അഴിമതിക്കെതിരെ സംസാരിക്കുന്ന ഗവര്‍ണറെ അപമാനിക്കുന്നു; വളഞ്ഞിട്ട് ആക്രമിക്കുന്നു: വി.മുരളീധരന്‍

1 min read

ന്യൂഡല്‍ഹി: അഴിമതിക്കെതിരെ സംസാരിക്കുന്ന ഗവര്‍ണറെ അപമാനിക്കാനും വളഞ്ഞിട്ട് ആക്രമിക്കാനുമുള്ള ശ്രമമാണ് കേരളത്തിലെ സി.പി.എം നടത്തുന്നതെന്ന് കേന്ദ്ര സഹമന്ത്രി വി.മുരളീധരന്‍. അതിന്റെ ഭാഗമായിട്ടാണ് സംസ്ഥാന സര്‍ക്കാരിന്റെ ഓണാഘോഷ പരിപാടിയില്‍ നിന്ന് ഗവര്‍ണറെ മാറ്റി നിര്‍ത്തിയത്. സംസ്ഥാന സര്‍ക്കാര്‍ അഴിമതിക്ക് കൂട്ട് നില്‍ക്കുമ്പോള്‍ അല്ലെങ്കില്‍ അവരെ സംരക്ഷിക്കുമ്പോള്‍ ഗവര്‍ണര്‍ ഉത്തരവാദിത്തം നിറവേറ്റണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. ഗവര്‍ണര്‍ തന്റെ ഉത്തരവാദിത്തം നിറവേറ്റുന്നത് കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ പ്രതിരോധത്തിലായിരിക്കുകയാണെന്നും വി.മുരളീധരന്‍ ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സി.പി.എം ഭരിക്കുന്ന കേരളത്തിലെ സര്‍ക്കാരിനിപ്പോള്‍ അഴിമതിക്കാരെ സംരക്ഷിക്കുന്നുവെന്ന പ്രതിച്ഛായ ആണുള്ളത്. ഗവര്‍ണറെ ഭീഷണിപ്പെടുത്തി വരുതിക്ക് നിര്‍ത്താനുള്ള ശ്രമം നടത്തുന്നു. അതിന്റെ തുടക്കമായിരുന്നു ചരിത്ര കോണ്‍ഗ്രസില്‍ തുടങ്ങിവെച്ചത്. തങ്ങളുടെ വരുതിക്ക് നിന്നില്ലെങ്കില്‍ വേണമെങ്കില്‍ കായികമായിട്ട് തന്നെ നേരിടുമെന്ന സന്ദേശമാണ് സി.പി.എം നല്‍കുന്നതെന്നും വി.മുരളീധരന്‍ പറഞ്ഞു.

ചരിത്ര കോണ്‍ഗ്രസില്‍ വെച്ച് ഗവര്‍ണറെ ആക്രമിക്കാന്‍ ശ്രമിച്ചവരെ തടയാന്‍ നോക്കിയ പോലീസുകാരെ വിലക്കിയത് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി കെ.കെ രാഗേഷാണെന്ന് തെളിവു സഹിതം ഗവര്‍ണര്‍ വ്യക്തമാക്കിയിരിക്കുകയാണ്. വിഷയത്തില്‍ ഇതുവരെ ഒരു നടപടിയുമുണ്ടാവാത്തത് പൊളിറ്റിക്കല്‍ സെക്രട്ടറിയെ സംരക്ഷിക്കാനാണ്. വിഷയത്തില്‍ നിയമവാഴ്ച നടപ്പിലാവണമെന്ന് മുഖ്യമന്ത്രിക്ക് ആഗ്രഹമുണ്ടെങ്കില്‍ എന്തുകൊണ്ട് നടപടിയെടുത്തില്ല എന്നതിന്റെ കാരണമെങ്കിലും മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും വി.മുരളീധരന്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഓഫീസ് ക്രിമിനലുകളുടെ താവളമായി മാറിയിരിക്കുന്നു. ചരിത്ര കോണ്‍ഗ്രസ് വിഷയത്തില്‍ അന്വേഷണം നടത്തണം. കെ.കെ രാഗേഷിനെ പുറത്താക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.

സര്‍വകലാശാലകള്‍ ഒരിക്കലും ഭരണസംവിധാനത്തിന്റെ ഭാഗമാവരുതെന്നതാണ് പൊതു തത്വം. അതുകൊണ്ടാണ് ചാന്‍സിലറായി ഗവര്‍ണറെ നിയമിച്ചിരിക്കുന്നത്. സര്‍വകലാശാലകളുടെ സ്വതന്ത്ര പ്രവര്‍ത്തനത്തിന് തടസ്സമില്ലാതിരിക്കാനാണത്. എന്നാല്‍ കേരളത്തില്‍ ഗവര്‍ണറെ ചാന്‍സിലര്‍ സ്ഥാനത്ത് നിന്ന് നീക്കാനുള്ള ശ്രമം നടത്തുന്നു. ഇത് ഭരണഘടനാ വിരുദ്ധമാണെന്നും മുരളീധരന്‍ വ്യക്തമാക്കി.

Related posts:

Leave a Reply

Your email address will not be published.