സുപ്രീം കോടതി വിധിയിലൂടെ ആദ്യമായി ഒരു വിസി പുറത്ത്; ചോദ്യചിഹ്നമായി മറ്റു നിയമനങ്ങളും

1 min read

തിരുവനന്തപുരം: നിയമം നടപ്പിലാക്കുന്നതില്‍ സര്‍ക്കാരിനു പറ്റിയ വീഴ്ചയാണ് സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.രാജശ്രീയുടെ നിയമനം റദ്ദാക്കുന്നതിലേക്കു നയിച്ചത്. സുപ്രീംകോടതി വിധിയിലൂടെ വിസി പുറത്താകുന്നതും കേരളത്തില്‍ ആദ്യം. സാങ്കേതിക സര്‍വകലാശാല വിസിയുടെ നിയമനം റദ്ദായതോടെ, സമാനരീതിയില്‍ സംസ്ഥാനത്ത് നടത്തിയ വിസി നിയമനങ്ങള്‍ നിയമപരമായി ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യം ഉണ്ടായിരിക്കുകയാണ്.

സാങ്കേതിക സര്‍വകലാശാലയുടെ പുതിയ വിസിയെ തിരഞ്ഞെടുക്കാന്‍ ഗവര്‍ണര്‍ സേര്‍ച് കമ്മിറ്റി രൂപീകരിക്കണം. അതുവരെ താല്‍ക്കാലികമായി ആര്‍ക്കെങ്കിലും ചുമതല നല്‍കും. മറ്റു വിസിമാര്‍ക്കോ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിക്കോ സര്‍ക്കാരിന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ഗവര്‍ണര്‍ താല്‍ക്കാലിക നിയമനം നല്‍കണം. സാങ്കേതിക സര്‍വകലാശാലയിലും കാര്‍ഷിക സര്‍വകലാശാലയിലും മാത്രമാണ് സര്‍ക്കാര്‍ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ഗവര്‍ണര്‍ നിയമനം നല്‍കുന്നത്. മറ്റുള്ള സര്‍വകലാശാലകളില്‍ യോഗ്യരായവരുടെ പട്ടിക സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചശേഷം അതില്‍നിന്ന് ഗവര്‍ണറാണ് നിയമനം നടത്തുന്നത്.

യുജിസി നിയമം അനുസരിച്ചു മാത്രമേ വിസിമാരെ നിയമിക്കാവൂ എന്ന 2016ലെ സുപ്രീംകോടതി വിധി ലംഘിച്ചതാണ് സര്‍ക്കാരിനു തിരിച്ചടിയായത്. യുജിസി ചട്ടങ്ങള്‍ക്ക് അനുസരിച്ച് സര്‍വകലാശാല ചട്ടങ്ങള്‍ ഭേദഗതി ചെയ്തില്ലെങ്കില്‍ യുജിസി നിയമം നടപ്പിലാക്കിയതായി കണക്കാക്കണമെന്ന് 2016ലെ വിധിയിലുണ്ട്. സര്‍വകലാശാല നിയമം അനുസരിച്ചാണ് സാങ്കേതിക സര്‍വകലാശാലയിലേക്കു വിസിയെ നിയമിച്ചതെന്നാണ് സര്‍ക്കാര്‍ വാദം. എന്നാല്‍, സര്‍വകലാശാല നിയമം അനുസരിച്ചും കാര്യങ്ങള്‍ നടത്തിയില്ല. സര്‍വകലാശാല നിയമം അനുസരിച്ച് മൂന്നു മുതല്‍ അഞ്ചുവരെയുള്ള പാനലാണ് ഗവര്‍ണര്‍ക്ക് നല്‍കേണ്ടത്. ആ പാനലില്‍നിന്ന് ആളെ തിരഞ്ഞെടുക്കണം.

സാങ്കേതിക സര്‍വകലാശാലയില്‍ ആറു പേരെ അഭിമുഖം നടത്തി ഒരാളുടെ പേര് ഗവര്‍ണറായിരുന്ന പി.സദാശിവത്തിനു നല്‍കുകയായിരുന്നു. യുജിസി പ്രതിനിധിയാണ് വിസിയെ തിരഞ്ഞെടുക്കാനുള്ള സേര്‍ച് കമ്മിറ്റിയില്‍ വേണ്ടത്. അതിനു പകരം എഐസിടിഇ (ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എഡ്യൂക്കേഷന്‍) പ്രതിനിധിയെയാണ് വച്ചത്. പാനലില്‍ മൂന്നു പേരുടെ പേരെങ്കിലും ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍ കോടതിയെ സമീപിച്ച കുസാറ്റിലെ പ്രഫസറും മുന്‍ ഐഎച്ച്ആര്‍ഡി ഡയറക്ടറുമായിരുന്ന ഡോ.ശ്രീജിത്തിന്റെ പേരും വരുമായിരുന്നു എന്നാണ് വിദ്യാഭ്യാസ വിദഗ്ധര്‍ പറയുന്നത്. പാനലില്‍ ഉള്‍പ്പെട്ടിരുന്നെങ്കില്‍ തനിക്ക് അവസരം ലഭിക്കുമായിരുന്നു എന്നാണ് ഡോ.ശ്രീജിത്തിന്റെ വാദം.

ഇതേ കാര്യമാണ് സംസ്‌കൃത സര്‍വകലാശാലയിലും നടന്നത്. അഭിമുഖം നടത്തി ഒറ്റപേരാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കൈമാറിയത്. യോഗ്യനായ ഒരാളുടെ പേരുമാത്രമേ നല്‍കാനുള്ളോ എന്നും മറ്റുള്ള സര്‍വകലാശാലകളില്‍ ഒഴിവു വന്നാല്‍ എന്തു ചെയ്യുമെന്നും ഗവര്‍ണര്‍ ചോദിച്ചിരുന്നു. സര്‍ക്കാര്‍ അഭ്യര്‍ഥിച്ചപ്പോള്‍ രണ്ടു മാസത്തിനുശേഷം ഗവര്‍ണര്‍ അംഗീകാരം നല്‍കി. ഫിഷറീസ് സര്‍വകലാശാലയിലെ വിസി നിയമന കേസ് അടുത്തയാഴ്ച കോടതിയുടെ പരിഗണനയ്ക്കു വരികയാണ്. അവിടെയും ഒരാളുടെ പേരാണ് ഗവര്‍ണര്‍ക്കു നല്‍കിയത്.

സര്‍ക്കാര്‍ അഭ്യര്‍ഥിച്ചതിനെ തുടര്‍ന്ന് കണ്ണൂര്‍ വിസിക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പുനര്‍നിയമനം കൊടുത്തിരുന്നു. കണ്ണൂര്‍ വിസിയെ നിയമിക്കുമ്പോഴും ഒറ്റപേരാണ് ഗവര്‍ണര്‍ക്കു കൊടുത്തത്. എംജി സര്‍വകലാശാല വിസിയെയും കേരള സര്‍വകലാശാല വിസിയെയും നിയമിക്കുന്നതിനും ഒറ്റ പേരാണ് നല്‍കിയത്. സുപ്രീംകോടതി ജസ്റ്റിസായിരുന്ന പി.സദാശിവമാണ് സാങ്കേതിക സര്‍വകലാശാല വിസിയെ നിയമിച്ചതെന്നും നിയമപരമായ പ്രശ്‌നം പ്രഥമ ദൃഷ്ട്യാ കാണുന്നില്ലെന്നുമായിരുന്നു ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദുവിന്റെ പ്രതികരണം.

Related posts:

Leave a Reply

Your email address will not be published.