ദുര്‍മരണങ്ങള്‍ ഒഴിവാക്കാന്‍ പൂജ; മന്ത്രവാദിനിയും സംഘവും തട്ടിയെടുത്തത് 55 പവന്‍ സ്വര്‍ണ്ണവും ഒന്നരലക്ഷം രൂപയും

1 min read

തിരുവനന്തപുരം: തലസ്ഥാനത്ത് ദുര്‍മരണങ്ങളുടെ പേരില്‍ മന്ത്രവാദിനിയും സംഘവും ചേര്‍ന്ന് തട്ടിയത് 55 പവന്‍ സ്വര്‍ണ്ണവും ഒന്നര ലക്ഷം രൂപയും. തിരുവനന്തപുരം നഗരത്തിന്റെ പ്രാന്തപ്രദേശമായ വെള്ളായണിയിലാണ് മന്ത്രവാദത്തിന്റെ മറവില്‍ പണവും സ്വര്‍ണ്ണവും കവര്‍ന്നത്. ആള്‍ ദൈവം ചമഞ്ഞെത്തിയവര്‍ വീട്ടില്‍ നിന്ന് സ്വര്‍ണ്ണവും പണവും കവര്‍ന്നെന്ന് വീട്ടുകാര്‍ ആരോപിച്ചു. കുടുംബത്തില്‍ മരണങ്ങള്‍ തുടര്‍ക്കഥയായപ്പോഴാണ് ഇവര്‍ മന്ത്രവാദത്തിലേക്ക് തിരിഞ്ഞതെന്നാണ് വീട്ടുകാര്‍ പറയുന്നത്. പല വര്‍ഷങ്ങളിലായി കുടുംബത്തിലെ നാലോണം പേരാണ് അകാലത്തില്‍ മരണമടഞ്ഞത്. ഇതേ തുടര്‍ന്നാണ് ഇവര്‍ മന്ത്രവാദിനിയെ സമീപിക്കുന്നത്.

കുടുംബത്തിലെ ദുര്‍മരണങ്ങളില്‍ ഭയന്ന് വെള്ളായണി പുഞ്ചക്കരി കൊടിയില്‍ വീട്ടിലെ വിശ്വംഭരനും മക്കളും ഇതേക്കുറിച്ച് പലരോടും സംസാരിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഒരു വക്കീല്‍ പറഞ്ഞത് അനുസരിച്ചാണ് ‘തെറ്റിയോട് ദേവി’യെന്ന് അവകാശപ്പെടുന്ന കളിയിക്കാവിള സ്വദേശിനി വിദ്യയെ ഇവര്‍ കാണുന്നത്. 2021 ലാണ് സംഭവങ്ങള്‍ നടക്കുന്നത്. കുടുംബത്തില്‍ ദുര്‍മരണങ്ങള്‍ അടിക്കടി ഉണ്ടാകുന്നത് കുടുംബത്തിലെ ശാപം കൊണ്ട് ആണെന്നും അത് മാറ്റാമെന്നും പറഞ്ഞ് അന്ന് തന്നെ വീട്ടുകാര്‍ക്ക് ഒപ്പം ആള്‍ദൈവവും വെള്ളായണിയില്‍ എത്തി.

വീട്ടുകാരുടെ സാമ്പത്തിക സ്ഥിതി മനസ്സിലാക്കിയ വിദ്യ, ദേവി പൂജയ്ക്ക് വേണ്ടി സ്വര്‍ണ്ണവും പണവും വീട്ടിലെ തന്നെ അലമാരിയില്‍ വെച്ച് പൂജിക്കണമെന്ന് പറഞ്ഞു. അല്ലെങ്കില്‍ കുടുംബത്തില്‍ ഉടനെ മറ്റൊരു ദുര്‍മരണം കൂടി നടക്കുമെന്നും വിദ്യ പറഞ്ഞു.വിദ്യയോടൊപ്പം നാലംഗ സംഘവും പൂജയ്ക്കായി വീട്ടിലെത്തിയിരുന്നു. മന്ത്രവാദിനി അവശ്യപ്പെട്ടതനുസരിച്ച് വീട്ടുകാര്‍ തങ്ങളുടെ കൈവശമുള്ള 55 പവന്‍ സ്വര്‍ണ്ണവും ഒന്നര ലക്ഷം രൂപയും വിദ്യയ്ക്ക് നല്‍കി. തുടര്‍ന്ന് വിദ്യ സ്വര്‍ണ്ണവും പണവും വീട്ടിലെ തന്നെ അലമാരിയില്‍ വെച്ച് പൂട്ടി. മറ്റാരും പൂജാ മുറിയില്‍ പ്രവേശിക്കരുതെന്നും താന്‍ എത്തി അലമാര തുറക്കുമെന്നും അതിന് മുന്‍പ് ആരെങ്കിലും തുറന്നാല്‍ അലമാരയ്ക്കുള്ളില്‍ കാവല്‍ ഇരിക്കുന്ന കരിനാഗം കൊത്തുമെന്നും ആള്‍ ദൈവം വീട്ടുകാരോട് പറഞ്ഞു.

ഇതിന് ശേഷം പല രാത്രികളില്‍ വിദ്യയും സംഘവും പൂജയ്ക്കായെന്നും പറഞ്ഞ് വീട്ടില്‍ എത്തിയിരുന്നു. മറ്റാര്‍ക്കും പ്രവേശനം ഇല്ലാത്തതിനാല്‍ പൂജ മുറിയില്‍ എന്താണ് നടക്കുന്നതെന്ന് വീട്ടുകാര്‍ക്കും അറിയില്ലായിരുന്നു. മാസങ്ങള്‍ പിന്നിട്ടിട്ടും അലമാരയോ അലമാരയുള്ള മുറിയോ തുറക്കാന്‍ വിദ്യ എത്താതെ വന്നതോടെ വീട്ടുകാര്‍ അന്വേഷിച്ചപ്പോള്‍, ശാപം തീര്‍ന്നില്ലെന്നും മൂന്ന് മാസം കൂടിക്കഴിയണമെന്നുമായിരുന്നു വിദ്യയുടെ മറുപടി. ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ ഗതികെട്ട് വീട്ടുകാര്‍ തന്നെ അലമാര തുറന്നപ്പോളാണ് തങ്ങള്‍ വഞ്ചിക്കപ്പെട്ടെന്ന് മനസിലായതായി വീട്ടുകാര്‍ പരാതിപ്പെട്ടത്.

അലമാര തുറന്നപ്പോള്‍ 55 പവന്‍ സ്വര്‍ണമോ പണമോ ഉണ്ടായിരുന്നില്ല. തുടര്‍ന്ന് കുടുംബം വിദ്യയുമായി ബന്ധപ്പെട്ട് സ്വര്‍ണ്ണവും പണവും തിരികെ ചോദിച്ചു. എന്നാല്‍, കുടുംബത്തെ ഒന്നാകെ കുരുതികൊടുക്കുമെന്ന് ഇവര്‍ ഭീഷണിപ്പെടുത്തിയെന്ന് വീട്ടുകാര്‍ ആരോപിക്കുന്നു. ഇക്കഴിഞ്ഞ ചിങ്ങം ഒന്നിന് കുടുംബം നേമം പൊലീസില്‍ സംഭവവുമായി ബന്ധപ്പെട്ട് പരാതി നല്‍കിയെങ്കിലും പൊലീസ് നടപടി എടുത്തില്ലെന്നും വീട്ടുകാര്‍ ആരോപിച്ചു. എന്നാല്‍, പരാതിയിന്‍ മേല്‍ കേസെടുത്ത് അന്വേഷണം നടത്തുകയാണെന്നും 30 പവന്‍ സ്വര്‍ണ്ണം മന്ത്രവാദിനിയായ വിദ്യ തിരികെ ഏല്‍പ്പിച്ചെന്നും ബാക്കിയുള്ള 25 പവന്‍ സ്വര്‍ണ്ണം നല്‍കാമെന്ന് സമ്മതിച്ചതായുമാണ് നേമം പൊലീസ് പറയുന്നത്.

Related posts:

Leave a Reply

Your email address will not be published.