ഫുട്ബോള്‍ ആരാധന വ്യക്തി സ്വാതന്ത്ര്യം, അവകാശങ്ങള്‍ക്ക് മേല്‍ കൈകടത്തരുത്; ശിവന് കുട്ടി
1 min readകോഴിക്കോട് : ഫുട്ബോള്‍ ലഹരിയാകരുതെന്നും താരാരാധന അതിരുകടക്കരുതെന്നുമുള്ള സമസ്തയുടെ നിര്‍ദ്ദേശത്തിനെതിരെ മന്ത്രി വി ശിവന്‍കുട്ടി. ഫുട്ബോള്‍ ആരാധന വ്യക്തി സ്വാതന്ത്ര്യമാണെന്നും വ്യക്തികളുടെ അവകാശങ്ങള്‍ക്ക് മേല്‍ കൈ കടത്താന്‍ ആര്‍ക്കും അധികാരമില്ലെന്നും ശിവന്‍കുട്ടി കോഴിക്കോട്ട് പറഞ്ഞു. ഫുട്ബോള്‍ ആരാധന വ്യക്തി സ്വാതന്ത്ര്യമാണ്. ഇന്ത്യന്‍ ഭരണഘടന അതിനുള്ള സ്വാതന്ത്ര്യം നല്‍കുന്നുണ്ട്. സമസ്തയ്ക്ക് നിര്‍ദേശം നല്‍കാനുള്ള അവകാശമുണ്ട്. പക്ഷേ അത് സ്വീകരിക്കണോ വേണ്ടയോ എന്ന് വ്യക്തികള്‍ക്ക് തീരുമാനിക്കാമെന്നും ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.
ഫുട്ബോള്‍ ആവേശത്തിനെതിരായ സമസ്ത ഖുതുബ കമ്മിറ്റിയുടെ നിര്‍ദ്ദേശം വലിയ വിവാദമാണ് ഇതിനോടകം സൃഷ്ടിച്ചത്. താരാരാധന അതിരുകടക്കരുതെന്നും ഇസ്ലാമിക വിരുദ്ധ രാജ്യങ്ങളുടെ പതാക കെട്ടുന്നത് ശരിയല്ലെന്നുമാണ് സമസ്ത ഖുതുബ കമ്മിറ്റി പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നത്. കളി കാണാനായി നമസ്കാരം ഉപേക്ഷിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും സമസ്ത വിശദീകരിക്കുന്നു.
ലോകകപ്പിലെ മിക്ക കളികളും ഇന്ത്യയില്‍ രാത്രിയിലും അര്‍ധരാത്രിക്ക് ശേഷവുമാണ് നടക്കുന്നത്. രാത്രിയാവുന്നതുവരെയുള്ള സമയങ്ങളില്‍ കളി കാണുന്നവര്‍ പകലിലും രാത്രിയിലും നടക്കുന്ന ജമാഅത്ത് നമസ്കാരങ്ങള്‍ക്ക് ഭംഗം വരാത്ത വിധമായിരിക്കണം അത് കാണേണ്ടത്. ഫുട്ബോള്‍ ലഹരി ഒരിക്കലും ജമാഅത്ത് നമസ്കാരത്തില്‍നിന്ന് ഒരു വിശ്വാസിയെയും പിറകോട്ടെടുപ്പിക്കരുത്. പതിനായിരങ്ങളും ലക്ഷങ്ങളും മുടക്കിയുള്ള കൂറ്റന്‍ ബോര്‍ഡുകളും കട്ടൗട്ടുകളുമാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഭക്ഷണത്തിന് വകയില്ലാത്തവരും ഒരു തൊഴിലോ വരുമാനമോ ഇല്ലാത്തവരും ഈ ദുര്‍വ്യയത്തില്‍ പങ്കുചേരുന്നുവെന്നത് ആശ്ചര്യമാണ്. ഇത് കാല്പന്തിനോടുള്ള സ്നേഹമല്ല, മറിച്ച് മനസ്സില്‍ കെട്ടിയുയര്‍ത്തിയിട്ടുള്ള തന്റെ ഹീറോയോടുള്ള വീരാരാധനയുടെ ബഹിര്‍സ്ഫുരണം മാത്രമാണെന്നും കുറിപ്പില്‍ പറഞ്ഞു. സ്നേഹവും കളി താല്പര്യവും അതിര് വിട്ട് ആരാധനയിലേക്കെത്തുമ്പോള്‍ അപകടമാണ്. അല്ലാഹുവിനെ മാത്രമേ ആരാധിക്കാവൂ. ഫാന്‍സ് എന്നത് വ്യക്തി ആരാധനയാക്കുന്നത് ശിര്‍ക്കിന്റെ പോലും കാരണമാകുമെന്നും മുന്നറിയിപ്പ് നല്കി.