കോര്‍ കമ്മിറ്റി അംഗത്വം തുടക്കം മാത്രം? സുരേഷ് ഗോപിയില്‍ പ്രതീക്ഷയര്‍പ്പിച്ച് കേന്ദ്രനേതൃത്വം
1 min readതിരുവനന്തപുരം: ബിജെപി കോര്‍ കമ്മിറ്റിയിലേക്ക് സുരേഷ് ഗോപിയെ കൊണ്ടു വരുന്നതിലൂടെ സംസ്ഥാന ബിജെപിയില്‍ മാറ്റങ്ങള്‍ക്ക് കൂടിയാണ് കേന്ദ്രനേതൃത്വം തുടക്കമിടുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. സുരേഷ് ഗോപിയെ ബിജെപി സംസ്ഥാന അധ്യക്ഷനാക്കാന്‍ നേരത്തെ തന്നെ ദേശീയ നേതൃത്വം ശ്രമം നടത്തിയിരുന്നു. അമിത് ഷാ തന്നെ പലതവണ ഇക്കാര്യത്തില്‍ മുന്‍കൈയ്യെടുത്തെങ്കിലും തനിക്ക് സിനിമകളില്‍ സജീവമാകണമെന്ന് പറഞ്ഞ് താരം പിന്മാറുകയായിരുന്നു.
എന്തായാലും സുരേഷ് ഗോപിയുടെ ജനപ്രീതി പരമാവധി ഉപയോഗപ്പെടുത്താന്‍ പാര്‍ട്ടി തീരുമാനിച്ചതിന്റെ ഭാഗമായാണ് ഇപ്പോള്‍ അദ്ദേഹത്തെ കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താനുള്ള പുതിയ തീരുമാനം വന്നിരിക്കുന്നത്. സാധാരണ നിലയില്‍ ബിജെപി സംസ്ഥാന അധ്യക്ഷനും മുന്‍ അധ്യക്ഷന്മാരും ജനറല്‍ സെക്രട്ടറിമാരും മാത്രമാണ് പാര്‍ട്ടിയുടെ ഉന്നത ഘടകമായ കോര്‍ കമ്മിറ്റിയിലെ അംഗങ്ങളായി വരാറുള്ളത്. ആ പതിവ് തെറ്റിച്ചത് തന്നെ സുരേഷ് ഗോപിക്ക് തുടര്‍ന്നും ഔദ്യോഗിക ചുമതലകള്‍ നല്‍കാനുള്ള കേന്ദ്രനേതൃത്വത്തിന്റെ നീക്കങ്ങളുടെ ഭാഗമായാണ്. അടുത്തിടെ കേന്ദ്ര നേതൃത്വം സംസ്ഥാനത്ത് നടത്തിയ രഹസ്യസര്‍വ്വെയിലും സുരേഷ് ഗോപി നയിച്ചാല്‍ നേട്ടമുണ്ടാകുമെന്നായിരുന്നു റിപ്പോര്‍ട്ടെന്നാണ് സൂചന.
നിലവിലെ ബിജെപി സംസ്ഥാന അധ്യക്ഷനായ കെ.സുരേന്ദ്രന് ആ പദവിയില്‍ ഡിസംബര്‍ വരെ കാലാവധിയുണ്ട്. ലോക്സഭാ തെര!ഞ്ഞെടുപ്പ് അടുത്തു വരുമ്പോള്‍ കോര്‍ കമ്മിറ്റി അംഗത്വത്തിനപ്പുറം സുരേഷ് ഗോപിക്ക് പുതിയ റോളുകള്‍ കൂടി ലഭിക്കുമോ എന്നാണ് ഇനി അറിയേണ്ടത്. സുരേഷ് ഗോപിയുടെ രാജ്യസഭാ അംഗത്വമടക്കം എല്ലാ പദവികളിലും തീരുമാനമെടുത്തത് പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത് ഷായുമാണ്. ഇക്കാര്യത്തില്‍ സംസ്ഥാന നേതൃത്വത്തോടെ അഭിപ്രായം ആരായുകയോ ചര്‍ച്ചകള്‍ നടത്തുകയോ ചെയ്തിട്ടില്ല. സുരേഷ് ഗോപിയുമായി ബന്ധപ്പെട്ട പല തീരുമാനങ്ങളും ദില്ലിയില്‍ നിന്നും പുറത്തു വരുമ്പോള്‍ മാത്രമാണ് സംസ്ഥാന നേതാക്കള്‍ അറിയാറുള്ളത്.