തൃപ്പൂണിത്തുറ പീഡനം; പെണ്‍കുട്ടിയുടെ അമ്മയെ പരാതി നല്‍കാതിരിക്കാന്‍ സമ്മര്‍ദ്ദത്തിലാക്കി
1 min readതൃപ്പൂണിത്തുറ: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ അധ്യാപകന്‍ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസില്‍ അധ്യാപകര്‍ പെണ്‍കുട്ടിയുടെ കുടുംബത്തെ പരാതി നല്‍കാതിരിക്കാന്‍ നിര്‍ബന്ധിച്ചെന്ന് വിവരം. ഇത് വ്യക്തമായതിനെ തുടര്‍ന്നാണ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ശിവകല, അധ്യാപകരമായ ഷൈലജ, ജോസഫ് എന്നിവരെ ഇന്നലെ അറസ്റ്റ് ചെയ്തത്. അധ്യാപകന്‍ കിരണ്‍ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി ആക്രമിച്ചെന്ന് മനസ്സിലായിട്ടും വിവരം മറച്ചുവെക്കുകയും കുടുംബത്തെ സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്തതിനാണ് നടപടി.
സംഭവത്തില്‍ കിരണ്‍ നേരത്തെ അറസ്റ്റിലായിരുന്നു. കലോത്സവത്തില്‍ പങ്കെടുക്കാന്‍ ഇരുചക്ര വാഹനത്തില്‍ കൊണ്ടുപോയ വിദ്യാര്‍ത്ഥിനിയെ അധ്യാപകന്‍ ലൈംഗികമായി ആക്രമിക്കുകയായിരുന്നു.വിവരം പൊലീസില്‍ അറിയിച്ചത് സ്‌കൂളില്‍ കൗണ്‍സിലിങിന് എത്തുന്ന താത്കാലിക അധ്യാപികയാണ്. പോക്‌സോ വകുപ്പിലെ സെക്ഷന്‍ 21 പ്രകാരമാണ് പ്രിന്‍സിപ്പല്‍ അടക്കമുള്ള മൂന്ന് അധ്യാപകര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. കുട്ടിയുടെ അമ്മയെ പ്രതികള്‍ സ്‌കൂളിലേക്ക് വിളിച്ചുവരുത്തി പരാതി നല്‍കാതിരിക്കാന്‍ സമ്മര്‍ദ്ദത്തിലാക്കിയെന്നാണ് ഇവര്‍ക്കെതിരായ കുറ്റം.
കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം നടന്നത്. പൊന്നുരുന്നിയില്‍ കലോത്സവത്തില്‍ പങ്കെടുക്കാന്‍ അധ്യാപകനൊപ്പമാണ് കുട്ടി പോയത്. ഇരുചക്ര വാഹനത്തിലായിരുന്നു യാത്ര. രാത്രി കലോത്സവം കഴിഞ്ഞ് മടങ്ങി വരുമ്പോഴാണ് അധ്യാപകന്‍ കുട്ടിയെ ലൈംഗികമായി അതിക്രമിച്ചത്. ലൈംഗിക ചുവയോടെ സംസാരിക്കുകയും കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും ചെയ്‌തെന്നാണ് പരാതി. വിവരം പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. വിവരം തൊട്ടടുത്ത ദിവസം സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അടക്കം അറിഞ്ഞു. അമ്മയെ സമ്മര്‍ദ്ദത്തിലാക്കി പരാതി മൂടിവെക്കാനാണ് ഇവര്‍ ശ്രമിച്ചത്. കുട്ടി വിവരം സഹപാഠികളോട് പറയുകയും സ്‌കൂളിലെത്തുന്ന താത്കാലിക കൗണ്‍സിലിങ് ടീച്ചര്‍ ഇക്കാര്യം അറിയുകയും ചെയ്തതോടെയാണ് പ്രതികള്‍ പിടിയിലായത്.
വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പ്രതിഷേധം ശക്തമായതോടെ അധ്യാപകന്‍ നാട് വിട്ടു. ഇയാളെ നാഗര്‍കോവിലിലെ ബന്ധുവീട്ടില്‍ നിന്നും പൊലീസ് പിടികൂടി. ഇയാളെ രക്ഷപ്പെടാന്‍ സഹായിച്ച രണ്ട് പേരെയും കസ്റ്റഡിയിലെടുത്തു. അധ്യാപകന്‍ കിരണ്‍ മുന്‍പും സ്ത്രീകളോട് മോശമായി പെരുമാറിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു