സ്വകാര്യ ബസ് തടഞ്ഞ് നിര്‍ത്തി ഒന്നരക്കോടിയോളം രൂപ കവര്‍ന്ന കേസ്; പത്ത് പേര്‍ പിടിയില്‍

1 min read

വയനാട്: തിരുനെല്ലി തെറ്റ്‌റോഡില്‍ സ്വകാര്യ ബസ് തടഞ്ഞ് നിര്‍ത്തി പണം കവര്‍ന്ന കേസില്‍ രണ്ട് പേരെ കൂടി അറസ്റ്റ് ചെയ്തു. ബെംഗളൂരുവില്‍ ജോലി ചെയ്യുന്ന പാലക്കാട് സ്വദേശി പ്രശാന്ത്, കൊണ്ടോട്ടി സ്വദേശി ഷഫീഖ് എന്നിവരെയൊണ് ഇന്നലെ അറസ്റ്റ് ചെയ്തത്. ഇതോടെ സംഭവത്തില്‍ പിടിയിലായവരുടെ എണ്ണം പത്തായി. ആദ്യ 4 പ്രതികളെ കര്‍ണാടക മാണ്ഡ്യയില്‍ നിന്നും മറ്റ് 6 പേരെ കേരളത്തിലെ വിവിധ ഇടങ്ങളില്‍ നിന്നുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

ഒളിവില്‍ കഴിയുകയായിരുന്ന ഷഫീഖിനെ കമ്പളക്കാട് പൊലീസ് അതിസാഹസികമായാണ് പിടികൂടിയത്. പൊലീസിനെ കണ്ട ഉടന്‍ കടലില്‍ ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച ഷഫീഖിനെ നാട്ടുകാരുടെയും അഗ്‌നിരക്ഷാസേനയുടെയും സഹായത്തോടെയാണ് കീഴ്‌പ്പെടുത്തി കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ അഞ്ചിന് പുലര്‍ച്ചെയാണ് കേസിനാസ്പദമായ സംഭവം. സ്വകാര്യ ബസ്സിലെ യാത്രക്കാരാനായ മലപ്പുറം സ്വദേശിയില്‍ നിന്ന് 1.40 കോടി രൂപ തട്ടിയെടുത്തെന്നാണ് പരാതി.

ഒക്ടോബര്‍ 5 ന് പുലര്‍ച്ചെയാണ് 7 അംഗ സംഘം ഇന്നേവയിലെത്തി സ്വകാര്യ ബസ് യാത്രക്കാരന്റെ കൈയില്‍ നിന്നും ഒന്നരക്കോടിയോളം രൂപ കവര്‍ച്ച ചെയ്യുകയായിരുന്നു. ഇവര്‍ സഞ്ചരിച്ചിരുന്ന ഇന്നോവയില്‍ പൊലീസ് എന്നെഴുതിയ സ്റ്റിക്കറൊട്ടിച്ചിരുന്നു. ഇന്നോവയിലെത്തിയ സംഘം ബസ് തടഞ്ഞ് നിര്‍ത്തിയാണ് തിരൂര്‍ സ്വദേശിയായ യാത്രക്കാരനില്‍ നിന്നും ഒരു കോടി നാലപ്പത് ലക്ഷം രൂപ കവര്‍ന്നത്. കാറില്‍ വന്നവര്‍ കഞ്ചാവ് പിടികൂടാന്‍ വന്ന പൊലീസ് ഉദ്യോഗസ്ഥരാണെന്നാണ് മറ്റ് യാത്രക്കാരോട് പറഞ്ഞത്. ബെംഗലുരുവില്‍ നിന്ന് കോഴിക്കോടേക്ക് വരികയായിരുന്ന സ്വകാര്യ ബസിലെ യാത്രക്കാരന്റെ പണമാണ് നഷ്ടമായത്.

വയനാട് സ്വദേശികളായ സുജിത്ത്, ജോബിഷ്, എറണാകുളം സ്വദേശി ശ്രീജിത്ത് വിജയന്‍, കണ്ണൂര്‍ സ്വദേശി സക്കീര്‍ ഹുസൈന്‍ എന്നിവരെ നേരത്തെ കര്‍ണാടക മാണ്ഡ്യയില്‍ നിന്നും മാനന്തവാടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് മറ്റ് മൂന്ന് പേരെ കൂടി കണ്ടെത്താന്‍ കഴിഞ്ഞത്. മാണ്ഡ്യയില്‍ നിന്നും ക്രിമിനല്‍ സംഘത്തെ സാഹസികമായി കീഴടക്കുന്നതിനിടെ തിരുനെല്ലി സി.ഐ പി.എല്‍ ഷൈജുവിന് നേരെ കാര്‍ കയറ്റിയിറക്കാന്‍ ശ്രമമുണ്ടായി.

Related posts:

Leave a Reply

Your email address will not be published.