എല്‍ദോസിന്റെ ഓഫീസിലെ ലഡു വിതരണത്തില്‍ അസ്വാഭാവികതയില്ല; കെ മുരളീധരനെ തള്ളി വിഡി സതീശന്
1 min read
കൊച്ചി: ബലാത്സംഗ കേസിലെ പ്രതിയായ എല്‍ദോസ് കുന്നപ്പിള്ളിലിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചപ്പോള്‍ പെരുമ്പാവൂരിലെ എം എല്‍ എയുടെ ഓഫീസില്‍ ലഡു വിതരണം ചെയ്തിരുന്നു. കെ മുരളീധരന് എംപി ഇതിനെതിരെ ഇന്ന് രംഗത്ത് വന്നിരുന്നു. എന്നാല്‍ മുരളിയുടെ നിലപാട് തള്ളി പ്രതിപക്ഷ നേതാവ് വിഡി സതീശന് രംഗത്തെത്തി. എംഎല്‍എ ഓഫീസിലെ ലഡു വിതരണത്തില്‍ അസ്വാഭാവികതയില്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
ജാമ്യം ലഭിച്ചതിലെ സന്തോഷം കാരണമാകും ലഡു വിതരണം നടത്തിയത്. അതില്‍ അസ്വാഭാവികതയില്ല. എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ പാര്‍ട്ടി നടപടി ഇന്ന് പ്രഖ്യാപിക്കും. ജാമ്യം ലഭിച്ചതും വിശദീകരണവും പരിഗണിച്ചായിരിക്കും നടപടിയെന്നും വിഡി സതീശന് വ്യക്തമാക്കി.
ബലാത്സംഗ കേസില്‍ പ്രതിയായ എല്‍ദോസ് കുന്നപ്പിള്ളിലിനെതിരായ കെപിസിസി നടപടി വൈകിയെന്ന് കെ മുരളീധരന് എംപി കുറ്റപ്പെടുത്തി. ഇന്നോ നാളെയോ കെ പി സി സി യുടെ നടപടിയുണ്ടാകും. എം എല്‍ എ ഓഫീസില്‍ ലഡു വിതരണമൊക്കെ അന്തിമ വിധി കഴിഞ്ഞിട്ടാകുന്നതാണ് നല്ലതെന്നും അദ്ദേഹം പരിഹസിച്ചു.