ഭരണനഷ്ടം എല്‍ഡിഎഫ് സീറ്റ് പിടിച്ചെടുത്ത് യുഡിഎഫ്, ബിജെപി സീറ്റ് പിടിച്ചെടുത്ത് സിപിഎം
1 min readകൊച്ചി: തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ എറണാകുളത്ത് ആവേശം ഏറുകയാണ്. കീരംപാറ ഗ്രാമപഞ്ചായത്തില്‍ എല്‍ ഡി എഫ് സിറ്റിംഗ് സീറ്റ് പിടിച്ചെടുത്ത് യു ഡി എഫ് അധികാരത്തിലേറുമ്പോള്‍ പറവൂര്‍ നഗരസഭയില്‍ വാണിയക്കാട് ഡിവിഷനില്‍ ബി ജെ പി സീറ്റ് പിടിച്ചെടുത്തത് സി പി എമ്മിന് ആശ്വാസമായി. എറണാകുളം കീരംപാറ ഗ്രാമപഞ്ചായത്തില്‍ ഉപ തെരഞ്ഞെടുപ്പ് നടന്ന ആറാം വാര്‍ഡില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി സാന്റി ജോസാണ് വിജയിച്ചത്. 41 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് എല്‍ ഡി എഫ് സീറ്റ് ഇവര്‍ പിടിച്ചെടുത്തത്. എല്‍ ഡി എഫിലെ റാണി റോയിയെയാണ് സാന്റി പരാജയപ്പെടുത്തിയത്.
ഇതോടെ പഞ്ചായത്തില്‍ എല്‍ ഡി എഫിന് ഭരണം നഷ്ടമാകുന്ന അവസ്ഥയാണുള്ളത്. എല്‍ ഡി എഫ് ഭരിക്കുന്ന പഞ്ചായത്തില്‍ പതിമൂന്നംഗ ഭരണസമിതിയില്‍ ആറ് വീതം അംഗങ്ങളാണ് ഇരു മുന്നണികള്‍ക്കും ഉണ്ടായിരുന്നത്. യു ഡി എഫ് വിജയിച്ചതോടെ ഏഴ് അംഗങ്ങളാകുകയും എല്‍ ഡി എഫിന് പഞ്ചായത്ത് ഭരണം നഷ്ടമാകുകയും ചെയ്യും. ആറാം വാര്‍ഡില്‍ നിന്ന് സ്വതന്ത്രയായി മത്സരിച്ച് ജയിച്ച അംഗത്തിന്റെ പിന്തുണയോടെ എല്‍ ഡി എഫ് പഞ്ചായത്ത് ഭരിക്കുമ്പോഴാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗത്തെ അയോഗ്യയാക്കി ഉത്തരവിറക്കിയത്. അതിനാലാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.
അതേസമയം എറണാകുളം പറവൂര്‍ നഗരസഭയില്‍ വാണിയക്കാട് ഡിവിഷന്‍ സി പി എം സ്ഥാനാര്‍ത്ഥി നിമിഷ ജിനേഷാണ് ബി ജെ പിയുടെ സിറ്റിംഗ് സീറ്റ് പിടിച്ചെടുത്തത്. സി പി എം സ്ഥാനാര്‍ത്ഥി നിമിഷ ജിനേഷ് 160 വോട്ടുകള്‍ക്കാണ് വിജയിച്ചത്.