എത്തിയ പതിനഞ്ചുകാരന്‍ ആംബുലന്‍സ് ഓടിച്ചു പോയി. തൃശ്ശൂര്‍ ജില്ലാ ആശുപത്രിയിലാണ് സംഭവം. നാല് ദിവസമായി പനി ബാധിച്ച് തൃശ്ശൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പതിനഞ്ച് വയസ്സുകാരന്‍ ആണ് ആശുപത്രിയിലുണ്ടായിരുന്ന ആംബുലന്‍സ് ഓടിച്ചു പോയത്. ആശുപത്രിയില്‍ നിന്നും എട്ട് കിലോമീറ്റര്‍ അകലെ ഒല്ലൂരില്‍ വച്ചാണ് ഒടുവില്‍ ആംബുലന്‍സ് തടഞ്ഞ് പതിനഞ്ചുകാരനെ പിടികൂടിയത്.

ഒല്ലൂര്‍ പിന്നിട്ട് ആനക്കല്‍ ഭാഗത്തേക്ക് തിരിഞ്ഞ ആംബുലന്‍സ് ഇവിടെ വച്ച് നിന്നു പോയി. ഇതോടെ വണ്ടി തള്ളാന്‍ പതിനഞ്ചുകാരന്‍ നാട്ടുകാരുടെ സഹായം തേടി. കുട്ടി ആംബുലന്‍സ് ഓടിക്കുന്നത് കണ്ട് നാട്ടുകാര്‍ വണ്ടിക്ക് ചുറ്റും കൂടിയതിന് പിന്നാലെ ആംബുലന്‍സ് ഡ്രൈവര്‍ സംഭവസ്ഥലത്തേക്ക് എത്തി. പിന്നാലെ ആംബുലന്‍സിനേയും കുട്ടി ഡ്രൈവറേയും പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.

കേരള മെഡിക്കല്‍ സര്‍വ്വീസിന്റെ 108 ആംബുലന്‍സാണ് പതിനഞ്ചുകാരന്‍ ആശുപത്രി വളപ്പില്‍ നിന്നും എടുത്ത് ഓടിച്ചുപോയത്. ആംബുലന്‍സ് ഡ്രൈവര്‍ കീ വണ്ടിയില്‍ വച്ച് ശുചിമുറിയിലേക്ക് പോയ സമയത്താണ് കുട്ടി ആംബുലന്‍സ് എടുത്ത് കടന്നത് എന്നാണ് വിവരം. കുട്ടി ആംബുലന്‍സുമായി നഗരത്തിലേക്ക് കടക്കുമ്പോള്‍ കിസാന്‍ സഭയുടെ സമ്മേളനത്തിന് ഭാഗമായി നിരവധി വണ്ടികളും ആളുകളും വന്നു കൊണ്ടിരിക്കുകയായിരുന്നു. ഭാഗ്യവശാല്‍ ഇവര്‍ക്ക് അപകടമൊന്നുമുണ്ടായില്ല. 30 കിലോമീറ്റര്‍ വേഗതയിലാണ് ആംബുലന്‍സ് പോയത് എന്നാണ് വിവരം.

വീട്ടിലെ കാര്‍ മുന്നോട്ടും പിന്നോട്ടും എടുത്തുള്ള പരിചയം മാത്രമാണ് പതിനഞ്ചുകാരനുള്ളത് എന്നാണ് വീട്ടുകാര്‍ പറയുന്നത്. ജില്ല ആശുപത്രിയിലെ ജീവനക്കാരിയുടെ മകന്‍ കൂടിയാണ് ഈ പതിനഞ്ചുകാരന്‍. കുട്ടിക്ക് പതിനഞ്ച് വയസ്സ് മാത്രമേയുള്ളൂ എന്നതിനാല്‍ പൊലീസ് കേസെടുത്തിട്ടില്ല. ബന്ധപ്പെട്ടവരുടെയെല്ലാം വിശദമായ മൊഴിയെടുത്ത ശേഷം തുടര്‍നടപടി സ്വീകരിക്കാനാണ് പൊലീസിന്റെ തീരുമാനം.

Related posts:

Leave a Reply

Your email address will not be published.