രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര രാജസ്ഥാനിലേക്ക്

1 min read

ദില്ലി: രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര രാജസ്ഥാന്‍ ലക്ഷ്യമാക്കി നീങ്ങുന്നു. അതേസമയം കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധി വിളിച്ചു ചേര്‍ത്ത കോണ്‍ഗ്രസ് പാര്‍ലമെന്റംഗങ്ങളുടെ നയരൂപീകരണ യോഗം ഇന്ന് നടക്കും. രാജ്യസഭാ പ്രതിപക്ഷ നേതാവായി മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ തുടരാനുള്ള തീരുമാനം ഈ യോഗത്തില്‍ സോണിയാ ഗാന്ധി അറിയിക്കും. പകരക്കാരനെ കണ്ടെത്താന്‍ സാധിക്കാത്തതിനാലാണ് ഇത്.

രാഹുല്‍ഗാന്ധിയുടെ ഭാരത് ജേഡോ യാത്ര നാളെ വൈകിട്ടാണ് രാജസ്ഥാനില്‍ പ്രവേശിക്കുന്നത്. 18 നിയമസഭാ മണ്ഡലത്തിലൂടെ 20 ദിവസമായാണ് യാത്ര കടന്നുപോവുക. മുഖ്യമന്ത്രി അശോക് ഗെലോട്ടും സച്ചിന്‍ പൈലറ്റും തമ്മിലുള്ള അധികാര തര്‍ക്കത്തിന് ഭാരത് ജോഡോ യാത്ര എത്താന്‍ ഇരിക്കെ നേതൃത്വം താല്‍ക്കാലിക പരിഹാരം ഉണ്ടാക്കിയിരുന്നു. യാത്രയിലെ ശക്തി പ്രകടനത്തിനായി ഗെലോട് പൈലറ്റ് വിഭാഗങ്ങള്‍ സംസ്ഥാനത്ത് വ്യാപകമായി പോസ്റ്ററുകളും ബാനറുകളും പതിച്ചിട്ടുണ്ട്. യാത്രയ്ക്കായി 15 കമ്മറ്റികളാണ് രാജസ്ഥാന്‍ പിസിസി ഉണ്ടാക്കിയിരിക്കുന്നത്. അതേസമയം ബിജെപി ജന്‍ ആക്രോശ് യാത്ര എന്ന പേരില്‍ 200 മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന യാത്രയും സംസ്ഥാനത്ത് തുടങ്ങിയിട്ടുണ്ട്.

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന് മുന്നോടിയായാണ് പാര്‍ടി മുന്‍ ദേശീയ അധ്യക്ഷ കൂടിയായ സോണിയ ഗാന്ധി കോണ്‍ഗ്രസ് നയരൂപീകരണ സമിതി യോഗം വിളിച്ചത്. ലോക്സഭ, രാജ്യസഭ എംപിമാര്‍ യോഗത്തില്‍ പങ്കെടുക്കും. മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെക്ക് പകരം രാജ്യസഭ പ്രതിപക്ഷ നേതാവ് ആരെന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിലാണ് യോഗം. ശൈത്യകാലം സമ്മേളനത്തില്‍ കൂടി ഖര്‍ഗെ തുടരട്ടെയെന്നാണ് നേതൃത്വത്തിന്റെ നിലപാട് എന്നറിയുന്നു. എന്നാല്‍ ഖര്‍ഗെ തുടര്‍ന്നാല്‍ ഒരാള്‍ക്ക് ഒരു പദവിയെന്ന ഉദയ്പൂര്‍ ചിന്തന്‍ ശിബിര തീരുമാനം ചോദ്യം ചെയ്യപ്പെട്ടേക്കാം.

Related posts:

Leave a Reply

Your email address will not be published.