ഗുജറാത്ത് സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ 200 സന്ന്യാസിമാർ
1 min read
അഹമ്മദാബാദ്: ഗുജറാത്തിൽ ഇന്ന് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രമുഖർക്കൊപ്പം പങ്കെടുക്കാൻ 200 സന്ന്യാസിമാരും. ചടങ്ങിലേക്ക് പ്രത്യേകം ക്ഷണിക്കപ്പെട്ട സംസ്ഥാനത്തെ 200 സന്ന്യാസിമാർക്കും ഇരിപ്പിടമൊരുക്കും. എല്ലാ സമുദായങ്ങളിൽ നിന്നുമുള്ള അംഗങ്ങളും സദസ്സിലുണ്ടാകുമെന്നും ബിജെപി വൃത്തങ്ങൾ അറിയിച്ചു. മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേലും 25 ഓളം കാബിനറ്റ് മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. 182 സീറ്റുകളിൽ 156 എണ്ണവും 53 ശതമാനം വോട്ടുവിഹിതവും നേടിയാണ് തുടർച്ചയായി ഏഴാം തവണയും ബിജെപി അധികാരത്തിലേറിയത്. ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, നിതിൻ ഗഡ്കരി, മറ്റ് കേന്ദ്ര മന്ത്രിമാർ എന്നിവർ പങ്കെടുക്കും.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും സഖ്യകക്ഷികളും പങ്കെടുക്കും. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, അസമിലെ ഹിമന്ത ബിശ്വ ശർമ, ഹരിയാനയുടെ മനോഹർ ലാൽ ഖട്ടർ, മധ്യപ്രദേശിലെ ശിവരാജ് സിംഗ് ചൗഹാൻ, കർണാടകയിലെ ബസവരാജ് ബൊമ്മൈ, ഉത്തരാഖണ്ഡിലെ പുഷ്‌കർ സിങ് ധാമി, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ, ഉപദേവേന്ദ്ര ഫഡ്‌നാവിസ് എന്നിവരാണ് പട്ടികയിലുള്ളത്.
ബിജെപി അധ്യക്ഷൻ ജെപി നദ്ദ, മുതിർന്ന നേതാവ് ബിഎൽ സന്തോഷ്, ഗുജറാത്തിൽ പ്രചാരണത്തിനെത്തിയ എംപിമാർ എന്നിവരും പങ്കെടുക്കും. സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്ന ഗാന്ധിനഗറിലെ ഹെലിപാഡിൽ മൂന്ന് വലിയ സ്റ്റേജുകൾ തയ്യാറാക്കി. പ്രധാന വേദിയുടെ വലതുവശത്തുള്ള പ്ലാറ്റ്‌ഫോമിൽ പ്രധാനമന്ത്രിക്കും വിവിഐപികൾക്കും സൗകര്യമൊരുക്കും.
പരമ്പരാഗതമായി കോൺഗ്രസിന്റെ കോട്ടയായ പട്ടികജാതിവർഗ വിഭാഗങ്ങൾക്കിടയിൽ ബിജെപി വലിയ മുന്നേറ്റം നടത്തി. കോൺഗ്രസിന് ഇത്തവണ 17 സീറ്റുകൾ മാത്രമാണ് നേടിയത്. കാടിളക്കി പ്രചാരണം നടത്തിയ എഎപി അഞ്ച് സീറ്റിലൊതുങ്ങി. എഎപിയുടെ പ്രധാന നേതാക്കളായ സംസ്ഥാന അധ്യക്ഷൻ ഗോപാൽ ഇറ്റാലിയ, പാട്ടിദാർ നേതാവ് അൽപേഷ് കത്തിരിയ, മുഖ്യമന്ത്രി സ്ഥാനാർഥി ഇസുദൻ ഗധ്വി എന്നിവരെല്ലാം പരാജയപ്പെട്ടു.