കേരളത്തിന്റെ പദ്ധതികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ നോര്‍വീജിയന്‍ ജിയോ ടെക്‌നികല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്

1 min read

തിരുവനന്തപുരം: കേരളത്തിലെ വിവിധ പദ്ധതികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ നോര്‍വീജിയന്‍ ജിയോ ടെക്‌നികല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്. പ്രകൃതിക്ഷോഭങ്ങളെ നേരിടല്‍, വയനാട് തുരങ്കപ്പാത നിര്‍മ്മാണം, തീരശോഷണം തടയല്‍ എന്നീ മേഖലകളില്‍ കേരളവുമായി സഹകരിച്ചു പ്രവര്‍ത്തിക്കാനാണ് നോര്‍വീജിയന്‍ ജിയോ ടെക്‌നികല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് താത്പര്യം പ്രകടിപ്പിച്ചത്. വിവിധ മേഖലകളിലെ വിദഗ്ധരുടെ സംഘത്തെ കേരളത്തിലേക്ക് അയക്കാമെന്ന് നോര്‍വെയിലെ ദേശീയ ദുരന്ത നിവാരണ മേഖലയിലെ വിദഗ്ധന്‍ ഡൊമനിക് ലെയ്ന്‍ ഉറപ്പു നല്‍കി.

ഇന്ത്യന്‍ റെയില്‍വേക്ക് തുരങ്കപ്പാത നിര്‍മ്മാണത്തില്‍ ഇവരുടെ സാങ്കേതിക സഹകരണം നിലവില്‍ ലഭിക്കുന്നുണ്ട്. ഏഴു കിലോമീറ്റര്‍ ആഴത്തിലെ പാറയുടെ സ്വഭാവത്തെ മനസ്സിലാക്കുന്നതിനുള്ള നോര്‍വീജയന്‍ സാങ്കേതിക വിദ്യയാണ് ലഡാക്കില്‍ ഉപയോഗിക്കുന്നത്. ഇത് മനസിലാക്കിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വയനാട്ടില്‍ സര്‍ക്കാര്‍ നിര്‍മ്മിക്കാന്‍ ആലോചിക്കുന്ന തുരങ്കപ്പാതയുടെ നിര്‍മ്മാണത്തില്‍ നോര്‍വീജിയന്‍ ജിയോ ടെക്‌നികല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സാങ്കേതിക ഉപദേശം സഹായകരമായിരിക്കുമെന്ന് സൂചിപ്പിച്ചത്. മണ്ണിടിച്ചിലിനുള്ള സാധ്യത മുന്‍കൂട്ടി മനസ്സിലാക്കാനുള്ള സാങ്കേതിക വിദ്യ വിവിധ രാജ്യങ്ങളില്‍ എന്‍ജിഐ വിജയകരമായി നടപ്പിലാക്കുന്നുണ്ട്. ഇന്ത്യയില്‍ നിരവധി കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളുമായി എന്‍ജിഐ സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. തീര ശോഷണത്തിന്റെ കാര്യത്തിലും ആധുനികവും സ്വാഭാവികവുമായ പരിഹാര മാര്‍ഗ്ഗങ്ങള്‍ ഇവര്‍ കണ്ടെത്തിയിട്ടുണ്ട്.

കേരളത്തില്‍ സമീപകാലത്തുണ്ടായ പ്രകൃതി ദുരന്തങ്ങള്‍ വിശദീകരിച്ച മുഖ്യമന്ത്രി എന്‍ജിഐ യുടെ പദ്ധതികള്‍ കേരളത്തിനു സഹായകരമാകും എന്ന് ചൂണ്ടികാട്ടി. പ്രളയ മാപ്പിങ്ങിലും ആവശ്യമായ സാങ്കേതിക ഉപദേശം നല്‍കാമെന്ന് എന്‍ജിഐ വ്യക്തമാക്കി. വിദഗ്ധരുടെ കേരള സന്ദര്‍ശനത്തിനു ശേഷം സര്‍വ്വകലാശാലകളും ഗവേഷണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന കാര്യം പരിഗണിക്കാമെന്ന് ഡൊമനിക് ലെയ്ന്‍ വ്യക്തമാക്കി. സാങ്കേതിക വിദഗ്ദനും ഇന്ത്യന്‍ വംശജനുമായ രാജേന്ദ്രകുമാര്‍ ഉള്‍പ്പെടെ ആറംഗ സംഘമാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.

Related posts:

Leave a Reply

Your email address will not be published.