ആരും ഒറ്റ ദിവസം കൊണ്ട് വിപ്ലവം ഉണ്ടാക്കിയിട്ടില്ല’; സമസ്തയ്ക്ക് വിമര്‍ശനവുമായി പി കെ കുഞ്ഞാലിക്കുട്ടി
1 min readകോഴിക്കോട്: സി ഐ സിയുടെ വാഫി വഫിയ്യ സനദ് ദാന സമ്മേളനത്തില്‍ സമസ്തക്ക് പരോക്ഷ വിമര്‍ശനവുമായി മുസ്ലീംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. പാണക്കാട് കുടുംബവും, സമസ്തയും പണ്ഡിതരുമെല്ലാം ചേര്‍ന്നാണ് സാമൂഹിക നവോത്ഥാനം ഉണ്ടാക്കിയതെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പരാമര്‍ശം. ആരും ഒറ്റ ദിവസം കൊണ്ട് വിപ്ലവം ഉണ്ടാക്കിയിട്ടില്ലെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. സമസ്തയുടെ വിലക്ക് നിലനില്‍ക്കേ പാണക്കാട് കുടുംബത്തിലെ പ്രമുഖര്‍ സനദ് ദാന സമ്മേളനത്തില്‍ ഉടനീളം പങ്കെടുക്കുത്തതും ശ്രദ്ധേയമായി.
പോഷക സംഘടനാ നേതാക്കള്‍ സി ഐ സിയുടെ കോഴിക്കോട് നടക്കുന്ന വാഫി വഫിയ്യ സനദ് ദാന സമ്മേളനത്തില്‍ നിന്നും വിട്ടു നില്‍ക്കണമെന്നായിരുന്നു സമസ്ത ആവശ്യപ്പെട്ടത്. ഇതിനിടയിലാണ് സമ്മേളന വേദിയില്‍ വെച്ച് തന്നെ സമസ്തയെ പി കെ കുഞ്ഞാലിക്കുട്ടി പരോക്ഷമായി വിമര്‍ശിച്ചത്. നവോത്ഥാനത്തിനായി എല്ലാവരും അണിനിരന്നിട്ടുണ്ടെന്ന് പറഞ്ഞ കുഞ്ഞാലിക്കുട്ടി നവമാധ്യമങ്ങള്‍ ഉപയോഗിക്കേണ്ടത് ഐക്യത്തിന് വേണ്ടിയാകണമെന്നും ഓര്‍മ്മിപ്പിച്ചു.
സമസ്തയുടെ വിലക്ക് ലംഘിച്ച് പാണക്കാട് കുടുംബത്തിലെ പ്രമുഖരെല്ലാം തന്നെ സമ്മേളനത്തിനെത്തി. വൈകിട്ട് നടന്ന സനദ് ദാന പരിപാടിയിലാണ് എസ് വൈ എസ് പ്രസിഡന്റ് കൂടിയായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും, റഷീദലി തങ്ങളും, അബ്ബാസ് അലി തങ്ങളും പങ്കെടുത്തത്. സമസ്തയുടെ വിദ്യാര്‍ത്ഥി സംഘടനയായ എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡ!ന്റ് ഹമീദലി തങ്ങള്‍ കാലത്ത് തന്നെ സമ്മേളന വേദിയിലെത്തിയിരുന്നു. എന്നാല്‍ ആരും സമസ്തക്കെതിരെ വിമര്‍ശനം ഉന്നയിച്ചില്ല. ഇസ്ലാമിക കോളേജുകളില്‍ നിര്‍ദേശിച്ച മാറ്റങ്ങളുള്‍പ്പെടെ നടപ്പാക്കാത്തതിനെച്ചൊല്ലിയായിരുന്നു സമസ്ത സി ഐ സിയുമായി ഇടഞ്ഞത്.
അതേസമയം, വിലക്ക് ലംഘിച്ച് പാണക്കാട് സാദിഖലി തങ്ങളുള്‍പ്പെടെ സി ഐസി പരിപാടിയില്‍ പങ്കെടുത്തതില്‍ കടുത്ത അമര്‍ഷത്തിലാണ് സമസ്ത. സി ഐ സിയുടെ അഫിലിയേഷനില്‍ നിന്നും സമസ്തക്ക് സ്വാധീനമുള്ള കോളേജുകളെ പിന്‍വലിപ്പിക്കാനും അവര്‍ ആലോചിക്കുന്നുണ്ട്.