ബലാത്സംഗ കേസില്‍ കുറ്റാരോപിതനായ സിഐ സുനുവിന്റെ ശബ്ദസന്ദേശം പുറത്ത്
1 min readകൊച്ചി: തൃക്കാക്കരയില്‍ യുവതി നല്‍കിയ ബലാത്സംഗ പരാതിയില്‍ കുറ്റാരോപിതനായ സിഐ സുനുവിന്റെ ശബ്ദസന്ദേശം പുറത്ത്. താനും കുടുംബവും ആത്മഹത്യയുടെ വക്കില്ലെന്ന് ശബ്ദസന്ദേശത്തില്‍ സുനു പറയുന്നു. ചെയ്യാത്ത കുറ്റത്തിനാണ് എല്ലാവരും ചേര്‍ന്ന് തന്നെ വളഞ്ഞിട്ട് ആക്രമിക്കുന്നത്. നിലവിലെ കേസില്‍ തെളിവില്ലാത്തതിനാല്‍ മറ്റ് പല രീതിയിലും തന്നെ കുടുക്കാന്‍ ശ്രമിക്കുന്നു. പൊലീസ് ഉദ്യോഗസ്ഥരുടെ വാട്‌സാപ്പ് ഗ്രൂപ്പ് വഴിയാണ് ഓഡിയോ പ്രചരിക്കുന്നത്. കേസില്‍ സുനുവിനെ പ്രതിചേര്‍ത്തിരുന്നെങ്കിലും അറസ്റ്റ് ചെയ്തിരുന്നില്ല.
ബേപ്പൂര്‍ കോസ്റ്റല്‍ പൊലീസ് ഇന്‍സ്‌പെക്ടറാണ് പി ആര്‍ സുനു. 15 പ്രാവശ്യം വകുപ്പ് തല അച്ചടക്ക നടപടി നേരിട്ടുള്ള ഉദ്യോഗസ്ഥനാണ്. ബലാത്സംഗം ഉള്‍പ്പെടെ ആറ് ക്രിമിനല്‍ കേസിലെയും പ്രതിയാണ്. പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഇയാള്‍ക്കെതിരെ നിലവില്‍ അന്വേഷണം അവസാനിപ്പിച്ചതടക്കം എല്ലാ കേസുകളും പുനപ്പരിശോധിക്കാന്‍ ഡിജിപി ഉത്തരവിട്ടിരുന്നു. ഇതോടെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടപ്പെട്ടേക്കുമെന്ന നിലയിലാണ് സുനുവിന്റെ ഭാവി.
തൃക്കാക്കര കൂട്ട ബലാത്സംഗ കേസില്‍ യുവതിയുടെ ആരോപണങ്ങള്‍ ശരിവക്കുന്ന തെളിവുകള്‍ കണ്ടാത്താനായില്ലെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. പിടിയിലാകാനുള്ള പ്രതികള്‍ക്കായുള്ള അന്വേഷണം തുടരുകയാണ്.തുടര്‍ച്ചയായ ചോദ്യം ചെയ്യലുകള്‍ക്കൊടുവിലും പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തില്ല.സുനുവടക്കം പത്ത് പ്രതികള്‍ ഉണ്ടെന്ന് പറയുമ്പോഴും എല്ലാവരിലേക്കും എത്താനും കഴിഞ്ഞിട്ടില്ല. അഞ്ച് പേരെ ഇനിയും തിരിച്ചറിയാനുണ്ട്. യുവതിയുടെ വീട്ടില്‍ ജോലിക്ക് നിന്ന വിജയ ലക്ഷ്മി, വിജയലക്ഷ്മിയുടെ സുഹൃത്ത് രാജീവന്‍, എസ്എച്ച്ഒ പി ആര്‍ സുനു എന്നിവരാണ് പൊലീസ് നിരീക്ഷണത്തിലുള്ളത്. ക്ഷേത്ര ജീവനക്കാരനായ അഭിലാഷ്, പരാതിക്കാരിയുടെ ഭര്‍ത്താവിന്റെ സുഹൃത്ത് ശശി എന്നിവരാണ് കേസിലെ തിരിച്ചറിഞ്ഞ മറ്റ് പ്രതികള്‍. വിജയലക്ഷ്മിയുടെ ഒത്താശയോടെ രണ്ട് സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. കൂട്ട ബലാല്‍സംഗം നടന്നെന്ന പരാതിയില്‍ മെഡിക്കല്‍ പരിശോധനയില്‍ തെളിവ് കണ്ടെത്താനായിട്ടില്ലെന്നും അന്വേഷണ സംഘം വ്യക്തമാക്കി.