പുതുമകൾ നിറഞ്ഞ 74-ാമത് റിപ്പബ്ലിക് ദിനാഘോഷം
1 min readരാജ്യത്തിന്റെ കരുത്തും സ്ത്രീ ശാക്തീകരണവും വിളംബരം ചെയ്യുന്നതായിരുന്നു 74-ാമത് റിപ്പബ്ലിക് ദിനാഘോഷം. ബ്രിട്ടീഷുകാരുടെ ഓർമ്മകളുറങ്ങുന്ന രാജ്പഥിനെ നവീകരിച്ച് കർത്തവ്യപഥ് എന്ന്പേര് മാറ്റിയതിനുശേഷം നടന്ന ആദ്യ റിപ്പബ്ലിക് പരേഡിനാണ് രാജ്യം സാക്ഷ്യം വഹിച്ചത്. സെൻട്രൽ വിസ്തയുടെ തൊഴിലാളികൾ, കർത്തവ്യപഥിലെ ശുചീകരണത്തൊഴിലാളികൾ, റിക്ഷക്കാർ, പാൽ-പച്ചക്കറി-പല വ്യഞ്ജനവിൽപ്പനക്കാർ എന്നിവർ ഇത്തവണ പ്രത്യേക ക്ഷണിതാക്കളായിരുന്നു. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലായ അവർ വി.വി.ഐ.പി. സീറ്റിലിരുന്നാണ് പരേഡ് വീക്ഷിച്ചത്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച 105 എം.എം. ഇന്ത്യൻ ഫീൽഡ്തോക്കുപയോഗിച്ച് 21 ഗൺ സല്യൂട്ടോടെയാണ് പരേഡ് തുടങ്ങിയത്. ഇന്ത്യൻസേന തദ്ദേശീയമായി നിർമ്മിച്ച യുദ്ധോപകരണങ്ങൾ പരേഡിൽ പ്രദർശിപ്പിച്ചു. സി.ആർ.പി.എഫ് വനിതകളും അഗ്നിവീറുകളും പരേഡിന്റെ ഭാഗമായി. ബി.എസ്.എഫിന്റെ ഒട്ടക റജിമെന്റിൽ പുരുഷൻമാർക്കൊപ്പം വനിതകളും പങ്കെടുത്തു. രാജസ്ഥാനിവേഷത്തിലായിരുന്നു വനിതകൾ. ഡൽഹിപോലീസിന്റെ 35 വനിതകൾ അടങ്ങുന്ന പൈപ്പ് ബാൻഡ് പരേഡിന്റെ സവിശേഷതയായി. നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ അവതരിപ്പിച്ച ലഹരിക്കെതിരെയുള്ള നിശ്ചലദൃശ്യം രാജ്യംനേരിടുന്ന സാമൂഹിക വിപത്തിലേക്ക് വെളിച്ചം വീശുന്ന ഒന്നായിരുന്നു. പൂർണ്ണമായും ഇന്ത്യൻ രാഗങ്ങളാണ് ഉൾപ്പെടുത്തിയിരുന്നത്. നാല് ഇന്ത്യൻ രാഗങ്ങൾ ഉൾപ്പെടുത്തിയുള്ള പശ്ചാത്തല സംഗീതമാണ്വ്യോമസേനയുടേത്. ഒരു ഇജീപ്ഷ്യൻനേതാവ് ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കെടുക്കുന്നത് ആദ്യമായാണ്. പ്രസിഡന്റ് അബ്ദുൾ ഫത്ത അൽ സിസിയായിരുന്നു മുഖ്യാതിഥി. ചരിത്രത്തിലാദ്യമായി ഇജീപ്ഷ്യൻ സൈന്യം നമ്മുടെ റിപ്പബ്ലിക് ദിന പരേഡിന്റെ ഭാഗമായി. ഒരുഗോത്രവനിത സല്യൂട്ട് സ്വീകരിക്കുന്ന ആദ്യ റിപ്പബ്ലിക് പരേഡ് എന്ന സവിശേഷതയും 74-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിനു സ്വന്തം.