സിപിഎം കൗണ്‍സിലര്‍ക്കെതിരായ ബിജെപി മാര്‍ച്ചില്‍ സംഘര്‍ഷം
1 min readതിരുവനന്തപുരം: വനിതാ കൗണ്‍സിലര്‍മാരെ അപമാനിച്ച് പരാമര്‍ശം നടത്തിയ തിരുവനന്തപുരം നഗരസഭാ കൗണ്‍സിലര്‍ ഡി.ആര്‍.അനില്‍ രാജിവയ്ക്കണം എന്നാവശ്യപ്പെട്ട് ബിജെപി നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. മെഡിക്കല്‍ കോളെജിന് സമീപത്തുള്ള ഇ.കെ.നായനാര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ഓഫീസിലേക്കായിരുന്നു ബിജെപി മാര്‍ച്ച്. ഓഫീസ് കെട്ടിട്ടത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ കരി ഓയില്‍ ഒഴിച്ചു. പൊലീസും ബിജെപി പ്രവര്‍ത്തകരുമായുള്ള ഉന്തിനും തള്ളിനുമിടയില്‍ ഓഫീസിന്റെ മുന്‍വശത്തെ ചില്ല് തകര്‍ന്നു. ബിജെപി പ്രവര്‍ത്തകരെ ഒടുവില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കി.
അതേസമയം തന്റെ ഓഫീസ് ഇതല്ലെന്നും നഗരസഭയുടെ റസ്റ്റ് ഹൗസ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലേക്കാണ് ബിജെപി മാര്‍ച്ച് നടത്തിയതെന്നും ഡി.ആര്‍.അനില്‍ പറഞ്ഞു. നഗരസഭയുടെ പൊതുമുതലാണ് ബിജെപി നശിപ്പിച്ചതെന്നും സിപിഎം വാദിക്കുന്നു. പൊതുമുതല്‍ നശിപ്പിച്ചതിന് ബിജെപി പ്രവര്‍ത്തകര്‍ക്ക് എതിരെ പരാതി നല്‍കുമെന്ന് ഡെപ്യുട്ടി മേയര്‍ പി.കെ.രാജുവും വ്യക്തമാക്കി.